വാഷിങ്ടണ്‍: ചെങ്കടലില്‍ യെമന്‍ ഹൂത്തികള്‍ നടത്തുന്ന ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ ചെറുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചിലവില്‍ യു.എസ് ആശങ്കയിലാണെന്ന് പൊളിറ്റിക്കോയുടെ റിപ്പോര്‍ട്ട്. ഹൂത്തി ആക്രമണങ്ങളെ തടയുന്നതുമായി ബന്ധപ്പെട്ട് ചിലവ് വര്‍ധിച്ചുവരുന്നതില്‍ പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊളിറ്റിക്കോയുടെ റിപ്പോര്‍ട്ട്.
കപ്പലുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടി നിരവധി പ്രമുഖ ചരക്ക് കമ്പനികള്‍ ചെങ്കടല്‍ വഴിയുള്ള യാത്ര നിര്‍ത്തിവച്ചതിന് പിന്നാലെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്.
ഇസ്രഈല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ചെങ്കടലില്‍ ഹൂത്തികള്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം ആരംഭിച്ചത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ചെങ്കടലിന് മുകളിലൂടെ പറന്ന ഹൂത്തികളുടെ 38 ഡ്രോണുകളും നിരവധി മിസൈലുകളും യു.എസ് നാവികസേന വെടിവെച്ചിട്ടതായി യു.എസ് പ്രതിരോധ വകുപ്പ് അറിയിച്ചിരുന്നു.
ശനിയാഴ്ച മാത്രം യെമന്‍ വിക്ഷേപിച്ചതായി സംശയിക്കുന്ന 14 ഡ്രോണുകളാണ് യു.എസ് ഡിസ്‌ട്രോയര്‍ ആയ യു.എസ്.എസ് കാര്‍ണി വെടിവെച്ചിട്ടത്.
യുഎസ് നാവിക സേനയുടെ ഉപരിതല- ആകാശ മിസൈലുകള്‍ ഉപയോഗിക്കുന്നതിനുള്ള ചെലവ് വര്‍ദ്ധിച്ചുവരുന്നതായി പ്രതിരോധ വകുപ്പില്‍ നിന്നുള്ള സ്രോതസ്സുകളെ ഉദ്ധരിച്ച് പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ യുദ്ധോപകരണങ്ങള്‍ക്കും ഹൂത്തികള്‍ ഉപയോഗിക്കുന്ന ഡ്രോണുകളേക്കാള്‍ 1,000 മടങ്ങ് വിലയുള്ളതായാണ് കണക്കാക്കപ്പെടുന്നത്.
‘ഇത് ഒരു പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. കാരണം മിസൈലുകളും ഡ്രോണുകളും ഞങ്ങള്‍ വെടിവെച്ചിട്ടാലും വിജയം അവര്‍ക്ക് തന്നെയാണ്. സാഹചര്യം അവര്‍ക്ക് അനുകൂലമാണ്. അവര്‍ ഉപയോഗിക്കുന്ന യുദ്ധോപകരണങ്ങള്‍ക്ക് അനുസൃതമായി വിലകുറഞ്ഞ സംവിധാനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ യു.എസിന് കഴിയേണ്ടതുണ്ട്. അത്തരം സംവിധാനങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു,’മുന്‍ യു.എസ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനും സി.ഐ.എ ഉദ്യോഗസ്ഥനുമായ മിക്ക് മള്‍റോയ് പറഞ്ഞു.
92 മുതല്‍ 130 നോട്ടിക്കല്‍ മൈല്‍ വരെ ദൂരപരിധിയുള്ള സ്റ്റാന്‍ഡേര്‍ഡ് മിസൈല്‍-2 ആണ് ഹൂത്തികളുടെ ആക്രമണത്തെ നേരിടാന്‍ നിലവില്‍ യു.എസ് ഉപയോഗിക്കുന്നത്. ഇതില്‍ ഓരോന്നിനും 2.1 മില്യണ്‍ ഡോളര്‍ ചിലവ് വരും.
താരതമ്യേന ചിലവ് കുറഞ്ഞ എവോള്‍വ്ഡ് സീ സ്പാരോ മിസൈലുകള്‍, എയര്‍ ബര്‍സ്റ്റ് റൗണ്ടുകള്‍ എന്നിവ ഉപയോഗിക്കാമെങ്കിലും ഇവയുടെ ദൂരപരിധി വളരെ പരിമിതമായിരിക്കുമെന്ന് പൊളിറ്റിക്കോയുടെ വൃത്തങ്ങള്‍ പറഞ്ഞു.
‘ഹൂത്തികള്‍ നിലവില്‍ യു.എസിന്റെ സ്റ്റാന്‍ഡേര്‍ഡ് മിസൈല്‍-2 വിനെതിരെ ആക്രമണം നടത്തുന്നുണ്ട്. അവര്‍ക്ക് കഴിയുന്നിടത്തോളം യു.എസ് മിസൈലുകള്‍ വെടിവെച്ചിടുന്നുണ്ട്. യു.എസിന്റെ മിസൈലുകളെ ചെറുക്കാനുള്ള എല്ലാ ശ്രമങ്ങളും അവര്‍ നടത്തുന്നുണ്ട്,’ യു.എസ് മുന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഹൂത്തികളെ നേരിടാന്‍ യു.എസിന് ഇപ്പോള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ വിലകുറഞ്ഞ മറ്റ് സാധ്യതകള്‍ ഉണ്ടെന്ന് തോന്നുന്നില്ല, സെന്റര്‍ ഫോര്‍ നേവല്‍ അനാലിസിന്റെ ഉപദേഷ്ടാവ് സാമുവല്‍ ബെന്‍ഡെറ്റ് പൊളിറ്റിക്കോയോട് പറഞ്ഞു.
അതേസമയം ചെങ്കടലില്‍ ഹൂത്തികള്‍ വിന്യസിച്ച ചാവേര്‍ ഡ്രോണുകള്‍ക്ക് പരമാവധി 2,000 ഡോളര്‍ ചിലവാകും എന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്.
ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെയുള്ള വിമത ആക്രമണങ്ങളെ നേരിടാന്‍ ഒരു അന്താരാഷ്ട്ര നാവിക ദൗത്യസേന രൂപീകരിക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെ ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കുന്നത് വരെ, എന്ത് ത്യാഗം സഹിച്ചിട്ടായാലും വിമത ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഹൂത്തി വക്താവ് മുഹമ്മദ് അല്‍ ബുഖൈതി തല്‍ ട്വിറ്ററില്‍ മറുപടിയും നല്‍കിയിരുന്നു.
ഇസ്രഈല്‍ ആക്രണത്തില്‍ ഇതുവരെ 20000 ത്തോളം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഗസയിലെ തങ്ങളുടെ സഹോദരങ്ങള്‍ക്കെതിരായ ആക്രമണം ഇസ്രഈല്‍ അവസാനിപ്പിക്കുന്നത് വരെ ചെങ്കടലില്‍ ആക്രമണം തുടരുമെന്ന് ഹൂത്തികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlight: Houthi attacks on red sea pentagon-concerned with cost