കോഴിക്കോട്: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ മാനേജ്‌മെന്റുകള്‍ സ്‌പെഷ്യല്‍ ഫീസ് കൊള്ള നടത്തുന്നതായി റിപ്പോര്‍ട്ട്. അംഗീകാരമുള്ളതും അംഗീകാരം ഇല്ലാത്തതുമായ ചില അണ്‍എയ്ഡഡ് സ്‌കൂളുകള്‍ സ്പെഷ്യല്‍ ഫീസ് എന്ന പേരില്‍ 5000 രൂപ മുതല്‍ 10000 രൂപവരെ ഓരോ വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്.
10000 രൂപ മുതല്‍ വാര്‍ഷിക ട്യൂഷന്‍ ഫീസിന് പുറമെയാണ് സ്‌പെഷ്യല്‍ ഫീസ് സ്‌കൂളുകള്‍ ഈടാക്കുന്നത്. വര്‍ഷത്തില്‍ മൂന്ന് തവണയായി അല്ലാത്ത ഫീസും ഈടാക്കും. സ്പെഷ്യല്‍ ഫീസ് എന്നാണ് പറയുന്നതെങ്കിലും ജനറല്‍ ഫീസ് എന്ന് എഴുതിയാണ് രസീതി നല്‍കുന്നതെന്ന് ഒരു രക്ഷിതാവ് പറഞ്ഞു.
എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കേരള സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ബോര്‍ഡ് പ്രസിഡന്റ് അഡ്വ. ടി.പി.എം ഇബ്രാഹിം ഖാന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
“” സി.ബി.എസ്.സി റൂള്‍ പ്രകാരം ഓരോ സ്‌കൂളിനും അവരുടെ ഫെസിലിറ്റി അനുസരിച്ച് എത്ര ഫീസ് ഈടാക്കാം എന്ന ഒരു നിയമം ഉണ്ട്. അഡ്മിഷന്‍ നേടാനും നേടാതിരിക്കാനും രക്ഷിതാക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടല്ലോ? അതുകൊണ്ട് ഒരു കാരണവശാലും അനിയന്ത്രിതമായി ഒരു സ്‌കൂളുകളും ഫീസ് വാങ്ങിക്കില്ല””- അദ്ദേഹം പറയുന്നു.
അതേസമയം ഫീസുകള്‍ ഓണ്‍ലൈനായി അടക്കണമെന്ന സി.ബി.എസ്.സി നിര്‍ദേശം സ്‌പെഷ്യല്‍ ഫീസിന്റെ കാര്യത്തില്‍ പല സ്‌കൂളുകളും പാലിക്കാറില്ലെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ ഇനത്തിലെ വരുമാനത്തിന്റെ പകുതിയും ചിലവഴിക്കുന്നതെന്നാണ് മാനേജുമെന്റുകള്‍ പറയുന്നത്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളാണെങ്കിലും ചില സ്‌കൂളുകള്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിനും സ്‌പെഷ്യല്‍ ഫീസ് എന്ന പേരില്‍ തുക ഈടാക്കുന്നുണ്ട്.- ഇവര്‍ പറയുന്നു.
സ്‌പെഷ്യല്‍ ഫീസുമായി ബന്ധപ്പെട്ട പരാതി ലഭിച്ചാല്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സ്‌കൂളുകളിലെത്തി അന്വേഷണം നടത്താറാണ് പതിവ്. ഇതിന്റെ റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ക്ക് അയക്കുയും ചെയ്യും. എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ കാരണം പലപ്പോഴും നടപടികള്‍ ഉണ്ടാകാറില്ലെന്നാണ് ചിലര്‍ സാക്ഷ്യപ്പെടുത്തുന്നത്.
എന്നാല്‍ സ്‌പെഷ്യല്‍ ഫീസ് വാങ്ങാതെ സ്‌കൂള്‍ നടത്താന്‍ ബുദ്ധിമുട്ടാണെന്ന് ചില സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ പ്രതികരിക്കുന്നു.
“” നാല് ടേമിലും ട്യൂഷന്‍ ഫീസ് വാങ്ങാത്തതുകൊണ്ടാണ് ചിലര്‍ സ്‌പെഷ്യല്‍ ഫീസ് വാങ്ങുന്നത്. സ്‌പെഷ്യല്‍ ഫീസ് വാങ്ങുന്ന സ്‌കൂളുകള്‍ മൂന്ന് ടേം മാത്രമാവാം ട്യൂഷന്‍ഫീസ് വാങ്ങുന്നത്. “”- പേര് വെളിപ്പെടുത്താനാഗ്രഹിക്കരുതെന്ന നിബന്ധനയോടെ സി.ബി.എസ്.സി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രതികരിക്കുന്നു.
അതേസമയം വേനലവധി കാലയളവില്‍ പോലും ഫീസ് വാങ്ങുന്നുണ്ടെന്നും ഒരു വര്‍ഷത്തേക്ക് നാല് ടേമായിട്ടാണ് ഫീസ് ഈടാക്കുന്നതെന്നും സി.ബി.എസ്.സി വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവായ രജീഷ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു. “”ഒരുവര്‍ഷം നാല് ടേമായാണ് തുക വാങ്ങുന്നത്. 4500 രൂപ വെച്ചാണ് ഓരോ ടേമിലും ഫീസ് ഈടാക്കുന്നത്. സ്‌പെഷ്യല്‍ഫീസ് എന്ന പേരില്‍ തുക വാങ്ങുന്നില്ല എന്ന് മാത്രമേയുള്ളൂ- ഇവര്‍ പറയുന്നു.
എന്നാല്‍ തങ്ങളുടെ സ്‌കൂളുകളിലൊന്നും അത്തരത്തില്‍ അമിത ഫീസ് ഈടാക്കില്ലെന്നും ഓരോ സ്‌കൂളുകള്‍ക്കും ഓരോ രീതിയിലാണ് തുക ഈടാക്കുന്നതെന്നും ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സിങ് പ്രൈവറ്റിങ് സ്‌കൂള്‍ അസോസിയേഷന്‍ ഭാരവാഹി ഷിബു ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
“”ഓരോ പ്രൈവറ്റ് സ്‌കൂളും ഈടാക്കുന്ന തുക വ്യത്യസ്തമാണ്. ഏത് സ്‌കൂളുകളാണ് അത്തരത്തില്‍ അമിത ഈടാക്കുന്നതെന്ന് അറയില്ല. വിഷയത്തില്‍ കൂടുതലൊന്നും പറയാനില്ല-അദ്ദേഹം പ്രതികരിച്ചു.
അനധികൃത ഫീസുകള്‍ വാങ്ങരുതെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായി ഓള്‍ കേരള പ്രൈവറ്റ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ ഒളവണ്ണയും പ്രതികരിച്ചു.
അണ്‍എയ്ഡഡ് സ്‌കൂളുകളിലെ പാഠപുസ്തക കച്ചവടത്തിനെതിരെയും അടുത്തിടെ ചില പരാതികള്‍ ഉയര്‍ന്നിരുന്നു. സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങള്‍ക്ക് ഈടാക്കുന്നത് വലിയ തുകയാണെന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഒന്നാം ക്ലാസിലെ പാഠപുസ്തകത്തിന് പോലും 2000 രൂപയിലധികം നല്‍കണം. പ്രസാധകര്‍ പുസ്തകങ്ങള്‍ക്ക് തോന്നിയ പോലെ വിലയിടുകയാണെന്ന് ചില രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷനല്‍ ആന്‍ഡ് ട്രെയിനിങ്ങിന്റെ (എന്‍.സി.ആര്‍.ടി) പുസ്തകങ്ങള്‍ മാത്രമേ സ്‌കൂളുകളില്‍ വിതരണം ചെയ്യാന്‍ പാടുള്ളൂ എന്ന് സി.ബി.എസ്.ഇ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ പല സ്‌കൂളുകളും ഈ നിര്‍ദേശം പാലിക്കുന്നില്ല.
എന്നാല്‍ പുസ്തവിതരണവുമായി ബന്ധപ്പെട്ടുള്ള ആരോപണം തെറ്റിദ്ധാരണജനകമാണെന്ന് ഇബ്രാഹിം ഖാന്‍ പറയുന്നു.”” എന്‍.സി.ആര്‍.ടി പുസ്തകങ്ങള്‍ നിര്‍ബന്ധമാക്കണമെന്ന് സി.ബി.എസ്.സി റീജ്യണല്‍ ഓഫീസര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ നിര്‍ദേശം ദല്‍ഹി ഹൈക്കോടതി തന്നെ സ്‌റ്റേ ചെയ്തിട്ടുണ്ട്.
എന്‍.സി.ആര്‍.ടി ടെക്സ്റ്റ് പുസ്തകങ്ങളില്‍ ഡിസ്‌ക്രിപ്ഷന്‍ പോര എന്ന് രക്ഷിതാക്കള്‍ക്കൊക്കെ അഭിപ്രായമുണ്ട്. എന്നാല്‍ സ്വാകാര്യ പ്രസാദകരുടെ പുസ്തകങ്ങളില്‍ കൂടുതല്‍ ഡിസ്‌ക്രിപ്ഷനുകളും എക്‌സര്‍സൈസും എല്ലാം ഉള്ളതാണ്. അതിന് പണം കൂടുതലായിരിക്കും. മറ്റേത് സര്‍ക്കാര്‍ അടിക്കുന്നതല്ലേ. അല്ലാതെ അതില്‍ ഒരു കാരണവശാലും മാനേജ്‌മെന്റിന് ഒരു റോളും ഇല്ല. ഇതിന്റെ പിന്നില്‍ ആരാണെന്നാല്‍ ഈ സ്‌കൂളുകളില്‍ അഡ്മിഷന്‍ കുറഞ്ഞു കഴിഞ്ഞാല്‍ ആ കുട്ടികള്‍ സ്റ്റേറ്റ് സ്‌കൂളിലേക്ക് പോകുമെന്നുള്ളത് കൊണ്ടും 90000 ത്തോളം അധ്യാപകര്‍ ജോലിയില്ലാതെ നില്‍ക്കുന്നതുകൊണ്ടും ഒരു ലോബി പ്രവര്‍ത്തിക്കുകയാണ്. ഒരു സി.ബി.എസ്.സി സ്‌കൂളിനും തോന്നിയത് പോലെ ഫീസ് ഈടാക്കാന്‍ കഴിയില്ല- അദ്ദേഹം പ്രതികരിക്കുന്നു.