കൊച്ചി: മുവാറ്റുപുഴയില്‍ ബൈക്ക് ഇടിച്ച് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അപകട കാരണം, ബൈക്കിന്റെ അമിത വേഗതയെന്ന് സഹപാഠികള്‍. മനപൂര്‍വം വരുത്തിവെച്ച അപകടമാണിതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ബൈക്ക് ഓടിച്ച ആന്‍സണ്‍ റോയി കോളേജിന് മുന്നിലൂടെ അമിത വേഗത്തില്‍ പോയത് വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തിരുന്നു. ശേഷം തങ്ങളെ പ്രകോപിപ്പിക്കാന്‍ വീണ്ടും ബൈക്കിലെത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നും ദൃക്‌സാക്ഷികളായ
വിദ്യാര്‍ത്ഥികള്‍ പറയുന്നു. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
മൂവാറ്റുപുഴ നിര്‍മല കോളേജിലെ നമിതയാണ് കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്. ആന്‍സണ്‍ റോയിയെ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്ക് മുമ്പില്‍ ഇന്നലെ രാത്രി വിദ്യാര്‍ത്ഥി പ്രതിഷേധമുണ്ടായിരുന്നു. ആശുപത്രിയില്‍വെച്ച് ‘വാഹനമായാല്‍ ഇടിക്കും’ എന്ന് ആന്‍സണ്‍ പ്രതികരിച്ചതാണ് വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് അധ്യാപകരും പൊലീസും എത്തിയാണ് ഇവരെ അനുനയിപ്പിച്ചത്.