| Thursday, 23rd April 2020, 10:32 am

വധശിക്ഷകളില്‍ സൗദിയും ഇറാനും ഇറാഖും മുന്നില്‍, ഏറ്റവും മുന്നിലുള്ള ചൈനയിലെ കണക്കുകള്‍ രഹസ്യം, ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയ 2019 ലെ രാജ്യങ്ങളുടെ കണക്കു പുറത്തു വിട്ട് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. ചൈന, ഇറാന്‍, സൗദി അറേബ്യ, ഇറാഖ്, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ള ആദ്യ അഞ്ച് രാജ്യങ്ങള്‍.

പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത് ചൈനയാണ്. എന്നാല്‍ രാജ്യത്ത് നടപ്പാക്കിയ വധശിക്ഷകളുടെ കണക്ക് കൃത്യമായി ലഭിച്ചിട്ടില്ല. ആയിരത്തോളം വധശിക്ഷകള്‍ എന്നാണ് ആനംസ്റ്റി പറയുന്നത്. രാജ്യത്തെ വധശിക്ഷകളുടെ കണക്ക് കൃത്യമായി സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ ഇങ്ങനെ,
ചൈന: 1000 ത്തോളം, ഇറാന്‍: 251, സൗദി അറേബ്യ: 184, ഇറാഖ്: കുറഞ്ഞത് 100 പേര്‍, ഈജിപ്ത്: 32 ഓളം പേര്‍.

സൗദി അറേബ്യയില്‍ 2019 ല്‍ 184 വധശിക്ഷകളാണ് നടന്നത്. ആംനസ്റ്റിയുടെ കണക്ക് പ്രകാരം സൗദിയില്‍ ഒരു വര്‍ഷം നടന്ന വധിക്ഷകളില്‍ ഏറ്റവും കൂടിയ കണക്കാണിത്. തൂക്കിലേറ്റപ്പെട്ട 184 പേരില്‍ ആറ് സ്ത്രീകളും,178 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. 2018 ല്‍ 149 പേരാണ് രാജ്യത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

ഇറാഖില്‍ വധശിക്ഷകളുടെ എണ്ണം 2019 ല്‍ ഇരട്ടിയായിട്ടുണ്ട്. രാജ്യത്ത് 2018 ല്‍ 52 പേരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 2019 ല്‍ അത് നൂറോളമായി. ഐ.സ് ബന്ധം ആരോപിച്ചവരാണ് ഇറാഖില്‍ തൂക്കിലേറ്റപ്പെട്ടവരില്‍ അധികവും.

അതേ സമയം ഇറാനില്‍ 253 പേരാണ് 2018 ല്‍ തൂക്കിലേറ്റപ്പെട്ടത്. 2019 ല്‍ ഇത് 251 പേരാണ്. ഇറാനില്‍ കുറ്റം ചെയ്ത സമയത്ത് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ തൂക്കിലേറ്റയെന്നാണ് വിവരം. ഇതേ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ആംനസ്റ്റിക്ക് ലഭിച്ചിട്ടില്ല.

ചൈനയെയും ഇറാനെയും കൂടാതെ വിയ്റ്റ്‌നാം, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാര്‍ വധശിക്ഷയെ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ നല്‍കിയിട്ടില്ലെന്നാണ് ആംനസ്റ്റി ഇന്റര്‍ നാഷണല്‍ വ്യക്തമാക്കുന്നത്.

കണക്കുകള്‍ പ്രകാരം 20 രാജ്യങ്ങളിലാണ് പ്രധാനമായും വധശിക്ഷകള്‍ നടന്നത്. ഇതില്‍ സൗദി അറേബ്യ, ഇറാഖ്, സൗത്ത് സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ 2018 നേക്കാള്‍ കൂടുതല്‍ പേരെ വധശിക്ഷയ്ക്ക് വിധിച്ചു. യെമനില്‍ ഏഴ് പേരെയാണ് 2019 ല്‍ വധശിക്ഷയ്ക്ക് വിധിച്ചത്, 2018 ല്‍ യെമനില്‍ തൂക്കിലേറ്റപ്പെട്ടത് 4 പേരായിരുന്നു. സൗത്ത് സുഡാനില്‍ 11 പേര്‍ 2019 ല്‍ വധശിക്ഷയ്ക്ക് വിധേയരായി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more