റിപ്പോര്‍ട്ട് / ഇര്‍ഷാദ് തലകാപ്
പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി പഞ്ചായത്തില്‍ അമ്പിട്ടന്‍തരിശ് എന്നൊരു കോളനിയുണ്ട്. അധികമാരും കേള്‍ക്കാനിടയില്ലാത്ത ഒരിടം. പക്ഷെ അമ്പിട്ടന്‍തരിശിനെ കുറിച്ച് പറയാന്‍ ഒരുപാടുണ്ട്.
നാല് വര്‍ഷത്തെ ദുരിതത്തിന്റെ ചരിത്രം, ഒരു കോളനിയുടെ പോരാട്ടാത്തിന്റെ ചരിത്രം. കിഴക്കഞ്ചേരി പഞ്ചായത്തില്‍ മൊത്തം 40 ക്വാറികളുണ്ട്. ഇതില്‍ അമ്പിട്ടന്‍തരിശില്‍ മാത്രമായി നാല് ക്വാറികളാണുള്ളത്.
ജോജി ജോര്‍ജ് എന്നായാളുടെ ഉടമസ്ഥതയിലുള്ള കൊട്ടുകാപ്പള്ളി സാന്റ് ആന്‍ഡ് മെറ്റല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ക്വാറിയാണ് പ്രധാനമായും ഇവിടെ മണ്ണിനേയും ഭൂമിയേയും ഊറ്റുന്നത്.
ജോജിക്ക് പാറമട കൂടാതെ ക്രഷര്‍ യൂണിറ്റ് കൂടി ഉണ്ട്. പാറ പൊട്ടിക്കുന്നത് മുതല്‍ കല്ല് ടിപ്പര്‍, ടോറസ് എന്നിവയില്‍ കയറ്റി കൊണ്ടുപോകുന്നതു വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും അമ്പിട്ടന്‍ തരിശിലെ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന രീതിയിലാണ്.
ഇതിനിടയില്‍ കോളനിവാസികളെ നടുക്കിക്കൊണ്ട് 2013 ഒക്ടോബര്‍ 4 ന് കല്ല് കയറ്റാനായി അതിവേഗത്തില്‍ ഓടിച്ചു വന്ന ജോജിയുടെ ടിപ്പര്‍ ലോറി ഇടിച്ച് റുബീന എന്ന സ്ത്രീ മരണപ്പെട്ടിരുന്നു. അമ്പിട്ടന്‍ തരിശിലെ ഗ്രാമീണ റോഡുകള്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമുള്ള ഗതാഗതമാണ് ക്വാറികള്‍ മൂലം ഉണ്ടാകുന്നത്.
ജോജി ജോര്‍ജ് എന്നായാളുടെ ഉടമസ്ഥതയിലുള്ള കൊട്ടുകാപ്പള്ളി സാന്റ് ആന്‍ഡ് മെറ്റല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ക്വാറിയാണ് പ്രധാനമായും ഇവിടെ മണ്ണിനേയും ഭൂമിയേയും ഊറ്റുന്നത്.
ദിനംപ്രതി 250 ഓളം ട്രിപ്പുകളാണ് ക്വാറികളില്‍ നിന്നും നടക്കുന്നത്. റോഡുകള്‍ തകരുന്നതിന് ഇത് കാരണമാകുന്നുണ്ട്. റോഡിന്റെ വശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പൈപ്പുകള്‍ പൊട്ടി കുടിവെള്ള വിതരണം തടസ്സപ്പെടുന്നതിനും ഈ ഗതാഗത ബാഹുല്യം കാരണമാകുന്നു.
അമ്പിട്ടന്‍തരിശിലെ ജനത നേരിടുന്ന ഒരു പ്രധാന പ്രശ്‌നം ക്വാറികളില്‍ നടക്കുന്ന വലിയ സ്‌ഫോടനങ്ങള്‍ മൂലം വീടുകള്‍ക്കുണ്ടാകുന്ന തകര്‍ച്ചയാണ്. നിയമം അനുശാസിക്കുന്ന യാതൊരു നിബന്ധനയും പാലിക്കാതെയാണ് പാറമട പ്രവര്‍ത്തിക്കുന്നത്.
27 സ്‌ഫോടനങ്ങള്‍ വരെ ഒരേസമയം ജോജിയുടെ പാറമടയില്‍ നടത്തുന്നതായി ജനങ്ങള്‍ പറഞ്ഞു. പ്രദേശത്തെ 20 ഓളം വീടുകളുടെ ചുമരുകള്‍ക്ക് വിള്ളലുണ്ടാകുന്നതിന് ഇത് കാരണമായിട്ടുണ്ട്. ഓടു മേഞ്ഞ വീടുകളുടെ മേല്‍ക്കൂരയ്ക്കു കേടുപാടുകള്‍ വരുന്ന സംഭവങ്ങളും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
72 വീടുകള്‍ ഉള്ള കോളനിയില്‍ ഇപ്പോള്‍ 42 വീടുകളില്‍ മാത്രമാണ് താമസക്കാരുള്ളത്. അതില്‍ 21 കുടുംബങ്ങള്‍ പട്ടിക വര്‍ഗ്ഗക്കാരാണ്. കോളനിയുടെ തൊട്ടടുത്തുള്ള പാറമടയുടെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും കഷ്ടതകളും മൂലമാണ് താമസക്കാര്‍ ഒഴിഞ്ഞുപോയിട്ടുള്ളത്.
കോളനി നില്‍ക്കുന്നത് പാറയുടെ മുകളിലാണ്. ജോജി കൊളനിയിലെ രണ്ടു വീടുകള്‍ സ്വന്തമാക്കിയതായി ജനങ്ങള്‍ പറഞ്ഞു. കോളനിയോടു ചേര്‍ന്ന് കിടക്കുന്ന 2.5 ഏക്കര്‍ ഭൂമിയും ഇയാള്‍ വാങ്ങിച്ചിട്ടുണ്ട്. ഈ ഭൂമിയില്‍ പാറമടയില്‍ നിന്നുള്ള മാലിന്യങ്ങളും മട്ടിക്കല്ലും കൂനകളായി നിക്ഷേപിച്ചിരിക്കുകയാണ്.
കൊളനിവാസികളെ അവരുടെ വാസസ്ഥലത്തെ ജീവിതം ദുസ്സഹമാക്കി സ്വയം ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരാക്കാന്‍ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നതെന്നാണ് ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. കോളനി നില്‍ക്കുന്ന പാറ ലക്ഷ്യം വച്ചു കൊണ്ടാണ് ജോജി ഇപ്രകാരം ചെയ്യുന്നത്.
പട്ടികജാതി-വര്‍ഗ്ഗ അതിക്രമങ്ങള്‍ നിരോധന നിയമം അനുസരിച്ചു ശിക്ഷാര്‍ഹമായ പ്രവര്‍ത്തിയാണിത്. കോളനിയില്‍ താമസിക്കുന്നവരെ സംബന്ധിച്ചിടത്തോളം വീടുകളുടെ തകര്‍ച്ച രൂക്ഷവും വലിയ ഭയാശങ്കകള്‍ക്ക് കാരണവുമായിട്ടുണ്ട്. കൂലിപണിക്കാരും, റബ്ബര്‍ ടാപ്പിങ് തൊഴിലാളികളുമായിട്ടുള്ള കോളനിവാസികള്‍ക്ക് വീടുകളുടെ തകര്‍ച്ച വലിയ സാമ്പത്തിക ബാധ്യത വരുത്തി വെക്കും.
അതുകൊണ്ട് തന്നെ ക്വാറികളുടെ പ്രവര്‍ത്തനം ഉടനടി നിറുത്തിവെക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ക്വാറികള്‍ റവന്യു ഭൂമിയിലാണെന്ന് സ്ഥിതി ചെയ്യുന്നതെന്ന് സര്‍വേ രേഖകള്‍ കാണിച്ചുകൊണ്ട് ജനങ്ങള്‍ സാക്ഷ്യപ്പെടുത്തി.
ചെറുകിട-ഇടത്തരം റബ്ബര്‍ കൃഷിക്കാരും റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിങ് തൊഴിലാളികളായി പണിയെടുക്കുന്നവരും ആണ് ഇവിടത്തെ ഭൂരിഭാഗം ജനങ്ങളും. പാറമടയുടെയും ക്രഷര്‍ യൂണിറ്റിന്റേയും പ്രവര്‍ത്തനഫലമായി ഈ പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ വ്യാപകമായി പാറപ്പൊടി കലരുന്നതിന് ഇടയാകുന്നുണ്ട്.
പാറപ്പൊടി റബ്ബര്‍ വൃക്ഷങ്ങളിലും മറ്റും പറ്റി പിടിച്ചിരിക്കുന്നത് ഈ പ്രദേശത്തെ റബ്ബര്‍ കൃഷിയെ ദോഷകരമായി ബാധിക്കുന്നുണ്ട്. പാറപ്പൊടി കലര്‍ന്ന അന്തരീക്ഷത്തില്‍ ജീവിക്കുന്നത് കൊണ്ട് ആസ്ത്മ, ചൊറിഞ്ഞു പൊട്ടുക, ശ്വാസംമുട്ടല്‍, ശരീരമാസകലം വൃണങ്ങള്‍ തുടങ്ങിയ ദേഹാസ്വാസ്ഥ്യങ്ങളും അസുഖങ്ങളും വ്യാപകമാകുന്നുണ്ട്. ക്രഷര്‍ യുണിറ്റില്‍ നിന്നും തുറന്ന ടിപ്പര്‍ ലോറികളില്‍ വേണ്ടരീതിയില്‍ മറയ്ക്കാതെയാണ് പാറപ്പൊടി കൊണ്ടുപോകുന്നത് എന്നതും ഭീകരമാണ്.
വര്‍ഷത്തില്‍ മുഴുവന്‍ സമയത്തും ജലലഭ്യതയുള്ള സ്ഥലമായിരുന്നു അമ്പിട്ടന്‍തരിശ്. എന്നാല്‍ പാറമടയില്‍ പാറപ്പൊടി ശുദ്ധീകരിക്കാന്‍ വേണ്ട വെള്ളത്തിനായി ഏകദേശം 6 മീറ്റര്‍ ആഴത്തില്‍ വലിയ ഒരു കുളം നിര്‍മ്മിച്ചതിന് ശേഷം ഈ പ്രദേശത്ത് കിണറുകളില്‍ വെള്ളം വറ്റുകയും കടുത്ത ജലക്ഷാമം നേരിടുകയുമാണ്.
അടുത്തപേജില്‍ തുടരുന്നു
കഴിഞ്ഞ ഡിസംബര്‍ പത്തിന് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ:തുഷാര്‍ നിര്‍മ്മല്‍ സാരഥി, പോരാട്ടം സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ സി.എ അജിതന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പങ്കെടുത്തിരുന്നു.
എന്നാല്‍ അടുത്ത ദിവസം മുതല്‍ മംഗലം ഡാം പോലീസ് സ്‌റ്റേഷനിലെ പോലീസുകാരും സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥരും അമ്പിട്ടന്‍തരിശിലെ വീടുകള്‍ കയറിയിറങ്ങി പുറത്തു നിന്ന് ആരെയും അമ്പിട്ടന്‍തരിശിലെ ക്വാറി വിരുദ്ധ സമരത്തില്‍ പങ്കെടുപ്പിക്കരുതെന്നും അവരെല്ലാം തീവ്രവാദികള്‍ ആണെന്നും പറഞ്ഞു ജനങ്ങളെ ഭയപ്പെടുത്തുകയായിരുന്നു.
ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തി വച്ച ക്വാറികളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 30 നു ക്വാറികളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസുകാരും മംഗലം ഡാം പോലിസ് സ്‌റ്റെഷനിലെ പോലീസുകാരും അമ്പിട്ടന്‍തരിശിലെ വീടുകളില്‍ കയറിയിറങ്ങി ഭീഷണിപ്പെടുത്തി.
അഡ്വ.തുഷാര്‍ നിര്‍മ്മല്‍ സാരഥിയുടെ ഫോണ്‍ നിയമവിരുദ്ധമായി ചോര്‍ത്തുകയും തുഷാര്‍ ഫോണില്‍ വിളിച്ച ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുഷാറും അജിതനും മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്നും അവരുമായി ബന്ധപ്പെട്ടാല്‍ തീവ്രവാദി കേസില്‍ ഉള്‍പ്പെടുത്തി ജയിലിലാക്കുമെന്നും പറഞ്ഞാണ് പോലിസ് ഭീഷണിപ്പെടുത്തിയത്.
അത് കൂടാതെ വയനാടും മറ്റും മാവോയിസ്റ്റുകളെ കണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് അമ്പിട്ടന്‍തരിശില്‍ വ്യാപകമായി ഒട്ടിക്കുകയും ഇനി പുറത്തുനിന്നും ആരെങ്കിലും വരികയാണെങ്കില്‍ ഉടന്‍ പോലിസിനെ വിവരമറിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
തുഷാറിനെ ഫോണില്‍ വിളിച്ചു സംസാരിച്ചതിന്റെ പേരില്‍ ആക്ഷന്‍ കൌണ്‍സില്‍ കണ്‍വീനര്‍ പി.കെ.രാജന്റെ മകന്‍ രതീഷിന്റെ പാസ്‌പോര്‍ട്ട് മംഗലം ഡാം പോലിസ് സ്‌റ്റേഷനില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.
പ്രദേശത്തിനെ കുറച്ച് ഡോക്യൂമെന്ററി എടുക്കാനായി കഴിഞ്ഞ ദിവസം പോയ സാമൂഹ്യ പ്രവര്‍ത്തകയും ഡോക്യൂമെന്ററി സംവിധായകയുമായ യാമിനി പരമേശ്വരന്റെ നേതൃത്വത്തിലുള്ള സംഘത്തിനും പോലീസിന്റെയും ജോജിയുടേയും ഭാഗത്തുനിന്ന് ഇതേ സമീപനമാണ് നേരിട്ടത്.
ആദ്യ യാത്രയില്‍ ഇവര്‍ സഞ്ചരിച്ച കാറിന്റെ നമ്പര്‍ പോലീസ് ശേഖരിക്കുകയും ഉടമയുടെ നിര്‍ദേശമനുസരിച്ചെന്നോണമാണ് തങ്ങളോട് പെരുമാറിയെന്നും യാമിനി പറഞ്ഞു. ഇന്നലെ ഡോക്യുമെന്റെറി സംഘം സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ക്വാറി ഉടമയായ ജോജി ഇവരെ തടയുകയും ഭീഷണിപ്പെടുത്തി സംസാരിക്കുകയും ചെയ്തു.
പ്രദേശത്ത് ക്വാറി-ക്രഷര്‍ ഘനനങ്ങള്‍ തുടര്‍ന്നാല്‍ ഈ പ്രദേശം ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമാകും എന്നതില്‍ സംശയമില്ല.
പിന്നീട് പോലീസ് ഇവരോട് സ്‌റ്റേഷനില്‍ വരാന്‍ ആവശ്യപ്പെുടകയും ചെയ്തു. ആദ്യം ഭീഷണി സ്വരത്തിലാണ് പോലീസ് സംസാരിച്ചതെന്ന് യാമിനി പറഞ്ഞു. പോലീസ് ആദ്യം സംഘത്തോട് ഡോക്യുമെന്ററി സംഘമാണെന്നതിനുള്ള തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു.
എന്നാല്‍ ഡോക്യുമെന്റെറി സംഘത്തിന് തിരിച്ചറിയല്‍ രേഖ ആവശ്യമില്ലെന്ന് പറഞ്ഞതോടെ സാമൂഹ്യപ്രവര്‍ത്തകരാണെന്നതിനുള്ള രേഖ ആവശ്യപ്പെട്ടു. സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് രേഖ ആവശ്യമില്ലെന്ന് അറിയിച്ചപ്പോള്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ രേഖായായി അടുത്ത ആവശ്യം. തങ്ങള്‍ക്കെതിരെ പരാതിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ പരാതി ഇതുവരെ ലഭിച്ചില്ലെന്നാണ് പോലീസ് പറഞ്ഞത്.
ക്വാറികള്‍ക്കെതിരെ സമരം നടക്കുന്ന അമ്പിട്ടന്‍തരിശ് 11.01.14 ന് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംഘം സന്ദര്‍ശിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു. അഡ്വ.പി.എ.പൗരന്‍, ഗ്രോ വാസു, എന്‍.സുബ്രഹ്മണ്യന്‍, ഡോ. പി.ജി ഹരി, യാമിനി പരമേശ്വരന്‍, സുരേഷ് നാരായണന്‍, അനില്‍കുമാര്‍, പ്രശാന്ത് സുബ്രഹ്മണ്യന്‍, അംബിക, വി.സി ജെന്നി, ജോളി ചിറയത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം അമ്പിട്ടന്‍ തരിശിലെ ആദിവാസി കോളനിയും മറ്റു പ്രദേശങ്ങളും ക്വാറികളും മംഗലം ഡാം പോലിസ് സ്‌റ്റേഷനും സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
പ്രദേശത്ത് ക്വാറി-ക്രഷര്‍ ഘനനങ്ങള്‍ തുടര്‍ന്നാല്‍ ഈ പ്രദേശം ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമാകും എന്നതില്‍ സംശയമില്ല. മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും കണ്ണടക്കുന്ന ഈ പ്രദേശത്തിനായി ശബ്ദം ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.