[]തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രഗ് അനാലറ്റിക്കല്‍ ലാബ് നടത്തിയ മരുന്ന് പരിശോധനാ ഫലത്തില്‍ ഗുരുതരമായ പിഴവ് സംഭവിച്ചതായി സര്‍ക്കാര്‍ നിയോഗിച്ച നാലംഗ കമ്മീഷന്‍ കണ്ടെത്തി.
ലാബിന്റെ പ്രവര്‍ത്തനത്തെ പറ്റി വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ അന്വേഷണത്തിനായി നാലംഗ കമ്മീഷനെ നിയോഗിച്ചത്.
അന്വേഷണത്തില്‍ ഡ്രഗ് അനാലിറ്റിക്കല്‍ ലാബിന്റെ പ്രവര്‍ത്തനത്തില്‍ ഗുരുതരവീഴ്ച സംഭവിച്ചതായാണ് കണ്ടെത്തിയത്. ലാബില്‍ നിന്നും പല പരിശോധനാ ഫലങ്ങളും മനപൂര്‍വ്വം വൈകിപ്പിക്കുന്നതായും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്.
ഇതുമൂലം സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
കേരളത്തില്‍ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്ന സര്‍ക്കാര്‍ മേഖലയിലെ ഏക സ്ഥാപനമാണ് തിരുവനന്തപുരത്തുള്ള ഡ്രഗ് അനലറ്റിക്കല്‍ ലാബ്.
ലാബില്‍ ഗുണനിലവാര പരിശോധനയ്ക്കായി എടുക്കുന്ന സാമ്പിളുകള്‍ സൂക്ഷിക്കുന്നതില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിശോധനാഫലത്തിലെ ഗുരുതര വീഴ്ച കമ്മീഷന്‍ ഉദാഹരണ സഹിതം തന്നെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.
ലാബിന്റെ ചുമതലയുള്ള ചീഫ് ഗവണ്‍മെന്റ് അനലിസ്റ്റ് മോളിക്കുട്ടി വര്‍ഗീസിനെതിരെ ഗുരുതരമായ ആരോപണമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.
ഇവര്‍ ചെയ്യേണ്ട ജോലി കൃത്യമായി നിര്‍വഹിക്കുന്നില്ലെന്നും ഇവരുടെ കെടുകാര്യസ്ഥതയാണ് ലാബിന്റെ പ്രവര്‍ത്തനം താളംതെറ്റിച്ചതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.