കൊച്ചി: ഇന്ത്യന്‍ പതാകയുടെ മുകളില്‍ പാകിസ്ഥാന്‍ പതാക സ്ഥാപിച്ചെന്ന്
ആരോപിച്ച് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്തിയ പ്രചരണങ്ങളെ തൂടര്‍ന്ന് ലുലു ഗ്രൂപ്പിലെ ജീവനക്കാരിക്ക് ജോലി നഷ്ടമായെന്ന് പരാതി. വിദ്വേഷ പ്രചരണങ്ങളെ തുടര്‍ന്ന് പെട്ടന്നൊരു ദിവസം മുതല്‍ ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ലുലു ഗ്രൂപ്പില്‍ മാര്‍ക്കറ്റിങ്ങ് ആന്‍ഡ് ബ്രാന്‍ഡ് കമ്മ്യൂണിക്കേഷന്‍ കൈകാര്യം ചെയ്തിരുന്ന ആതിര നമ്പ്യാതിരി പറഞ്ഞു.
ലിങ്ക്ഡ് ഇന്നില്‍ എഴുതിയ കുറിപ്പിലൂടെയാണ് ഒരു പതിറ്റാണ്ടുകാലമായി ലുലുവിനുവേണ്ടി ആത്മാര്‍ത്ഥതയോടെ ജോലി ചെയ്തുവരുന്ന തനിക്ക് ജോലി നഷ്ടമായ സാചര്യത്തെക്കുറിച്ച് ആതിര നമ്പ്യാതിരി തുറന്നെഴുതിയത്.
ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിന്റെ ഭാഗമായിട്ടാണ് കൊച്ചിയിലെ ലുലു മാളില്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ പതാക ഉയര്‍ത്തിയത്. എല്ലാ രാജ്യങ്ങളുടെ പതാകയും ഒരേ വലുപ്പത്തിലും ഒരേ ഉയരത്തിലുമാണ് കെട്ടിയരുന്നത്.
എന്നാല്‍ മൊബൈല്‍ ഫോണില്‍ വ്യത്യസ്ത ആങ്കിളില്‍ നിന്നുള്ള ചിത്രങ്ങളെടുത്ത് പാകിസ്ഥാന്‍ പതാക ഇന്ത്യന്‍ പതാകക്ക് മുകളില്‍ കെട്ടിയതാണെന്ന് പറഞ്ഞായിരുന്നു സംഘ് പ്രൊഫൈലുകള്‍ പ്രചരിപ്പിച്ചത്. പ്രതീഷ് വിശ്വനാഥനും ലസിത പാലക്കല്‍ അടക്കമുള്ള തീവ്രഹന്ദുത്വ പ്രൊഫൈലുകളും ഈ പ്രചരണത്തെ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആതിരക്ക് ജോലി നിഷ്ടമായത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് മുന്‍നിര്‍ത്തി പതാകകള്‍ അലങ്കാരമായി ഉപയോഗിച്ചത്, ആര്‍ക്കും ഊഹിക്കാന്‍ പോലും കഴിയാത്ത വിധം ചില കേന്ദ്രങ്ങള്‍ വളച്ചൊടിച്ചതായി ആതിര പറഞ്ഞു. തനിക്കുണ്ടായത് വലിയ നഷ്ടമാണെന്നും ഇത്തരത്തിലുള്ള വിദ്വേഷം ഇനി മറ്റൊരാളെ ബാധിക്കരുതെന്നും ആതിര കൂട്ടിച്ചേര്‍ത്തു.
ആതിരയുടെ വാക്കുകള്‍
അസത്യങ്ങളും സോഷ്യല്‍ മീഡിയ സെന്‍സേഷനലിസവും കാരണം പെട്ടെന്നൊരു ദിവസം ജോലി ചെയ്യാന്‍ കഴിയില്ല എന്നത് എന്നെ ഏറെ വേദനിപ്പിക്കുന്നു. ഇന്ത്യക്കാരെന്ന നിലയില്‍ അഭിമാനിക്കുന്നവരാണ് നമ്മള്‍. ജോലി ചെയ്യുന്ന കമ്പനിയോടും പ്രതിജ്ഞാബദ്ധതരാണ് നമ്മള്‍.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങള്‍ ഒരാളുടെ ഉപജീവനത്തെ നശിപ്പിച്ചേക്കും. ഒരു കമ്പനി അതിന്റെ പ്രശസ്തിയെയും സമഗ്രതയെയും വിലമതിക്കുന്നത് പോലെ ഈ രാജ്യത്തെ ഒരു പൗര എന്ന നിലയില്‍, ഞാന്‍ എന്റെ രാജ്യത്തോട് അഗാധമായ സ്നേഹം പുലര്‍ത്തുന്നു, അതിന്റെ ബഹുമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഞാന്‍ തയ്യാറുമാണ്.
എന്നാല്‍, സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് മുന്‍നിര്‍ത്തി പതാകകള്‍ അലങ്കാരമായി ഉപയോഗിച്ചത് ആര്‍ക്കും ഊഹിക്കാന്‍ പോലും കഴിയാത്ത വിധം ചില കേന്ദ്രങ്ങള്‍ വളച്ചൊടിച്ചു.
അതിനാല്‍, വിദ്വേഷം പ്രചരിപ്പിക്കുന്നതില്‍ നിന്നും വ്യക്തികളുടെ കരിയറും ജീവിതവും നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഈ ഡിജിറ്റല്‍ യുഗത്തില്‍ സത്യത്തിനും നീതിക്കും വേണ്ടി നമുക്ക് ഒരുമിച്ച് നില്‍ക്കാം. എന്റെ നഷ്ടം ഒരു നഷ്ടമാണ്, പക്ഷേ ഈ വിദ്വേഷം ഇനി മറ്റൊരാളെ ബാധിക്കരുത്
അതേസമയം, വസ്തുത മനസിലാക്കാതെയാണ് പതാക സംബന്ധിച്ച പ്രചരണങ്ങള്‍ നടന്നിരുന്നതെന്ന് ലുലു അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
Content Highlight: Report, Employee of Lulu Group has lost her job due to the propaganda carried out by Sangh Parivar centers