| Tuesday, 30th December 2014, 4:21 pm

പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: വി.എസിനെതിരെ പത്രക്കുറിപ്പ്, കടുത്ത വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തിലെ പ്രതികളെ പുറത്താക്കിയ നടപടി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ആവശ്യത്തെയും അഭിപ്രായങ്ങളെയും തള്ളിയാണ് സെക്രട്ടറിയേറ്റിന്റെ ഈ തീരുമാനം.

സി.പി.ഐ.എം സെക്രട്ടറിയേറ്റില്‍ വി.എസിനെതിരെ പത്രക്കുറിപ്പ് ഇറക്കി. പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത വിഷയത്തിലെ വി.എസിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്. വി.എസിനെ പൂര്‍ണമായും തള്ളിയാണ് സെക്രട്ടറിയേറ്റ് പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

വി.എസിന്റെ നിലപാട് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും വിഷയത്തില്‍ പാര്‍ട്ടിയോട് യോജിക്കാതെ വി.എസ് പരസ്യമായി പ്രതികരിച്ചത് ശരിയായില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതിയായ ലതീഷിനെ മഹത്വവല്‍ക്കരിച്ചത് ശരിയായില്ലെന്നും പാര്‍ട്ടിക്ക് എതിര്‍പ്പുണ്ടായിട്ടും ലതീഷ് പോഴ്‌സണല്‍ സ്റ്റാഫായി തുടര്‍ന്നത് വി.എസിന്റെ അനുവാദത്തോടെയാണെന്നും പത്രക്കുറിപ്പില്‍ ആരോപിക്കുന്നു.

കമ്മ്യൂണിസ്റ്റ് വിരുദ്ധ മനോഭാവവുമായ ജീവിക്കുന്ന ലതീഷിനെ വി.എസിന് അറിയാമെന്നും പത്രക്കുറിപ്പ് കുറ്റപ്പെടുത്തുന്നു. വി.എസ് ശരിയായ നിലപാടെടുക്കും എന്ന പ്രതീക്ഷയും പത്രക്കുറിപ്പിലുണ്ട്.

പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പങ്കുണ്ടെന്നും വി.എസിന് എല്ലാ കാര്യങ്ങളും മുന്‍കൂട്ടി അറിയാമായിരുന്നെന്നും  സി.പി.ഐ.എം നേതാവ് ടി.കെ പളനി നേരത്തെ പറഞ്ഞിരുന്നു.

“പി. കൃഷ്ണപിള്ളയുടെ സ്മാരണം തകര്‍ക്കാന്‍ വി.എസ് ആരെയെങ്കിലും പ്രേരിപ്പിക്കുമെന്നോ അദ്ദേഹത്തിന് അങ്ങനെ ഒരു മനോഭാവം ഉണ്ടാകുമെന്നോ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ എനിക്ക് ഉറപ്പായും തോന്നുന്നത് വി.എസ് കൂടി അറിഞ്ഞുകൊണ്ടാണ് സ്മാരകം തകര്‍ക്കപ്പെട്ടത് എന്നാണ്” പളനി വ്യക്തമാക്കിയിരുന്നു.

നേരത്തെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലതീഷിനെയുള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് ശരിയായില്ലെന്ന് വി.എസ് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more