'എന്റെ കൂടി വിയര്‍പ്പാണ് ഈ നഗരത്തിന് ഇന്ന് കാണുന്ന സൗന്ദര്യം. എന്നിട്ടും എനിക്ക് സ്വന്തമായി ഒരു പിടി മണ്ണോ സ്വസ്ഥമായി കിടന്നുറങ്ങാന്‍ ഒരു വീടോ ഇല്ല. നാളെ എനിക്ക് ജോലിക്ക് പോകാന്‍ സാധിക്കാതായാല്‍ പിന്നീടെങ്ങനെ ജീവിക്കുമെന്നറിയില്ല. പതിറ്റാണ്ടുകളോളം ഈ നഗരത്തിന്റെ അഴുക്കുകളില്‍ ജോലി ചെയ്തിട്ടും ഒരസുഖം വന്നാല്‍ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിക്കാന്‍ പോലും പലപ്പോഴും കയ്യില്‍ പണമുണ്ടാകാറില്ല'
കോഴിക്കോട് കോര്‍പറേഷന് കീഴിലെ ഹരിത കര്‍മസേനയില്‍ ശുചീകരണ തൊഴിലാളിയായ വനജയുടെ ഒരു ദിവസം ആരംഭിക്കുന്നത് പുലര്‍ച്ചെ നാല് മണിക്കാണ്. ഭര്‍ത്താവും മക്കളുമടങ്ങുന്ന കുടുംബാംഗങ്ങള്‍ക്ക് രാവിലെയും ഉച്ചയ്ക്കുമായി കഴിക്കാനുള്ള മുഴുവന്‍ ഭക്ഷണവും തയ്യാറാക്കി മേശപ്പുറത്ത് വെച്ചതിന് ശേഷം 8 കിലോമീറ്ററിനപ്പുറത്തുള്ള നഗരമധ്യത്തിലെ ജോലി സ്ഥലത്ത് ബസ് മാര്‍ഗമെത്തണം. 6.30 ന് ജോലിയാരംഭിക്കും. യൂണിറ്റിലെ അംഗങ്ങളോടൊപ്പം തങ്ങളുടെ പ്രദേശ പരിധിയിലുള്ള വീടുകളിലെല്ലാം ചെന്ന് ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം തരംതിരിച്ച് ശേഖരിക്കണം. ശേഷം മാലിന്യങ്ങള്‍ കോര്‍പറേഷന്റെ മാലിന്യ സംഭരണ വാഹനത്തില്‍ സംസ്‌കരണശാലയിലെത്തിച്ചാലാണ് ജോലി അവസാനിക്കുക.
ഉച്ചയ്ക്ക് രണ്ട് മണിയോടെ തിരികെ വീട്ടിലേക്ക്. ശേഷം രാത്രി വൈകുന്നത് വരെ വീട്ടുജോലികളിലാണ്. ലോക്ഡൗണില്‍ കടകള്‍ അടഞ്ഞതോടെ ജോലി നഷ്ടപ്പെട്ട, സെയില്‍സ്മാന്‍ ആയിരുന്ന ഭര്‍ത്താവ് മുഴുവന്‍ സമയവും വീട്ടില്‍ തന്നെയാണ്. സ്‌കൂളില്‍ പഠിക്കുന്ന രണ്ട് കുട്ടികളുമുണ്ട്. ഇവരുടെ വസ്ത്രങ്ങള്‍ അലക്കണം, വീട് വൃത്തിയാക്കണം, ഭക്ഷണം ഉണ്ടാക്കണം, ഭര്‍ത്താവിനും കുട്ടികള്‍ക്കും വേണ്ട മറ്റ് കാര്യങ്ങളെല്ലാം നോക്കണം. ജോലി കഴിഞ്ഞ് തിരിച്ചെത്താന്‍ വൈകുന്നുവെന്ന് പറഞ്ഞ് ഭര്‍ത്താവില്‍ നിന്നുള്ള പീഡനങ്ങളും ശകാരങ്ങളും വേറെയും. രാത്രി ഏറെ വൈകി മാത്രമേ കിടക്കാന്‍ സാധിക്കൂ.
ഭര്‍ത്താവിന്റെ ജോലി നഷ്ടമായതോടെ വനജയുടെ വരുമാനം കൊണ്ട് മാത്രമാണ് കുടുംബം മുന്നോട്ടുപോകുന്നത്. പ്രതിമാസം ലഭിക്കുന്ന പതിനായിരം രൂപയുടെ പകുതി വീട്ടുവാടകയായി നല്‍കണം. ബാക്കി വരുന്ന തുക കൊണ്ടാണ് നാല് പേരടങ്ങുന്ന കുടുബം ജീവിക്കുന്നത്. മറ്റൊരു ഗതിയുമില്ലാത്തതിനാലാണ് ഈ മഹാമാരിക്കാലത്തും അപകടം പിടിച്ച ഈ ജോലിക്ക് പോകുന്നത് എന്നാണ് വനജ പറയുന്നത്.
കോഴിക്കോട് നഗരത്തിലെ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ ശുചീകരണത്തൊഴിലാളികളുടെയും ജീവിതം സമാനമായ ദുരിതങ്ങള്‍ നിറഞ്ഞതാണ്. ജീവിക്കാന്‍ മറ്റൊരു വഴിയുമില്ലാത്തതിനാല്‍ മാലിന്യങ്ങള്‍ പേറാന്‍ വിധിക്കപ്പെട്ടവര്‍. ‘പെറുക്കികളെ’ന്ന പൊതുസമൂഹത്തിന്റെ അവഹേളന വിളികള്‍ സഹിച്ച്, മാലിന്യ ജീവിതം സമ്മാനിക്കുന്ന രോഗങ്ങളോട് ചെറുത്തുനിന്ന്, പ്രതിമാസം ലഭിക്കുന്ന തുച്ഛ ശമ്പളത്തില്‍ കുടുബം പോറ്റാനായി പെടാപ്പാട് പെടുന്നവര്‍.
വര്‍ഷങ്ങളോളം ജോലി ചെയ്തിട്ടും സമൂഹത്തിന്റെ അവഗണനയും പ്രാരാബ്ദങ്ങളും രോഗപീഢകളും മാത്രം ബാക്കിയായതിന്റെ കഥകളാണ് മിക്കവര്‍ക്കും പറയാനുള്ളത്. മഹാമാരിക്കാലത്ത് അങ്ങേയറ്റം അപകടകരമായ രീതിയില്‍ ജോലി ചെയ്യുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് യാതൊരുവിധ പരിഗണനയും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ശുചീകരണ തൊഴിലാളികള്‍ ഒന്നടങ്കം കുറ്റപ്പെടുത്തുന്നത്.
24ാമത്തെ വയസ്സിലാണ് കോഴിക്കോട് കാളൂര്‍ റോഡിലെ മിനി ശുചീകരണത്തൊഴിലിലെത്തുന്നത്. 15 വര്‍ഷത്തോളം ഒരേ തൊഴില്‍ ചെയ്തു. 2014 ല്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വൈദ്യപരിശോധന നടത്തിയപ്പോഴാണ് വയറ്റില്‍ ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിയുന്നത്. തിരുവനന്തപുരത്തെ റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സ തേടി. ജോലി മുടങ്ങിയതോടെ മിനിയുടെ വരുമാനം മുഴുവന്‍ നിലച്ചു. വീട്ടിലെ ചിലവുകളും ചികിത്സയുമൊന്നും മുന്നോട്ടുപോകാത്ത സ്ഥിതിയിലായി. കോര്‍പ്പറേഷനില്‍ നിന്നോ അധികൃതരുടെ ഭാഗത്ത് നിന്നോ യാതൊരു സഹായവും ലഭിച്ചില്ല. അസംഘടിത മേഖലയിലെ തൊഴിലാളി ആയതിനാല്‍ ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സോ മറ്റ് ആനുകൂല്യങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. അന്ന് കൂടെ ജോലി ചെയ്തിരുന്ന മറ്റ് തൊഴിലാളികള്‍ ഓരോരുത്തരും ചെറിയ തുകകള്‍ നല്‍കി സഹായിച്ചതുകൊണ്ട് മാത്രമാണ് താനും കുടുംബവും ഇന്ന് ജീവിച്ചിരിക്കുന്നത് എന്നാണ് മിനി പറയുന്നത്.
‘വര്‍ഷങ്ങളോളം ഞാന്‍ ഈ നഗരത്തിലെ വന്‍കിട ഫ്‌ളാറ്റുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നുമെല്ലാം മാലിന്യങ്ങള്‍ ശേഖരിച്ചുകൊണ്ടുപോയി. രണ്ടും മൂന്നും ദിവസങ്ങള്‍ പഴക്കമുള്ള പുഴുവരിക്കുന്ന ഭക്ഷ്യ മാലിന്യങ്ങളൊക്കെ സ്ഥിരമായി എടുക്കേണ്ടി വന്നിട്ടുണ്ട്. വീടുകളില്‍ നിന്നെടുക്കുന്ന മാലിന്യങ്ങളില്‍ നാപ്കിനുകളും ഉപയോഗിച്ച കോണ്ടവുമടക്കം പലതരം വസ്തുക്കളുണ്ടാകും. വൃത്തിയില്ലാത്ത പല വസ്തുക്കളും കൈകൊണ്ട് എടുക്കേണ്ടി വരും. പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ഒരുമിച്ച് കലര്‍ത്തരുതെന്ന് എത്ര പറഞ്ഞാലും പലപ്പോഴും ആളുകള്‍ അത് അനുസരിക്കാറില്ല. എല്ലാം ഞങ്ങള്‍ കൈകൊണ്ട് വേര്‍തിരിച്ചെടുക്കേണ്ടി വരും.
പലപ്പോഴും ഓക്കാനം വരാറുണ്ട്. ചീഞ്ഞളിഞ്ഞ മാലിന്യങ്ങള്‍ക്കൊപ്പം നിന്ന് നിന്ന് പിന്നെ ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാകാറുണ്ട് ഞങ്ങള്‍. ത്വക്ക് രോഗങ്ങളും മറ്റ് ഇന്‍ഫക്ഷനുമടക്കം പല തരം അസുഖങ്ങള്‍ വരും. ചിലപ്പോഴൊക്കെ വിട്ടുമാറാത്ത പനിയും മറ്റും. എന്നാലും എല്ലാം സഹിച്ച് ഞങ്ങള്‍ വീണ്ടും ജോലിക്ക് പോകും. ഞങ്ങള്‍ ചെയ്യുന്നത് കേവലം ജോലി മാത്രമല്ലല്ലോ, അതൊരു സേവനം കൂടിയല്ലേ. ഒരു ദിവസം ഞങ്ങള്‍ വരാതിരുന്നാല്‍ എല്ലായിടത്തും മാലിന്യങ്ങള്‍ നിറയും. വര്‍ഷങ്ങളോളമുള്ള ഞങ്ങളുടെ വിയര്‍പ്പ് കൂടിയാണ് ഈ നഗരത്തിന് ഇന്നീ കാണുന്ന വികസനവും വലിപ്പവുമൊക്കെ. ഇത്രയധികം ബുദ്ധിമുട്ടുകള്‍ സഹിച്ച് ഈ ജോലി ചെയ്തിട്ടും ഒടുവില്‍ ഒരു അസുഖം വന്ന് കിടപ്പിലായാല്‍ ജീവിതം അവിടെ തീര്‍ന്നു. അതാണ് ഞങ്ങളുടെ സ്ഥിതി. എന്റെ അനുഭവം കൂടിയാണത്. എനിക്ക് ക്യാന്‍സര്‍ വന്നപ്പോള്‍ കൂടെ ജോലി ചെയ്തവരല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല”, മിനി പറയുന്നു.
കേരളത്തിലെ മാലിന്യ സംസ്‌കരണം
കേരളത്തിലെ മാലിന്യ ശേഖരണവും സംസ്‌കരണവും പ്രധാനമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. അതുകൊണ്ട് തന്നെ കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നീ തലങ്ങളിലാണ് മാലിന്യ ശേഖരണ സംസ്‌കരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ സൃഷ്ടിക്കപ്പെടുന്ന മാലിന്യത്തിന്റെ 50 ശതമാനത്തിലധികവും വീടുകളില്‍ നിന്നാണ്. മാലിന്യങ്ങളെ ജൈവമാലിന്യങ്ങളായും അജൈവ മാലിന്യങ്ങളായും വേര്‍തിരിച്ച് സംസ്‌കരിക്കുന്ന രീതിയാണ് പിന്തുടരുന്നത്.
ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ, തൊഴിലുറപ്പ് മിഷന്‍, ഗ്രീന്‍ കേരള കമ്പനി എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രക്രിയകള്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ മാലിന്യ ശുചീകരണ തൊഴിലാളികളായി പ്രവര്‍ത്തിക്കുന്നത് ബഹുഭൂരിപക്ഷവും സ്ത്രീകളാണ്.
കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളാണ് ഇതില്‍ 80 ശതമാനവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ കുടുംബശ്രീ മിഷന്‍ ഹരിതകര്‍മ സേനകള്‍ രൂപീകരിക്കുകയും അതുവഴി തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ശാസ്ത്രീയമല്ലാത്ത രീതിയിലുള്ള മാലിന്യ ശേഖരണവും, തരംതിരിക്കലും സംസ്‌കരണവും തൊഴിലാളികള്‍ക്ക് ഏറെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടാക്കുന്നതായാണ് പഠനങ്ങളും സര്‍വേകളും പറയുന്നത്. കുടുബശ്രീ അംഗങ്ങളായ 27000 ലധികം ഹരിതകര്‍മ സേനാംഗങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്.
മാലിന്യങ്ങള്‍ ശേഖരിക്കുന്ന വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മ സേനയുടെ ഓരോ യൂണിറ്റുകളും പ്രതിമാസം വാങ്ങുന്ന തുക യൂണിറ്റ് അംഗങ്ങള്‍ തുല്യമായി വിഹിതം വെക്കുന്ന രീതിയാണുള്ളത്. ഇതില്‍ നിന്ന് മാസത്തില്‍ 4000 മുതല്‍ 6000 വരെ തുക മാത്രമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുക. കൂടാതെ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ റീസൈക്ലിംഗ് യൂണിറ്റുകളിലെത്തിക്കുന്നത് വഴി ലഭിക്കുന്ന വരുമാനം കൂടി ഉള്ളതുകൊണ്ട് തൊഴിലാളികള്‍ക്ക് മാസത്തില്‍ ശരാശരി 10000 രൂപ വരെ ലഭിക്കുന്നുണ്ട്.
മുന്‍കാലങ്ങളിലൊക്കെ പുരുഷന്‍മാരായിരുന്നു നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍. അന്ന് മാലിന്യങ്ങള്‍ നീക്കാനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക വാഹനങ്ങളും ഉണ്ടായിരുന്നു. റോഡരികുകളില്‍ നിന്നും കവലകളില്‍ നിന്നും കടകളില്‍ നിന്നുമെല്ലാം മാലിന്യങ്ങള്‍ ശേഖരിക്കുകയായിരുന്നു അവര്‍ കൂടുതലും ചെയ്തിരുന്നത്. ജൈവ അജൈവ മാലിന്യങ്ങള്‍ വീടുകളില്‍ കുന്നുകൂടുന്നത് അന്ന് നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. അങ്ങനെയാണ് വിവിധ മിഷനുകള്‍ക്ക് കീഴില്‍ ശുചീകരണ ദൗത്യസംഘങ്ങള്‍ രൂപീകരിക്കപ്പെടുന്നത്. ഹരിത കര്‍മസേനയുടെ രൂപീകരമാണ് ഇതില്‍ നിര്‍ണായകമായത്.
വീടുകളിലേയും ഫ്‌ളാറ്റുകളിലേയും മറ്റ് സ്ഥാപനങ്ങളിലേയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസവും ഖരമാലിന്യങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളിലും ശേഖരിക്കുന്ന രീതിയാണ് പലയിടങ്ങളിലും ഹരിതകര്‍മസേനയുടേത്. എന്നാല്‍ പ്ലാസ്റ്റിക്കിനൊപ്പം ജൈവമാലിന്യങ്ങളും വീടുകളില്‍ നിന്നും ഫ്‌ളാറ്റുകളില്‍ നിന്നും നീക്കേണ്ടത് അനിവാര്യമായി വന്നു. ആ ഘട്ടത്തിലാണ് നഗരസഭകളും കുടുംബശ്രീ-ഹരിതസേനാംഗങ്ങളും ചേര്‍ന്ന് ജൈവ-അജൈവ മാലിന്യങ്ങള്‍ വീടുകളില്‍ വന്ന് ശേഖരിക്കാന്‍ തീരുമാനിക്കുന്നത്. അതുപ്രകാരമാണ് ഓട്ടോ പിക്കപ്പുകളിലായി രാവിലെ ഏഴുമുതല്‍ വീടുകളിലും ഫ്‌ളാറ്റുകളിലും എത്തി മാലിന്യം ശേഖരിക്കാന്‍ തുടങ്ങിയത്.
താരതമ്യേന സാമ്പത്തിക ഭദ്രത തീരെ കുറഞ്ഞ, സമൂഹത്തിന്റെ താഴെത്തട്ടില്‍ നിന്നുള്ളവരാണ് മാലിന്യ നിര്‍മാര്‍ജന തൊഴിലിലേക്ക് എത്തുന്നത് എന്നാണ് 20 വര്‍ഷമായി കുടുംബശ്രീ ഉള്‍പ്പെടെയുള്ള വിവിധ ജെന്‍ഡര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സോയ തോമസ് പറയുന്നത്.
”വീട്ടുമാലിന്യം ശേഖരിക്കുക എന്നത് ‘സാമൂഹ്യ പദവി’ പട്ടികയിലുള്ള ജോലി അല്ലെങ്കിലും ലിംഗപദവിയിലൂന്നിയ തൊഴില്‍ വിഭജനത്തിന്റെ ഭാഗമാണീ തൊഴിലും. ഏത് തൊഴില്‍ ചെയ്യാനും തങ്ങള്‍ സന്നദ്ധരാണ് എന്ന സന്ദേശം കൂടിയാണ് ഇത്തരം തൊഴിലെടുക്കുന്നതിലൂടെ ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. ഈ മേഖലയില്‍ തൊഴിലെടുക്കുന്ന ഭൂരിപക്ഷം സ്ത്രീകളും സാമൂഹികവും സാമ്പത്തികവും ജാതീയവുമായി താഴെ തട്ടിലുള്ളവരുമാണ്. കടുത്ത ദുര്‍ഗന്ധവും വൃത്തിഹീനമായ സാഹചര്യവുമാണ് ഈ സ്ത്രീകള്‍ അഭിമുഖീകരിക്കുന്നത്”, സോയ തോമസ് പറയുന്നു.
സോയ തോമസ്
കൊവിഡ് വ്യാപനവും ശുചീകരണ തൊഴിലാളികളും
ഒരു പ്രദേശത്തെ എല്ലാ വീടുകളുമായും ബന്ധപ്പെടേണ്ടി വരുന്നു എന്നതും വീടുകളിലുള്ളവര്‍ കഴിച്ച ഭക്ഷണത്തിന്റെയും ഉപയോഗിച്ച വസ്തുക്കളുടെയും അവശിഷ്ടങ്ങളുമായി ഇടപഴകേണ്ടി വരുന്നു എന്നതും കൊവിഡ് കാലത്തെ ശുചീകരണ തൊഴിലിനെ അല്‍പം അപകടമേറിയതാക്കുന്നുണ്ട്. രോഗവ്യാപന സാധ്യത കൂടുതലാണ് എന്നതിനാലാണത്. ഇത്തരം ഘട്ടത്തില്‍ പോലും ശുചീകരണ തൊഴിലാളികളുടെ സുരക്ഷയ്ക്ക് വേണ്ട കാര്യമായ നടപടികള്‍ ഒന്നും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല എന്നാണ് ശുചീകരണ തൊഴിലാളിയും കുടുംബശ്രീ യൂണിറ്റിന്റെ ഭാരവാഹിയുമായ സാബിദ പറയുന്നത്.
‘സാധാരണ നിലയില്‍ തന്നെ ഞങ്ങള്‍ ചെയ്യുന്ന ജോലി ഏറെ രോഗവ്യാപന സാധ്യതയുള്ളതും ബുദ്ധിമുട്ടുകള്‍ നിറഞ്ഞതുമാണ്. അതിനിടയിലാണ് കൊവിഡ് പോലുള്ള മാരകരോഗങ്ങള്‍ കൂടി വരുന്നത്. ഇത്തരം ഘട്ടത്തില്‍ ഞങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള ഇടപെടലുകള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതാണ്. എന്നാല്‍ ഞങ്ങള്‍ക്ക് ചില നിര്‍ദേശങ്ങള്‍ തന്നു എന്നതല്ലാതെ മറ്റൊരു ഇടപെടലും കോര്‍പ്പറേഷന്റയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഈ ഘട്ടത്തിലും ഞങ്ങള്‍ക്ക് വേണ്ട മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍, ഹാന്റ് വാഷ് തുടങ്ങിയവയെല്ലാം ഞങ്ങള്‍ തന്നെ കയ്യില്‍ നിന്ന് കാശെടുത്ത് വാങ്ങിക്കുകയാണ് ഉണ്ടായത്. ഏതാനും സ്വകാര്യ വ്യക്തികളും കൂട്ടായ്മകളുമൊക്കെയാണ് ഇടക്കെങ്കിലും ഞങ്ങള്‍ക്ക് മാസ്‌കും സാനിറ്റൈസറും ഒക്കെ നല്‍കി സഹായിച്ചിട്ടുള്ളത്”, സാബിദ പറയുന്നു.
ശുചീകരണത്തൊഴിലാളികളോടുള്ള പൊതുസമൂഹത്തിന്റെ സമീപനമാണ് മറ്റൊരു ഗൗരവമേറിയ പ്രശ്‌നം. സാധാരണ നിലയില്‍ ഒരു വീട്ടിലുള്ളവര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ അവര്‍ സമീപത്തുള്ളവരെ വിവരമറിയിക്കുകയും അവരുമായി മറ്റുള്ളവര്‍ സമ്പര്‍ക്കം പുലരുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്യും. എന്നാല്‍ ശുചീകരണ തൊഴിലാളികളോട് രോഗം ബാധിക്കുന്ന വീട്ടുകാര്‍ പലപ്പോഴും ഈ വിവരം പറയുന്നില്ല എന്നതാണ് പ്രശ്‌നം.
‘പല വീട്ടുകാരും അവര്‍ കൊവിഡ് ബാധിതരാകുമ്പോള്‍ ആ വിവരം ഞങ്ങളോട് പറയാറില്ല എന്നത് ഞങ്ങള്‍ക്ക് വളരെ ദുഖമുണ്ടാക്കുന്ന കാര്യമാണ്. പലപ്പോഴും ദിവസങ്ങള്‍ക്ക് ശേഷം മറ്റുവീട്ടുകാര്‍ പറയുമ്പോഴാണ് നേരത്തെ ഞങ്ങള്‍ പോയിക്കൊണ്ടിരുന്ന വീടുകളിലുള്ളവര്‍ കൊവിഡ് ബാധിതരായിരുന്നു എന്ന വിവരം ഞങ്ങള്‍ അറിയാറുള്ളത്. താഴെക്കിടയില്‍ പണിയെടുക്കുന്നവരായതുകൊണ്ട് ഞങ്ങളെയവര്‍ സാധാരണ മനുഷ്യരെ പോലെ കാണുന്നില്ല എന്നതാണ് സങ്കടകരം. ഞങ്ങള്‍ക്ക് രോഗം വരുന്നതൊന്നും അവരുടെ കാര്യമല്ല എന്ന മട്ടാണ് പലപ്പോഴും പല വീട്ടുകാര്‍ക്കും”, ശുചീകരണ തൊഴിലാളിയായ സുശീല പറയുന്നു.
ആദ്യഘട്ടത്തില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് ഓരോ വീടുകളിലെയും കൊവിഡ് പോസിറ്റീവ് കേസുകള്‍, ക്വാറന്റൈനില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ എന്നിവയെല്ലാം പെട്ടന്ന് അറിയാന്‍ കഴിഞ്ഞിരുന്നു. അതനുസരിച്ച് അത്തരം വീടുകളില്‍ നിന്ന് മാലിന്യ ശേഖരണം ഒഴിവാക്കാനും സാധിച്ചിരുന്നു. എന്നാല്‍ പിന്നീട് രോഗവ്യാപനം കൂടിയതോടെ ഏതു വീട്ടിലുള്ളവരാണ് ക്വാറന്റൈനില്‍ എന്നതോ ആര്‍ക്കൊക്കെയാണ് കൊവിഡ് ബാധിക്കുന്നത് എന്നതോ തിരിച്ചറിയാന്‍ സാധിക്കാതെ വന്നു.
70 വയസ്സുള്ള മാങ്കാവ് സ്വദേശിനിയായ ദേവകിയമ്മ വാര്‍ദ്ധക്യ രോഗങ്ങളോട് പൊരുതിയാണ് ഇന്നും തൊഴിലെടുക്കുന്നത്. കാല്‍മുട്ടിന്റെ തേയ്മാനം കാരണം നടക്കാന്‍ പോലും പ്രയാസമുണ്ട്. എന്നിടും ദിവസവും വീടുകള്‍ തോറും കയറിയിറങ്ങി മാലിന്യങ്ങള്‍ ശേഖരിക്കുകയാണ്. തന്റെ വരുമാനം നിലച്ചാല്‍ കിടപ്പിലായ ഭര്‍ത്താവും താനും വാടക വീട് വിട്ട് തെരുവിലേക്കിറങ്ങേണ്ടി വരുമല്ലോ എന്ന ഭയത്തിലാണ് 70ാമത്തെ വയസ്സിലും ദേവകിയമ്മ.
”എല്ലാ ദുരന്ത കാലത്തും ഞങ്ങള്‍ ജീവന്‍ പണയം വെച്ച് തന്നെ ജോലി ചെയ്തിട്ടുണ്ട്. നിപ്പ, പ്രളയം, കൊവിഡ് അങ്ങനെ എന്തെല്ലാം ബുദ്ധിമുട്ടുകള്‍ ഈ നാടിനുണ്ടായി. അന്നൊന്നും ഞങ്ങള്‍ വീടിനകത്തിരുന്നിട്ടില്ല. കഴുത്തറ്റം വെള്ളത്തില്‍ നീന്തിയാണ് പ്രളയകാലത്ത് ഞങ്ങള്‍ നഗരത്തില്‍ ജോലിക്കെത്തിയത്. എന്നിട്ടും അവഗണന മാത്രമാണ് ഞങ്ങള്‍ ഇപ്പോഴും നേരിടുന്നത്. എന്റെ ജീവിതത്തിലെ ഏറിയ പതിറ്റാണ്ടും ഞാന്‍ ജീവിച്ചത് ഈ നഗരത്തിലെ മാലിന്യങ്ങള്‍ക്കിടയിലാണ്. ഈ നഗരത്തിന്റെ വളര്‍ച്ചയ്ക്ക് ഞാന്‍ സാക്ഷിയാണ്. എന്റെ കൂടി വിയര്‍പ്പാണ് ഈ നഗരത്തിന് ഇന്ന് കാണുന്ന സൗന്ദര്യം. എന്നിട്ടും എനിക്ക് സ്വന്തമായി ഒരു പിടി മണ്ണോ സ്വസ്ഥമായി കിടന്നുറങ്ങാന്‍ ഒരു വീടോ ഇല്ല. നാളെ എനിക്ക് ജോലിക്ക് പോകാന്‍ സാധിക്കാതായാല്‍ പിന്നീടെങ്ങനെ ജീവിക്കുമെന്നറിയില്ല. പതിറ്റാണ്ടുകളോളം ഈ നഗരത്തിന്റെ അഴുക്കുകളില്‍ ജോലി ചെയ്തിട്ടും ഒരസുഖം വന്നാല്‍ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിക്കാന്‍ പോലും പലപ്പോഴും കയ്യില്‍ പണമുണ്ടാകാറില്ല”, ഇത്രയും പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും ദേവകിയമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
(പേരുകള്‍ യഥാര്‍ത്ഥമല്ല)
ലാഡ്‌ലി മീഡിയ ഫെലോഷിപ്പിന്റെ ഭാഗമായി തയ്യാറാക്കിയത്