വാഷിംഗ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സൗദി അറേബ്യ സന്ദര്‍ശന സമയത്ത് സൗദി രാജകുടുംബം നല്‍കിയത് വ്യാജ സമ്മാനങ്ങളായിരുന്നെന്ന് റിപ്പോര്‍ട്ട്. വെള്ളക്കടുവയുടേയും ചീറ്റയുടേയും രോമങ്ങള്‍ കൊണ്ട് നിര്‍മിച്ചതെന്ന് അവകാശപ്പെട്ട് നല്‍കിയ മേല്‍ക്കുപ്പായങ്ങള്‍ വ്യാജമായിരുന്നെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിന് ശേഷം ആദ്യമായി സന്ദര്‍ശിച്ച രാജ്യമായിരുന്നു സൗദി അറേബ്യ. 2017 ജനുവരിയില്‍ അധികാരമേറ്റതിന് പിന്നാലെ മെയ് മാസത്തിലായിരുന്നു ട്രംപും ഭാര്യ മെലാനിയയും സൗദി സന്ദര്‍ശിച്ചത്.
ട്രംപിന് സൗദി നല്‍കിയ സമ്മാനങ്ങള്‍ അമേരിക്കയില്‍ നേരത്തേയും ചര്‍ച്ചാവിഷയമായിരുന്നു. 1973ല്‍ അമേരിക്കയില്‍ നിലവില്‍ വന്ന വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷക്കുന്നതിനുള്ള നിയമം മുന്‍നിര്‍ത്തിയായിരുന്നു അന്ന് മൃഗസ്‌നേഹികള്‍ വിമര്‍ശനമുന്നയിച്ചത്.
മൃഗങ്ങളുടെ രോമക്കുപ്പായങ്ങള്‍ക്ക് പുറമേ മൂന്ന് വാളുകള്‍, മൂന്ന് കഠാരകള്‍ എന്നിവയും സമ്മാങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിലൊരു കഠാരയുടെ പിടി ആനക്കൊമ്പ് കൊണ്ടാണ് നിര്‍മിച്ചതെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതും വ്യാജമാണെന്നാണ് ഇപ്പോള്‍ പുറത്തുവന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്.
ട്രംപിന്റെ സൗദി സന്ദര്‍ശനവേളയില്‍ 82 സമ്മാനങ്ങളായിരുന്നു രാജകുടുംബം നല്‍കിയത്.
ട്രംപിന്റെ ഭരണസമയത്ത് സമ്മാനങ്ങള്‍ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. അധികാരം ഒഴിയുന്നതിന്റെ അവസാന ദിവസം സമ്മാനങ്ങളെല്ലാം വൈറ്റ് ഹൗസില്‍ നിന്ന് ജനറല്‍ സര്‍വീസസ് അഡ്മിനിസ്ട്രേഷനിലേക്ക് കൈമാറി. ശേഷം യു.എസ് ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് സര്‍വീസ് ഇവയെല്ലാം വിശദമായി പരിശോധിക്കുകയായിരുന്നു.
അപ്പോഴാണ് ഇവ വ്യാജമാണെന്ന വിവരങ്ങള്‍ ലഭ്യമായതെന്ന് അമേരിക്കന്‍ ആഭ്യന്തര വകുപ്പ് വക്താവ് ടൈലര്‍ ചെറി ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
ഇരുരാജ്യങ്ങള്‍ക്കിടയിലും നയതന്ത്രപരമായി നിയന്ത്രണങ്ങളോടെ നടത്തിയിരുന്ന സമ്മാന കൈമാറ്റം ട്രംപ് അധികാരത്തിലെത്തിയതോടെ അതിന്റെ ഗൗരവസ്വഭാവം നഷ്ടപ്പെട്ടെന്നും ആരോപണങ്ങളുണ്ടായിരുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കയോട് ഏറ്റവും അടുപ്പം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. സൗദി ഭരണാധികാരികളുമായി അടുത്ത ബന്ധമായിരുന്നു ട്രംപും പുലര്‍ത്തിയിരുന്നത്.
ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റിന് സൗദി നല്‍കിയ സമ്മാനങ്ങള്‍ വ്യാജമാണെന്ന വാര്‍ത്ത ചര്‍ച്ചയായിരിക്കുകയാണ്.