| Thursday, 26th September 2024, 12:41 pm

സഞ്ജുവിന്റെ വജ്രായുധത്തെ റാഞ്ചാനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്; ഞെട്ടിക്കാനൊരുങ്ങി ധോണിപ്പട

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.പി.എല്‍ ലേലത്തിലാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ഏതെല്ലാം താരങ്ങള്‍ ടീം വിട്ട് പോകുമെന്നും ഏതെല്ലാം താരങ്ങള്‍ പുതിയ ടീമില്‍ ചേരുമെന്നുമാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമായി നിലനില്‍ക്കുന്ന ചര്‍ച്ചകള്‍.

ഇപ്പോഴിതാ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിനെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ശ്രമിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റേവ് സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ചെന്നൈ അടുത്ത സീസണില്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന താരങ്ങളുടെ ലിസ്റ്റില്‍ അശ്വിനും ഉണ്ട് എന്നാണ് പറയുന്നത്.

നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് അശ്വിന്‍. അടുത്ത സീസണില്‍ ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ നിലനിര്‍ത്തിയില്ലെങ്കില്‍ വരാനിരിക്കുന്ന ലേലത്തില്‍ ചെന്നൈക്ക് അശ്വിനെ ടീമില്‍ എത്തിക്കാന്‍ സാധിക്കും. 2008 മുതല്‍ 2015 വരെ അശ്വിന്‍ ചെന്നൈക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ തന്റെ പഴയ തട്ടകത്തിലേക്ക് അശ്വിന്‍ വീണ്ടും തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ലേലത്തിനു മുന്നോടിയായി ഏതെല്ലാം താരങ്ങളെ ചെന്നൈ നിലനിര്‍ത്തും എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എം.എസ് ധോണി, രവീന്ദ്ര ജഡേജ, റിതുരാജ് ഗെയ്ക്വാദ് എന്നീ മൂന്ന് താരങ്ങളെ ചെന്നൈ നിലനിര്‍ത്തുമെന്ന് റേസ് സ്‌പോര്‍ട്‌സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവര്‍ക്ക് പുറമേ ശിവം ദുബെ, മതീഷാ പതിരാന എന്നീ താരങ്ങളെയും ചെന്നൈ നിലനിര്‍ത്താന്‍ സാധ്യതകളുണ്ട്.

അതേസമയം ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ അശ്വിന്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടികൊണ്ടാണ് അശ്വിന്‍ തിളങ്ങിയത്. ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം നിറം മങ്ങിയപ്പോള്‍ അശ്വിന്റെ ഇന്നിങ്സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ നല്‍കിയത്.

133 പന്തില്‍ 113 റണ്‍സ് നേടിക്കൊണ്ടായിരുന്നു അശ്വിന്‍ തിളങ്ങിയത്. 11 ഫോറുകളും മൂന്ന് സിക്സുമാണ് അശ്വിന്‍ നേടിയത്. ബൗളിങ്ങില്‍ രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റുകള്‍ നേടിക്കൊണ്ടാണ് അശ്വിന്‍ കരുത്തുകാട്ടിയത്. 21 ഓവറില്‍ 88 റണ്‍സ് വിട്ടു നല്‍കിയാണ് അശ്വിന്‍ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ മത്സരത്തിലെ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡും അശ്വിന്‍ സ്വന്തമാക്കിയിരുന്നു. ഇതോടെ ഒരു ചരിത്രനേട്ടവും അശ്വിന്‍ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന താരമായി മാറാനാണ് അശ്വിന് സാധിച്ചത്.

20 തവണയാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയത്. 19 തവണ ടെസ്റ്റ് ക്രിക്കറ്റില്‍ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്നുകൊണ്ടാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

Content Highlight: Report Chennai Super Kings Want Sign R. Ashwin

We use cookies to give you the best possible experience. Learn more