പ്രധാനമന്ത്രിക്ക് നല്‍കിയത് കള്ളക്കണക്കാണെന്ന് തെളിയിക്കാന്‍ വ്യാജ വാര്‍ത്തയുമായി ജന്മഭൂമി
Fact Check
പ്രധാനമന്ത്രിക്ക് നല്‍കിയത് കള്ളക്കണക്കാണെന്ന് തെളിയിക്കാന്‍ വ്യാജ വാര്‍ത്തയുമായി ജന്മഭൂമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd September 2018, 7:54 pm

കോഴിക്കോട്: കേരളത്തിലെ ദുരിതബാധിതര്‍ക്കായി കേന്ദ്ര ആരോഗ്യ വകുപ്പ് 65000 ടണ്‍ മരുന്നയച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെ വീണ്ടും വ്യാജവാര്‍ത്തയുമായി ബി.ജെ.പി മുഖപത്രം ജന്മഭൂമി. കേന്ദ്രസഹായത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മുന്നില്‍ കേരളം അവതരിപ്പിച്ചത് കള്ളക്കണക്കാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ജന്മഭൂമി തെകറ്റിദ്ധാരണജനകമായ വാര്‍ത്തയുമായി  രംഗത്തെത്തിയത്.

പ്രധാനമന്ത്രിക്ക് നല്‍കിയത് കള്ളക്കണക്കുകള്‍ എന്ന തലക്കെട്ടോടെ ഇന്നത്തെ ജന്മഭൂമിയിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രളയക്കെടുതിയില്‍ കേന്ദ്ര സഹായത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയത് കള്ളക്കണക്കാണെന്നു തെളിഞ്ഞുവെന്നും പ്രധാനമന്ത്രിയോട് പറഞ്ഞതിന്റെ പകുതി പോലും നഷ്ടം ഉണ്ടായിട്ടില്ല എന്നാണ് യഥാര്‍ഥ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും പത്രം പറയുന്നു. ആഗസ്റ്റ് 18ന് കൊച്ചിയിലെ ചര്‍ച്ചയില്‍ പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചതെന്നും പത്രത്തില്‍ പറയുന്നു.


Read Also : ബി.ജെ.പിക്ക് തകര്‍ച്ച; കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം


 

മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നല്‍കിയ പ്രാഥമിക കണക്കനുസരിച്ച് ഏതാണ്ട് 16,000 കി.മി പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളും, 82000 കി.മി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള റോഡുകളും, 134 പാലങ്ങളും തകര്‍ന്നുവെന്നാണ് അറിയിച്ചത്. ഇതു കൂടാതെ മറ്റു നാശനഷ്ടങ്ങളും കൂടി കണക്കിലെടുത്താണ് 19,512 കോടി രൂപയുടെ പ്രാഥമിക നഷ്ടം എന്നനിലയില്‍ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചത്.

എന്നാല്‍ കേരളത്തില്‍ മൊത്തം തകര്‍ന്നത് 34,732 കി.മി റോഡ് മാത്രമാണെന്നും, ഇത് നന്നാക്കാന്‍ വെറും 5,511 കോടി രൂപ മതിയെന്നുമാണ് ജന്മഭൂമിയുടെ കണ്ടെത്തല്‍. ഇത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് വാര്‍ത്തയില്‍ കൃത്യമായി പറയുന്നില്ല. കള്ളക്കണക്കുകളെ കൂട്ടു പിടിച്ചു കൊണ്ടാണ് കണക്ക് വ്യാജമാണെന്നു തെളിയിക്കാന്‍ ജന്മഭൂമി ശ്രമിക്കുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം.


Read Also : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജുകള്‍ വിജയമാവര്‍ത്തിച്ച് എസ്.എഫ്.ഐ


പ്രളയക്കെടുതികള്‍ വിലയിരുത്താനായി കേരളത്തിലെത്തിയ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രാഥമിക വിലയിരുത്തല്‍ എന്ന രൂപത്തില്‍ 19,512 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ കേരളത്തിന് ഉണ്ടായെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. റോഡ്, പാലങ്ങള്‍, വീടുകള്‍, കൃഷി തുടങ്ങി സര്‍വ്വ മേഖലകളിയലുമുണ്ടായ നഷ്ടങ്ങളുടെ പ്രാഥമിക വിലയിരുത്തലായിട്ടാണ് മുഖ്യമന്ത്രി അന്ന് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രളയം പൂര്‍ണ്ണമായും കെട്ടടങ്ങിയ ശേഷം മാത്രമേ യഥാര്‍ത്ഥ കണക്കുകള്‍ വ്യക്തമാകുകയുള്ളുവെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു.

പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ വരുന്ന റോുഡളുടെ കണക്കെടുപ്പുകള്‍ മാത്രമേ നിലവില്‍ ഭാഗീകമായെങ്കിലും പൂര്‍ത്തിയായിട്ടുള്ളൂ. അത് തന്നെ അന്തിമ റിപ്പോര്‍ട്ട് ഇത് വരെ ആയിട്ടുമില്ല. അത് പ്രകാരം ഏകദേശം 17,000 കി.മി റോഡാണ് ആകെ തകര്‍ന്നിട്ടുള്ളത്. ഇതില്‍ ഏകദേശം 8,000 കി മി റോഡുകള്‍ അറ്റകുറ്റപണികള്‍ മാത്രം ചെയ്താല്‍ മാത്രമാണ് ഗതാഗത യോഗ്യമാകുമെന്നാണ് പൊതുമരാമത്ത് വകുപ്പ് കണക്കുകൂട്ടുന്നത്. ഇതിനു 772 കോടി രൂപയോളം രൂപ വരുമെന്നാണ് സൂചന.

വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ വരുന്ന റോഡിന്റെ (ഏകദേശം 82,000 കി.മി) കണക്കെടുപ്പ് ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. ഇതില്‍ ചില ഭാഗങ്ങളില്‍ കിലോമീറ്റര്‍ കണക്കിന് റോഡ് പൂര്‍ണ്ണമായും ഒഴുകിപ്പോയിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കൂടാതെ മറ്റു നഷനഷ്ട്ടങ്ങളുടെ കണക്കെടുപ്പ് കൂടെ പൂര്‍ത്തിയായാല്‍ മാത്രമേ കേരളത്തിന് ഉണ്ടായാ യഥാര്‍ഥ നാശനഷ്ടങ്ങള്‍ എത്രയെന്ന് കൃത്യമായി വിലയിരുത്തുവാന്‍ സാധിക്കുകയുള്ളൂ.

“ദുരന്തസഹായത്തിനായി കേരളം കള്ളക്കണക്കുകളാണ് കാണിക്കുന്നതെന്ന ആക്ഷേപം കേന്ദ്രസര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ക്കുണ്ട്. സുനാമി, ഓഖി ദുരിതത്തില്‍ അത് തെളിഞ്ഞതുമാണ്. അതിനാല്‍ കേരളം കൊടുക്കുന്ന നിവേദനങ്ങളെ സംശയത്തോടെ വീക്ഷിക്കുകയും അര്‍ഹതപ്പെട്ടത് കിട്ടാന്‍പോലും കാലതാമസം ഉണ്ടാകുകയും ചെയ്യുന്നു. അതിന് വഴി തെളിയിക്കുന്നതാണ് പ്രധാനമന്ത്രിക്കു മുന്നില്‍ വെച്ച കള്ളക്കണക്ക്”. എന്ന് പറഞ്ഞു കൊണ്ടാണ് വാര്‍ത്ത അവസാനിക്കുന്നത്.

നേരത്തെ കേരളത്തിലെ ദുരിതബാധിതര്‍ക്കായി കേന്ദ്ര ആരോഗ്യ വകുപ്പ് 65000 ടണ്‍ മരുന്നയച്ചെന്ന ജന്മഭൂമിയുടെ വ്യാജ വാര്‍ത്ത വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ദുരിതബാധിതരുടെ കണക്കും വാര്‍ത്തയിലെ മരുന്നിന്റെ കണക്കും തമ്മിലുള്ള വൈരുദ്ധ്യമായിരുന്നു റിപ്പോര്‍ട്ടിലെ പൊള്ളത്തരം തുറന്നുകാട്ടിയത്.

പത്തുലക്ഷം പേര്‍ പ്രളയദുരിത ബാധിതരാണെന്നാണ് കണക്ക്. വാര്‍ത്തയില്‍ അവകാശപ്പെടുന്നതുപോലെ 65,000 ടണ്‍ മരുന്ന് അതായത് 65000000 കിലോ മരുന്ന് എത്തിച്ചിട്ടുണ്ടെങ്കില്‍ ഒരാള്‍ക്ക് 65 കിലോ മരുന്ന് കിട്ടും. മാധ്യമങ്ങള്‍ പാലിക്കേണ്ട അടിസ്ഥാനപരമായ വസ്തുതാ പരിശോധന പോലും നടത്താതെയാണ് ജന്മഭൂമി ഈ അബദ്ധവാര്‍ത്ത നല്‍കിയത് എന്നത് ഈ കണക്കുകളില്‍ നിന്ന് വ്യക്തമായിരുന്നു.