ന്യൂദല്‍ഹി: യമുനാതീരം നശിപ്പിച്ചെന്ന ഹരിത ട്രിബ്യൂണല്‍ നിശ്ചയിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് തള്ളി ആര്‍ട്ട് ഓഫ് ലിവിങ് രംഗത്ത്. റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാന്നാണ് ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ വാദം.
എന്താണ് നശിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. അതിന്റെ കൃത്യമായ കണക്കുകള്‍ റിപ്പോര്‍ട്ടിലില്ല. റിപ്പോര്‍ട്ട് കൃത്യമല്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും ആര്‍ട്ട് ഓഫ് ലിവിങ്ങിനു വേണ്ടി പരിസ്ഥിതി വിദഗ്ധന്‍ പ്രഭാകര്‍ റാവു പറഞ്ഞു.
ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ലോക സാംസ്‌കാരികോത്സവം നടന്ന യമുനാതീരം പൂര്‍ണമായും നശിച്ചുപോയെന്നായിരുന്നു വിദഗ്ധസമിതി ദേശീയ ഹരിത ട്രിബ്യൂണലിന് നല്‍കിയ റിപ്പോര്‍ട്ട്.
ദല്‍ഹിയില്‍ ഡി.എന്‍.ഡി. മേല്‍പ്പാലം മുതല്‍ ബാരാപുള്ള ഡ്രെയിന്‍ വരെയുള്ള യമുനാതീരം പൂര്‍ണമായും നശിച്ചെന്നും ഈപ്രദേശം മുഴുവന്‍ പൂര്‍ണമായും നിരപ്പാവുകയും ഉറച്ചുപോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദേശത്തെ പച്ചപ്പ് ഇല്ലാതായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ മൂന്നു ദിവസം യമുനാതീരത്ത് ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് നടത്തിയ പരിപാടി വിവാദമായിരുന്നു. യമുനാതീരത്തെ പരിസ്ഥിതിയെ ബാധിക്കും വിധമാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നായിരുന്നു ആരോപണമുയര്‍ന്നത്. എന്നാല്‍, താല്‍ക്കാലിക നിര്‍മ്മാണങ്ങള്‍ മാത്രമാണ് അവിടെ നടന്നതെന്ന് സംഘാടകര്‍ അവകാശപ്പെട്ടിരുന്നു.
ഒരേസമയം 25000ത്തോളം പേര്‍ക്ക് ഇരിക്കാവുന്ന കൂറ്റന്‍ സ്റ്റേജാണ് പരിപാടിയ്ക്കായി യമുനാതീരത്ത് പടുത്തുയര്‍ത്തിയത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒരേസമയം പരിപാടി കാണാനുള്ള സൗകര്യങ്ങളും വാഹനപാര്‍ക്കിങ്ങുമെല്ലാം ഒരുക്കിയിരുന്നു.
സ്റ്റേജ് നിര്‍മ്മിക്കാനായി സ്ഥലം നിരത്തിയെന്നും കേന്ദ്ര ജലവിഭവസെക്രട്ടറി ശശി ശേഖര്‍ അധ്യക്ഷനായി ട്രിബ്യൂണല്‍ നിയമിച്ച ഏഴംഗ വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടില്‍പറയുന്നു. നാഷണല്‍ എന്‍വയോണ്‍മെന്റ് എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ദല്‍ഹി ഐ.ഐ.ടി തുടങ്ങി ഉന്നത സ്ഥാപനങ്ങളിലെ വിദഗ്ധരും സമിതിയിലുണ്ടായിരുന്നു.
ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച പരിപാടിക്ക് വേണ്ടി യമുനാതീരത്തെ മരങ്ങളും ജല സ്രോതസുകളും നശിപ്പിച്ചതായി 17 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.