| Wednesday, 25th March 2020, 9:12 pm

ഞാന്‍ സൈദ് സുള്‍ഫിക്കര്‍, ഒറ്റുകാരനല്ല

അഷ്ഫാഖ്‌

അന്ന് ഫെബ്രുവരി 24,തിങ്കളാഴ്ച്ച. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ നൂര്‍-എ-ഇലാഹി ചൗക്കിലെ 8 ആം നമ്പര്‍ ജമ മസ്ജിദില്‍ നിന്ന് ഇഷാ നമസ്‌കാരം കഴിഞ്ഞിറങ്ങി വരികയായിരുന്നു സൈദ് സുള്‍ഫിക്കര്‍. ഫാന്‍സി ലൈറ്റിന്റെ ബിസിനസ്സ് ആണ് സുല്ഫിക്കറിന്. മാസത്തില്‍ ഏകദേശം 9000 രൂപ വരുമാനം ലഭിക്കാറുണ്ട്. വീട്ടിലേക്കുള്ള യാത്രാമധ്യേ റോഡിനിരുവശത്തും ലാത്തിയും, ഇരുമ്പ് ദണ്ഡും, കുറുവടിയും, നാടന്‍ തോക്കും, കല്ലുകളും കയ്യിലേന്തിയ അക്രമി സംഘം സംഹാര താണ്ഡവമാടുന്നത് അയാള്‍ നിശബ്ദം നോക്കിനിന്നു. ഹെല്‍മെറ്റ് ധാരികളായ അവരെ കടന്നുപോയപ്പോള്‍ ജീവിതത്തില്‍ ഇന്നേവരെ അനുഭവികാത്ത ഒരു തരം ഭയം അയാളുടെ പെരുവിരല്‍ മുതല്‍ സിരകള്‍ വരെ പടര്‍ന്നു കയറി.

ഏകദേശം 9 മണി ആയപ്പോള്‍, നൂര്‍-എ-ഇലാഹി- ബഡാ ചൗക്ക് റോഡില്‍ നിന്ന് ഒരു അജ്ഞാതന്‍ കല്ലെടുത്തെറിഞ്ഞു. തുടര്‍ന്ന് ഹെല്‍മെറ്റ് ധാരികള്‍ വെടിവെക്കാന്‍ ആരംഭിച്ചു. ജയ് ശ്രീരാം, ഗോലി മാരോ സാലോന്‍ കോ തുടങ്ങിയ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയായിരുന്നു വെടിവെപ്പ്. മസ്ജിദില്‍ നിന്നും വീട്ടിലേക്ക് നടന്നു കൊണ്ടിരിക്കുന്ന സുള്‍ഫിക്കറിന്റെ മുഖത്തിന്റെ ഇടതുവശത്ത് ചെവിയോട് ചേര്‍ന്ന് ഒരു വെടിയുണ്ട തുളച്ചു കയറി. ബോധ രഹിതനായ സുള്‍ഫികര്‍ അവിടെ വീണ് രക്തത്തില്‍ കുളിച്ചു.

23ആം തീയതി ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ആരംഭിച്ച CAA അനുകൂല റാലിയാണ് ഡല്‍ഹി മുസ്ലിം വംശഹത്യക്ക് വഴിമരുന്നിട്ടത്. CAA പ്രതികൂല പ്രക്ഷോഭം നടക്കുന്ന ജാഫറാബാദിനു ഒരു കിലോമീറ്റര്‍ അകലെ മൗജ്പുരില്‍ സംഘടിപ്പിച്ച റാലിയില്‍ ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെ സാക്ഷിയാക്കി കപില്‍ മിശ്ര വെല്ലുവിളിച്ചു. ”അവര്‍ മറ്റൊരു ഷഹീന്‍ബാഗാണ് ഉദ്ദേശിക്കുന്നത്. ഡല്‍ഹി പോലീസിന് ട്രംപ് പോകുന്നത് വരെ സമയം നല്‍കും. അതിനുശേഷം ഞങ്ങള്‍ക്ക് അറിയാം എന്തു ചെയ്യണം,” എന്നായിരുന്നു ഈ ബി.ജെ.പി നേതാവിന്റെ വെല്ലു വിളി.

കപില്‍ മിശ്ര പോയതിനു ശേഷം 23ന് ഏകദേശം 6മണിക്ക് മൌജ്പുരിലെ CAA അനുകൂലികളും ജാഫരബാദിലെയും കര്ദംപുരി ചൌക്കിലെയും CAA വിരുദ്ധരും ചേരി തിരിഞ്ഞു കല്ലേറുകള്‍ ആരംഭിച്ചു. ഇതേ സമയം, ഫെബ്രുവരി 23ആം തിയതി രാവിലെ മുതല്‍ ഹിന്ദുത്വ വാട്‌സപ്പ് ഗ്രൂപ്പുകളില്‍ ഒരു മുസ്ലിം കലാപത്തെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ നിരന്തരം പടച്ചു വിട്ടു. ”മസ്ജിദുകളിലെ മൈക്‌സെറ്റിലൂടെ ഹിന്ദുക്കളെ ഡല്‍ഹിയില്‍ നിന്നും തുരത്തണം എന്ന കലാപഹ്വാനമുണ്ടായി, ഏകദേശം 32 ഇമാമുമാരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു എന്നായിരുന്നു ചില വ്യാജ വാര്‍ത്തകള്‍’.

മുസ്ലിംകളെ ഒരു പാഠം പഠിപ്പിക്കാന്‍ ഡല്‍ഹിയില്‍ താമസിക്കുന്നവരോടും അയല്‍ സംസ്ഥാനങ്ങളില്‍ ഉള്ളവരോടും ആയുധ സജ്ജരായി വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടുള്ള വീഡിയോകളും വ്യാപകമായി ഷെയര്‍ ചെയ്യപെട്ടു. 23ആം തിയതി വടക്കു കിഴക്കന്‍’ ഡല്‍ഹിയിലെ മുസ്തഫബാദില്‍ നാടന്‍ തോക്കും, ഇരുമ്പ് ദണ്ടും, കുറുവടികളും, ട്രക്ക് നിറച്ച കല്ലുകളുമായി യു.പി, ഹരിയാന അതിര്‍ത്തിയില്‍ നിന്നും ആളുകളെത്തി തുടങ്ങി. ഡല്‍ഹി മൈനോറിറ്റി കമ്മീഷന്‍ ചെയര്‍മാന്റെ ആരോപണ പ്രകാരം ഏകദേശം 1,500-2000 ആളുകളെ വടക്കു കിഴക്കന്‍ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നു. 24 മണിക്കൂറോളം അവര്‍ക്ക് അടുത്തുള്ള സ്‌കൂളുകളില്‍ ഇടത്താവളം ഒരുക്കി കൊടുത്തു.

നാട്ടിലെ ഹിന്ദുത്വവാദികളും മുന്നേ തയ്യാറാക്കിയ പ്ലാന്‍ പ്രകാരം ഈ സംഘത്തിന്റെ കൂടെ കൂടി. ആളുകളെ സംഘടിപ്പിച്ചും, ആയുധങ്ങള്‍ സമാഹരിച്ചും, നിഷ്പക്ഷവാദികളില്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയും ഈ സംഘം വിധ്വംസക പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് നീങ്ങി. പോലീസ് കാഴ്ചക്കാരായി. ചിലയിടത്ത് ജയ് ശ്രീറാം മുഴക്കി അവര്‍ കലാപകാരികളുടെ കൂടെ ചേര്‍ന്നു. മുസ്തഫാബാദ് ബ്രിജ്പുരി പുലിയയിലുള്ള ഫാറൂഖി മസ്ജിദ് തകര്‍ക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നത് പോലീസുകാരായിരുന്നു. മസ്ജിദ് ഇമാമിനെ പോലീസുകാര്‍ ക്രൂരമായി തല്ലിചതച്ചു. വൈറല്‍ ആയ ഒരു വീഡിയോയില്‍, മസ്ജിദില്‍ നിന്നും കറുത്ത കട്ടിപ്പുക ഉയരുമ്പോള്‍ കലാപകാരികളുടെ കുടെ ഇറങ്ങിപ്പോകുന്ന ഡല്‍ഹി പോലീസുകാരെ കാണാം.

ഫാറൂഖി മസ്ജിദക്കം ഏകദേശം 16 പള്ളികളാണ് കലാപകാരികള്‍ അഗ്‌നിക്കിരയാക്കിയത്. പൂര്‍ണമായും ഭാഗികമായും കത്തിനശിച്ച ഖുറാനും മത ഗ്രന്ഥങ്ങളും ഒരു സമുദായത്തിന്റെ ആത്മാഭിമാനത്തിനേറ്റ മുറിവുകളായി എന്നും ഓര്‍മിക്കപ്പെടും. ഏകദേശം 53 ആളുകള്‍ മരിച്ചു എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട് എങ്കിലും നൂറില്‍ അധികം ആളുകള്‍ മരിച്ചു എന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. കലാപകാരികള്‍ ഏറ്റവുമധികം നാശം വിതച്ച ശിവ് വിഹാറില്‍ ഏകദേശം 50നടുത്ത് ആളുകള്‍ മരിച്ചു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ശവശരീരങ്ങള്‍ ശിവ് വിഹാറിന്റെ പ്രധാന തെരുവുകളിലുടെ ഒഴുകുന്ന ഒരു ‘നാല'(ചെറിയ കനാല്‍)യില്‍ ഒഴുക്കുകയായിരുന്നു കലാപകാരികള്‍. നിരവധി ശവശരീരങ്ങള്‍ ആണ് ‘നാല’യില്‍ നിന്നും കണ്ടെടുത്തത്. ആ കനാല്‍ വറ്റിച്ച് ശവശരീരങ്ങള്‍ക്കായി തിരച്ചില്‍ നടത്തണം എന്ന ആവശ്യവുമായി രംഗത്ത് വരികയാണ് പ്രദേശവാസികള്‍. ശിവ് വിഹാര്‍, മുസ്തഫാബാദ്, ചാന്ദ്ബാഗ്, കരവല്‍നഗര്‍, ഗോകുല്പുരി, നൂര്‍-എ-ഇലാഹി, ഖജൂരി, ഭജന്‍പുര എന്നീ സ്ഥലങ്ങളാണ് 23ആം തിയതി രാത്രി തുടങ്ങി 26 വരെ നീണ്ടു നിന്ന മുസ്ലിം വിരുദ്ധ കലാപത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത്.

വെടിയേറ്റതിനു ശേഷമുള്ള സംഭവ വികാസങ്ങളെക്കുറിച്ച് സുല്‍ഫിക്കര്‍ തന്റെ പെങ്ങളുടെയും മറ്റുള്ളവരുടെയും വാക്കുകള്‍ കടമെടുത്തു സംസാരിച്ചു. ”ആ വെടിവെപ്പിനു ശേഷം എനിക്ക് ഒന്നും ഓര്‍മയില്ല. ഹോസ്പിറ്റലില്‍ വെച്ച് ചില ആളുകളാണ് വാട്‌സ് ആപ്പില്‍ ഇതിനകം വൈറല്‍ ആയ വീഡിയോ കാണിച്ചു തന്നത്,” സുല്‍ഫിക്കര്‍ തന്റെ കുര്‍ത്തയുടെ പോക്കറ്റില്‍ നിന്നും ഫോണ്‍ എടുത്തു ക്ലാരിറ്റി കുറഞ്ഞ ഒരു വീഡിയോ ദൃശ്യം കാണിച്ചു തന്നു. ആംബുലന്‍സിനുള്ളില്‍ രക്തത്തില്‍ കുളിച്ചു സുള്‍ഫിക്കര്‍ കിടക്കുന്നു. തൊട്ടടുത്ത് ഇടതു ഭാഗത്തായ് അയാളെ ശുശ്രുഷിച്ചു കൊണ്ട് അയാളുടെ പെങ്ങള്‍ ഇരിപ്പുണ്ട്. ആംബുലന്‍സിന്റെ വലതു ഭാഗത്തെ ചില്ല് അടിച്ചു തകര്‍ത്ത നിലയിലാണ്.

വീഡിയോയില്‍ ദൃക്‌സാക്ഷി വിവരണം നല്‍കുന്ന ലക്കി എന്ന പാരമെഡിക്കിന്റെ വിവരണ പ്രകാരം അവര്‍ ആംബുലന്‌സിനുളില്‍ വെച്ച് സുള്‍ഫിക്കറിന്റെ കാലുകളില്‍ കുറുവടി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. സുല്‍ഫിക്കറിന്റെ സഹോദരിയെയും, ലക്കിയെയും മറ്റൊരു പാരമെഡിക്കിനെയും അവര്‍ ആക്രമിച്ചു. റോഡിലാകെ കറുത്ത പുകയും വെടിയൊച്ചകളും മാത്രമാണ്. ബാരിക്കഡുകള്‍ നിറഞ്ഞ റോഡിലുടെ ആംബുലന്‍സ് അതി സാഹസികമായി ജഗ് പര്‍വേഷ് ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി കുതിച്ചു. യാത്രാ മദ്ധ്യേ എവിടെയും ഡല്‍ഹി പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല. ‘പോലീസ് സമയോചിതമായി ഇടപെട്ടിരുന്നെങ്കില്‍ കലാപം അടിച്ചമര്‍ത്താമായിരുന്നു’, വേദന കടിച്ചമര്‍ത്തിക്കൊണ്ട് സുല്‍ഫിക്കര്‍ പറഞ്ഞു. അയാളുടെ കണ്ണുകളില്‍ ചതിക്കപെട്ടവന്റെ നിസ്സഹായാവസ്ഥ പ്രകടമായിരുന്നു.

ഡല്‍ഹി വംശഹത്യയുടെ നാളുകളില്‍ നിരവധി ആംബുലന്‍സുകള്‍ ആക്രമിക്കപ്പെട്ടു. ഗുരു തേജ് ബഹദൂര്‍ (GTB) ഹോസ്പിറല്‍ അക്രമകാരികള്‍ വളഞ്ഞു. ഡല്‍ഹി പോലീസ് കാഴ്ചക്കാരായി മാറി. 26ആം തിയതി ഒരു കൂട്ടം ആക്ടിവിസ്റ്റുകള്‍ മുസ്തഫാബാദിലെ അല്‍ ഹിന്ദ് ഹോസ്പിറ്റലില്‍ നിന്നും ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് പോകാന്‍ ആംബുലന്‍സിനു സുരക്ഷാ പാതയോരുക്കണം എന്ന് ആവശ്യപ്പെട്ടു ഹരജി നല്‍കി. ഏതാണ്ട് 8 മണിക്കൂറോളം ഡല്‍ഹി പോലീസിനോട് അപേക്ഷിച്ചതിനു ശേഷമാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.Rahul Roy v/s Government of National Capital Territory of Delhi (case no: WP (crl) NO. 566 of 2020) എന്ന കേസില്‍ 26ആം തിയതി അര്‍ദ്ധരാത്രിയില്‍ വന്ന വിധിയില്‍ ജസ്റ്റിസ് മുരളീധരും ജസ്റ്റിസ് എ.ജെ ബംഭാനിയുമടങ്ങുന്ന രണ്ടംഗ ബെഞ്ച് ഡല്‍ഹി ഈസ്റ്റ് കമ്മിഷനറോട് ആംബുലന്‍സിന് എസ്‌കോര്‍ട്ട് പോകുവാനും, പരിക്കേറ്റ ആളുകളെ സുരക്ഷിതരായി ഹോസ്പിറ്റലില്‍ എത്തിക്കുവാനും, അവര്‍ക്ക് ചികിത്സ നല്‍കുവാനും നിര്‍ദേശിച്ചു.

കൂടാതെ, ഈ ബെഞ്ച് ഡല്‍ഹി പോലീസിനോട് പ്രധാനപ്പെട്ട ഗവണ്മെന്റ് ഹോസ്പിറ്റലുകളായ LNJP, GTB, മൌലാനാ ആസാദ് ഹോസ്പിറല്‍ എന്നിവിടങ്ങളില്‍ മെഡിക്കല്‍ കണ്ട്രോള്‍ റൂമും പോലീസ് കണ്ട്രോള്‍ റൂമും സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി. ഈ നിയമം പാസ്സാക്കിയ ഫെബ്രുവരി 26നു ശേഷം ഒരു വിധം എല്ലാ ആംബുലന്‍സിനും പോലീസ് എസ്‌കോര്‍ട്ട് ലഭിക്കുന്നുണ്ട്. നിരവധി ആളുകളുടെ ജീവന്‍ രക്ഷികാന്‍ ഈ നിയമം സഹായകരമായി. 26ആം തിയതി രാത്രി ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്&ഹരിയാന ഹൈക്കൊടതിയിലെക്ക് സ്ഥലം മാറ്റി. നേരത്തെ തീരുമാനിച്ചുറപ്പിച്ച സ്ഥലം മാറ്റം എന്നാണു സുപ്രീം കോടതി ഭാഷ്യം. 26ആം തിയതി ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട മൂന്നു കേസുകള്‍ക്കാണ് ജസ്റ്റിസ് മുരളീധര്‍ വിധി പറഞ്ഞത്.

”ഞങ്ങള്‍ അങ്ങനെ ജഗ് പര്‍വേഷ് ഹോസ്പിറ്റലില്‍ എത്തി. ഡോക്ടര്‍ എനിക്ക് പ്രാഥമിക ശുശ്രുഷ നല്‍കി. ചെവിയില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. എന്റെ മുറിവില്‍ അവര്‍ ബാന്‍ഡെജും കോട്ടണും ഉപയോഗിച്ച് ഡ്രസ്സ് ചെയ്തു,” സുള്‍ഫികര്‍ തുടര്‍ന്നു. ”ഞാന്‍ അര്‍ദ്ധ ബോധാവസ്ഥയിലായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്നൊരു ധാരണയും ഇല്ല. എന്റെ മുഖത്തിന്റെ ഇടതു ഭാഗം ആരോ മുറിച്ചെടുത്ത് ദൂരേക്ക് കളഞ്ഞത് പോലെ തോന്നി എനിക്ക്. ഒരു കണ്ണിലുടെ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ. ഒരു ചെവിയിലുടെ മാത്രം കേള്‍ക്കാനും. ഏതു നിമിഷവും എന്റെ ജീവന്‍ പോകാം എന്ന ഭീതിയിലായിരുന്നു ഞാന്‍. നിരന്തരം ഞാന്‍ എന്റെ റബ്ബിനെ കുറിച്ചോര്‍ത്തു.അവനാണ് ഈ ജീവന്‍ നല്‍കിയത്. അവനു മാത്രമേ ഇത് തിരിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ”, സുള്‍ഫിക്കര്‍ പറഞ്ഞു.

വെടിയുണ്ട ചെവിയുടെ അടുത്തായി ആഴത്തില്‍ ശരീരത്തില്‍ തറച്ചിരിക്കുകയാണ്. CT സ്‌കാന്‍ ഉപയോഗിച്ച് മാത്രമേ വെടിയുണ്ടയുടെ പൊസിഷന്‍ വ്യക്തമാകുകയുള്ളു. CT സ്‌കാന്‍ മെഷീന്‍ ഇല്ലാത്തത് കാരണം, ഡോക്ടര്‍മാര്‍ സുല്ഫിക്കറിനെ GTBയിലേക്ക് റെഫര്‍ ചെയ്തു. ഹോസ്പിറ്റലില്‍ ഉള്ള സുമനസ്സുകളുടെ സാമ്പത്തിക സഹായത്താല്‍ സുല്ഫിക്കറും കുടുംബവും GTBയിലേക്ക് ഒരു പ്രൈവറ്റ് ആംബുലന്‍സ് ഏര്‍പ്പാട് ചെയ്തു.

24ആം തിയതി രാത്രി അവര്‍ GTBയിലെത്തി. ഹോസ്പിറ്റല്‍ രേഖകള്‍ പ്രകാരം 25ആം തിയതി പുലര്‍ച്ചെ 12: 10നു സുല്ഫിക്കറിനെ GTBയില്‍ അഡ്മിറ്റ് ചെയ്തു. GTBയിലെത്തിയ ഉടന്‍ മെഡിക്കോ ലീഗല്‍ കേസസ് (MLC) ടെസ്റ്റ് ചെയ്തു. പ്രാഥമിക പരിശോധനക്ക് ശേഷം, പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണം ആവശ്യമുണ്ട് എന്ന് കരുതുന്ന പരിക്കുകളും മുറിവുകളും ഏറ്റ ആളുകളെ ഡോക്ടര്‍മാര്‍ MLC ടെസ്റ്റിന് അയക്കും. കേസ് അന്വേഷണത്തിലും കോടതിയിലും വളരെ നിര്‍ണായകമാണ് MLC റിപ്പോര്‍ട്ട്. MLC റിപ്പോര്‍ട്ട് ചെക്ക് ചെയ്ത ഡോക്ടര്‍മാര്‍ സുല്ഫിക്കറിനെ CT സ്‌കാനിന് വേണ്ടി രാജിവ് ഗാന്ധി ഹോസ്പിറ്റലിലേക്ക് അയച്ചു.

സ്‌കാന്‍ റിപ്പോര്‍ട്ടില്‍ വെടിയുണ്ട കിടക്കുന്ന ഭാഗം വ്യക്തമായി. വിദഗ്ദ ചികിത്സക്കായി സുല്ഫിക്കറിനെ അവര്‍ GTBയിലെ ന്യൂറോസര്‍ജറി വിഭാഗത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. എന്നാല്‍ ബുള്ളെറ്റ് കിടക്കുന്നത് ചെവിയോട് ചേര്‍ന്നാണ് എന്ന കാരണം പറഞ്ഞു ന്യൂറോസര്‍ജറി ഡിപാര്‍ട്‌മെന്റ്‌റ്കാര്‍ അയാളെ ENT വിഭാഗത്തിലേക്ക് അയച്ചു. അങ്ങനെ ENT വിഭാഗത്തില്‍ ചികിത്സ തുടര്‍ന്നു. വെടിയുണ്ട നീക്കം ചെയ്താല്‍ അത് ഞരമ്പിനു ദോഷം ചെയ്യും എന്ന കാരണം പറഞ്ഞു ഡോക്ടര്‍മാര്‍ വെടിയുണ്ട എടുത്തില്ല. ”വെടിയുണ്ട കാരണമായുള്ള ടെറ്റനസ് പൂര്‍ണമായും ഭേദമാക്കിയിട്ടുണ്ട്. 90 ശതമാനം കേസിലും വെടിയുണ്ട പുറത്തെടുക്കാന്‍ സാധിക്കില്ല. താങ്കള്‍ക്ക് വായിലൂടെ ഭക്ഷണം കഴിക്കുന്നതിന് ഒരു ബുദ്ധിമുട്ടുമുണ്ടാകുകയില്ല.. അതുകൊണ്ട് താങ്കള്‍ ദയവു ചെയ്ത് ഡിസ്ചാര്‍ജ് ആവണം,” ഫെബ്രുവരി 29ആം തിയതി GTB ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ സുല്ഫിക്കറിനോട് പറഞ്ഞു.

തന്നെ ഡിസ്ചാര്‍ജ് ചെയ്യരുത് എന്ന് സുള്‍ഫിക്കര്‍ ഡോക്ടര്‍മാരോട് യാചിച്ചു. തനിക്ക് ഭക്ഷണം കഴിക്കാന്‍ പ്രയാസമുണ്ട്, ചവയ്ക്കാന്‍ പ്രയാസമുണ്ട്, മുഖത്തില്‍ നിന്നു വേദനയുമുണ്ട്. നേരാംവണ്ണം കേള്‍ക്കാനും കാണാനും കഴിയാത്ത തന്നെ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കണം എന്ന് അയാള്‍ അഭ്യര്‍ഥിച്ചു. സുല്ഫിക്കറിനു തല ചുറ്റുന്നതായിട്ട് അനുഭവപ്പെടുന്നുണ്ടായിരുന്നു. അയാളുടെ മുഖത്ത് നീര് കെട്ടി കിടക്കുന്നുണ്ടായിരുന്നു. എന്നാല്‍’ ഡോക്ടര്‍മാര്‍ സുള്‍ഫിക്കറിനെ തിരക്കിട്ട് ഡിസ്ചാര്‍ജ് ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു.

ഒരുപാട് ആളുകള്‍ പരിക്കേറ്റു ഹോസ്പിറ്റലില്‍ എത്തുന്നുണ്ട്. എല്ലാവരെയും അഡ്മിറ്റ് ചെയ്യാന്‍ സാധ്യമല്ല എന്നായിരുന്നു ഹോസ്പിറ്റല്‍ അധികൃതരുടെ ന്യായീകരണം. ഏകദേശം 300ല്‍ അധികം ആളുകള്‍ക്ക് പരിക്കുണ്ട്. അതില്‍ 172ഓളം ആളുകള്‍ വെടിയുണ്ടയേറ്റവരാണ്. പല ആളുകളെയും രണ്ടും മൂന്നും ദിവസം ചികിത്സിച്ചു, വെടിയുണ്ട അണുവിമുക്തമാക്കിയതിനു ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയാണ് ഗവണ്മെന്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍. അങ്ങനെ മാര്‍ച്ച് 9നു അപ്പോയ്‌മെന്റ് നല്‍കിക്കൊണ്ട് 29ആം തിയതി സൈദ് സുല്ഫിക്കറിനെ GTB ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത സുള്‍ഫിക്കര്‍ വേദന കാരണം നല്ലവണ്ണം ഉറങ്ങിയിട്ടില്ല. അയാളുടെ ഇടതുകണ്ണിനു ചുറ്റും കറുത്ത പാടുകള്‍ ഉണ്ട്. ഭാരമേറിയ ശരീരം കാരണം ഒരു വശം ചെരിഞ്ഞുറങ്ങുന്നത് വളരേ പ്രയാസകരമാണ്. സുള്‍ഫിക്കറിന്റെ അവസ്ഥ കേട്ടറിഞ്ഞ യുണൈറ്റഡ് അഗൈന്‍സ്റ്റ് ഹേറ്റ് (UAH) എന്ന സന്നദ്ധ സംഘടനയുടെ വളണ്ടിയര്‍മാര്‍ അദ്ധേഹത്തെ ജാമിയക്കടുത്തുള്ള അല്‍ ഷിഫ ഹോസ്പിറ്റലിലേക്ക് റെഫര്‍ ചെയ്തു. അല്‍ ഷിഫയിലെ ഡോക്ടര്‍ മുകേഷിനോട് സംസാരിച്ച UAH വളണ്ടിയര്‍മാരോട് അദ്ദേഹം ഒരാഴ്ചക്കകം സുല്ഫിക്കറിന്റെ വെടിയുണ്ട നീക്കം ചെയ്യാം എന്ന് ഉറപ്പു കൊടുത്തു. ഇത് കേട്ട സുല്ഫിക്കറിന്റെ മനസ്സില്‍ സന്തോഷം കൊടുമ്പിരികൊണ്ടു. തബ്ലീഗ് ജമാത്തുകാരനായ അയാള്‍ മുകേഷുള്‍പ്പടെ എല്ലാവര്ക്കും വേണ്ടി പ്രാര്‍ഥിച്ചു.

നൂര്‍-എ-ഇലാഹിയില്‍ നിന്നും തിരിച്ചു പോകാന്‍ നേരം വികാരഭരിതനായി സുള്‍ഫിക്കര്‍ പറഞ്ഞു, ”ദേശ് കി ഗദ്ടാരോണ്‍ കോ….ഗോലി മാരോന്‍ സാലോം കോ” (ദേശത്തിന്റെ ഒറ്റുകാരെ…….വെദിവെക്കൂ *****) എന്നാര്‍ത്തട്ടഹസിച്ചാണ് അവര്‍ എന്റെ നേര്‍ക്ക് വെടിയുതിര്‍ത്തത്. ”എങ്ങനെയാണ് ഞാന്‍ ഒറ്റുകാരനാവുന്നത്? എപ്പോഴാണ് ഞാന്‍ രാജ്യദ്രോഹിയായത്?,” വികാരഭരിതനായി കണ്ണീരുകള്‍ അടക്കാന്‍ സാധിക്കാതെ സുള്‍ഫിക്കര്‍ തുടര്‍ന്നു.” ദേശം മുഴുവന്‍ സാമുദായിക സൗഹാര്‍ദം പ്രച്ചരിപ്പിക്കുന്നവരാണ് നമ്മള്‍. സമാധാനമാണ് ഞങ്ങള്‍ പടര്‍ത്തുന്നത്. മനുഷ്യത്വത്തെക്കാള്‍ വലുതായ് ഒന്നുമില്ല,

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദില്ലിയില്‍ മൂന്നു നാളുകളിലായി സംഭവിച്ച നരഹത്യ ഒരാള്‍ക്കും മരണംവരെ മറക്കാന്‍ സാധിക്കുകയില്ല. പരസ്പരവിശ്വാസത്തിന്റെയും സുരക്ഷയുടെയും അടിത്തറ ഇളകിയിരിക്കുകയാണ്. മോദി,മോദി എന്ന് ഉന്മാദനൃത്തമാടിയവരില്‍ ചിലരെങ്കിലും ഇന്ന് പശ്ചാത്താപത്താല്‍ കരയുകയാണ്. മോദി, താങ്കള്‍ എന്താണീ ചെയ്തു വെച്ചത്? ഹിന്ദു സഹോദരങ്ങള്‍ പോലും കഷ്ടതയിലാണ്. ഭരണകൂടമാണ് മര്‍ദകര്‍. ഈ കൂട്ടര്‍ക്കു രാജ്യം ഭരിക്കാന്‍ ഒരു അര്‍ഹതയും ഇല്ല,”

NB : സൈദ് സുള്‍ഫിക്കര്‍ ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ആയി. ഡോക്ടര്‍ മുകേഷ് വാക്ക് പാലിച്ചു. ആ വെടിയുണ്ട ഇന്ന് സുള്‍ഫിക്കറിന്റെ ശരീരത്തില്‍ ഇല്ല. എന്നാല്‍, വെടി കൊണ്ട 172 ആളുകളില്‍ ഭൂരിഭാഗവും തങ്കളുടെ ശരീരത്തില്‍ വെടിയുണ്ടയും പേറി റിലീഫ് ക്യാമ്പിലും, ബന്ധു വീടുകളിലുമായി വേദന കടിച്ചമര്‍ത്തി അതിജീവനത്തിലാണ്.

അഷ്ഫാഖ്‌

ഡല്‍ഹിയില്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more