| Wednesday, 30th April 2014, 11:09 am

വയനാട്ടില്‍ ഭൂസമരക്കാരെ ഒഴിപ്പിച്ച സ്ഥലം ഹാരിസണിന്റേതല്ലെന്ന് രേഖകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] മാനന്തവാടി: വയനാട്ടില്‍ ഭൂസമരക്കാരെ ഒഴിപ്പിച്ച സ്ഥലം ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റേതല്ലെന്ന് രേഖകള്‍..  ഭൂസമരക്കാരും കുടുംബങ്ങളും കഴിഞ്ഞിരുന്നത് വനം വകുപ്പ് വിജ്ഞാപനം ചെയ്ത സ്ഥലത്തായിരുന്നു.

ഹൈക്കോടതി ഉത്തരവ് റവന്യൂ വകുപ്പ് തെറ്റായി വ്യാഖ്യാനിച്ചെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. കുടിയൊഴിപ്പിക്കേണ്ടത് സി.പി.ഐ.എം പ്രവര്‍ത്തകര്‍ കൈയ്യേറിയ സ്ഥലമാണെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്.

ഹാരിസണ്‍ മലയാളം ലിമിറ്റഡ് സമര്‍പ്പിച്ച ഹരജിയില്‍ കഴിഞ്ഞ ജനുവരി 29 നായിരുന്നു ഹൈക്കോടതി വിധി. തങ്ങളുടെ ഭൂമിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ നേതൃത്യത്തില്‍ ഭൂമി കൈയ്യേറിയിട്ടുണ്ടെന്നും ഇവരെ ഒഴിപ്പിക്കണമെന്നുമായിരുന്നു ഹാരിസണിന്റെ പരാതി. ഇതേത്തുടര്‍ന്ന് ഇവരെ ഏപ്രില്‍ 30ന് മുന്‍പായി കുടിയൊഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

1965 മുതല്‍ തന്നെ ഈ പ്രദേശത്ത് ആളുകള്‍ താമസിക്കുന്നുണ്ട്. ഇവരിലേറെയും ഹാരിസണ്‍ ലിമിറ്റഡിലെ തൊഴിലാളികളാണ്. തെറ്റ് പറ്റിയെന്ന് റവന്യൂ പോലീസ് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ടെങ്കിലും ഇത് എങ്ങനെ സംഭവിച്ചെന്നതിന് വ്യക്തതയില്ല. അതേ സമയം കളക്ടറുമായി കൂടിക്കാഴ്ച നടത്തി കുടില്‍ കെട്ടലുമായി മുന്നോട്ട് പോകുമെന്നാണ് ഭൂസമര സമിതിയുടെ തീരുമാനം.

ഇന്നലെയാണ് വൈത്തിരി താലൂക്കിലെ നെടുമ്പാല, അരിപ്പറ്റ എന്നീ പ്രദേശങ്ങളില്‍ നിന്നായിരുന്നു കുടുംബങ്ങളെ കുടിയൊഴിപ്പിച്ചിരുന്നത്. എന്നാല്‍ കുടിഴൊപ്പിക്കുന്ന സ്ഥലം ഹാരിസണിന്റേതല്ലെന്ന മാധ്യമ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെച്ചിരുന്നു. ഏഴോളം കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കലിനെത്തുടര്‍ന്ന് പെരുവഴിയിലായത്.

We use cookies to give you the best possible experience. Learn more