| Tuesday, 18th June 2019, 2:34 pm

ജിഷ്ണു പ്രണോയിക്കു വേണ്ടി സമരം ചെയ്ത വിദ്യാര്‍ഥികളെ മനപ്പൂര്‍വം തോല്‍പ്പിച്ചതാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാമ്പാടി നെഹ്റു കോളേജില്‍ വെച്ച് മരണപ്പെട്ട ജിഷ്ണു പ്രണോയിക്ക് നീതി ലഭിക്കുന്നത്തിനു വേണ്ടി സമരം ചെയ്ത വിദ്യാര്‍ഥികളെ മനപ്പൂര്‍വം തോല്‍പ്പിച്ചതാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

സമരം ചെയ്ത വിദ്യാര്‍ഥികളുടെ പരീക്ഷ പേപ്പര്‍ തിരുത്തി പ്രാക്റ്റിക്കല്‍ പരീക്ഷയില്‍ തോല്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ആരോഗ്യ സര്‍വകലാശാല വിസിക്ക് കൈമാറി.

ആര്‍. രാജേഷ് എം.എല്‍.എ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരീക്ഷയില്‍ തോറ്റതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നല്‍കിയ പരാതി വസ്തുനിഷ്ഠമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

വിദ്യാര്‍ഥികളുടെ പരാതിയ്ക്ക് പിന്നാലെ സര്‍വകലാശാല ഇവര്‍ക്ക് മറ്റൊരു പരീക്ഷ നടത്തിയിരുന്നു. ഇതില്‍ വിദ്യാര്‍ഥികള്‍ വിജയിച്ചിരുന്നു. ആ സാഹചര്യത്തിലാണ് വിദഗ്ധ അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചത്.

ഫാം ഡി കോഴ്‌സിനു പഠിക്കുന്ന അതുല്‍ ജോസ്, വസീം ഷാ, മുഹമ്മദ് ആഷിഖ് എന്നിവരോടാണ് കോളേജ് ഈ നടപടി സ്വീകരിച്ചിരുന്നത്. മൂവരും ജിഷ്ണുവിന് വേണ്ടി കോളേജിന് എതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തവരാണ്.

2013ലാണ് ഇവര്‍ പഠനം ആരംഭിക്കുന്നത്. 31 പേര്‍ പ്രാക്ടിക്കല്‍ പരീക്ഷക്ക് പങ്കെടുത്തിരുന്നുവെങ്കിലും ഇവര്‍ മൂന്ന് പേരും മാത്രമാണ് പരീക്ഷയില്‍ തോറ്റത്. ആദ്യത്തെ തവണ ഇവര്‍ പരീക്ഷയെഴുതി തോറ്റു.

രണ്ടാമത്തെ തവണയും ഇത് ആവര്‍ത്തിച്ചപ്പോഴാണ് തങ്ങള്‍ക്ക് നേരെ മനപ്പൂര്‍വം മാനേജ്മെന്റ് നടത്തുന്ന നീക്കമാണോ ഇതെന്ന് ഇവര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് അതുല്‍ ജോസ് വിവരാവകാശനിയമം ഉപയോഗപ്പെടുത്തി പരിശോധിച്ചപ്പോള്‍ മാര്‍ക്ക് നിര്‍ണ്ണയത്തില്‍ ക്രമക്കേട് കണ്ടെത്തി. തുടര്‍ന്നാണ് സര്‍വകലാശാല രജിസ്ട്രാര്‍ക്കും സെനറ്റിനും വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്.

We use cookies to give you the best possible experience. Learn more