ന്യൂദല്‍ഹി: രാജ്യത്ത് കര്‍ഷകര്‍ സമരം ചെയ്യുന്നത് മാധ്യമ ശ്രദ്ധ കിട്ടാനെന്ന് കേന്ദ്ര കൃഷി മന്ത്രിയും ബി.ജെ.പി നേതാവുമായ രാധാ മോഹന്‍ സിങ്ങ് പറഞ്ഞു. രാജ്യത്ത് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച 10 ദിവസത്തെ സമരത്തെക്കുറിച്ചായിരുന്നു കൃഷി മന്ത്രിയുടെ പ്രതികരണം.
രാജ്യത്ത് കോടികണക്കിന് കര്‍ഷകര്‍ ഉണ്ടെന്നും വെറും ആയിരങ്ങള്‍ മാത്രം അംഗങ്ങളായുള്ള കാര്‍ഷിക സംഘടനകളാണ് സമരം ചെയ്യുന്നതെന്നും, അവരുടേത് മാധ്യമ ശ്രദ്ധ പിടിച്ച് പറ്റാനുള്ള അസാധാരണ നീക്കമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, വിളകള്‍ക്ക് ന്യായമായ വില ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ 10 ദിവസത്തെ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. പാല്‍, പച്ചക്കറി പോലുള്ള നിത്യോപയോഗ സാധനങ്ങളുടെ വിതരണം നിര്‍ത്തിവെച്ച കര്‍ഷകര്‍, വിളകള്‍ കൂട്ടിയിട്ട് റോഡ് ഉപരോധിച്ചും നഗരങ്ങളിലേക്കുള്ള വിതരണം സ്തംഭിപ്പിച്ചുമാണ് സമരം ചെയ്യുന്നത്.
എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. കര്‍ഷകര്‍ ദുരിതത്തിലായിരിക്കുമ്പോള്‍ തീര്‍ത്തും നിരുത്തരവാദപരമായ സമീപനമാണ് മന്ത്രി സ്വീകരിക്കുന്നതെന്നും, രാധാ മോഹന്‍ സിങ്ങ് രാജി വെയ്ക്കണമെന്നും ആര്‍.ജെ.ഡി വക്താവ് മനോജ് ജാ പ്രതികരിച്ചു.
രാജ്യത്ത് ഓരോ മണിക്കൂറിലും 35 കര്‍ഷകര്‍ മരിച്ചു കൊണ്ടിരിക്കുമ്പോള്‍ കര്‍ഷകരോട് നിഷേധാത്മകമായ സമീപനമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സദാനന്ദ് സിങ്ങ് പറഞ്ഞു.