| Thursday, 27th July 2023, 12:16 pm

മനപൂര്‍വം വരുത്തിവെച്ച അപകടം; നമിതയുടെ മരണത്തില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുവാറ്റുപുഴയില്‍ ബൈക്ക് ഇടിച്ച് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അപകട കാരണം, ബൈക്കിന്റെ അമിത വേഗതയെന്ന് സഹപാഠികള്‍. മനപൂര്‍വം വരുത്തിവെച്ച അപകടമാണിതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ബൈക്ക് ഓടിച്ച ആന്‍സണ്‍ റോയി കോളേജിന് മുന്നിലൂടെ അമിത വേഗത്തില്‍ പോയത് വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തിരുന്നു. ശേഷം തങ്ങളെ പ്രകോപിപ്പിക്കാന്‍ വീണ്ടും ബൈക്കിലെത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നും ദൃക്‌സാക്ഷികളായ
വിദ്യാര്‍ത്ഥികള്‍ പറയുന്നു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

മൂവാറ്റുപുഴ നിര്‍മല കോളേജിലെ നമിതയാണ് കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്. ആന്‍സണ്‍ റോയിയെ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്ക് മുമ്പില്‍ ഇന്നലെ രാത്രി വിദ്യാര്‍ത്ഥി പ്രതിഷേധമുണ്ടായിരുന്നു. ആശുപത്രിയില്‍വെച്ച് ‘വാഹനമായാല്‍ ഇടിക്കും’ എന്ന് ആന്‍സണ്‍ പ്രതികരിച്ചതാണ് വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് അധ്യാപകരും പൊലീസും എത്തിയാണ് ഇവരെ അനുനയിപ്പിച്ചത്.

നമിതയും സുഹൃത്ത് അനുശ്രീയും റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അനുശ്രി ഇപ്പോഴും ചികിത്സയില്‍ കഴിയുകാണ്. ബൈക്ക് ഓടിച്ച ആന്‍സനും അപകടത്തില്‍ പരിക്കേറ്റിരുന്നു. അനുശ്രീയേയും നമിതയേയും പ്രവേശിപ്പിച്ച ആശുപത്രിയില്‍ തന്നെയായിരുന്നു ഇയാളെയും പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് രാത്രി വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റവെയാണ് വിദ്യാര്‍ത്ഥി പ്രതിഷേധം നടന്നത്.

ആന്‍സണ്‍ റോയിക്കെതിരെ കുറ്റകരമായ നരഹത്യ, അപകടകരമായ രീതിയില്‍ വാഹനമോടിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. നമിതയുടെ മൃതദേഹം കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. ഉച്ചക്ക് ശേഷമാണ് സംസ്‌കാരം നടക്കുക.

Content Highlight: report on case of the death of a college student after being hit by a bike in Muvattupuzha

We use cookies to give you the best possible experience. Learn more