മഞ്ഞുമ്മല്‍ ബോയ്‌സിന്റെ മാനവികതയില്‍ അസ്വസ്ഥരാവുന്നവര്‍
manjummal boys
മഞ്ഞുമ്മല്‍ ബോയ്‌സിന്റെ മാനവികതയില്‍ അസ്വസ്ഥരാവുന്നവര്‍
പി.ടി. രാഹേഷ്
Tuesday, 12th March 2024, 5:31 pm
മനുഷ്യവംശത്തെയാകെ ഉണര്‍ത്താനുള്ള അപരസ്‌നേഹത്തിന്റെ ഈ കഥ ഭാഷകള്‍ക്കതീതമാണ്. കേരളത്തിലും തമിഴ് നാട്ടിലും ഒരുപോലെ ഹിറ്റായി മാറിയ സിനിമക്കെതിരെ സങ്കുചിത മനസ്സോടെ വിമര്‍ശനമുന്നയിച്ച ജയമോഹന്റെ ലക്ഷ്യത്തെ തുറന്നു കാണിക്കാന്‍ നമുക്കാവണം. തൊഴിലാളികളും തൊഴില്‍ രഹിതരുമായ ഒരു സൗഹൃദ സംഘത്തെ പരസ്പര സ്‌നേഹത്തിന്റെയും കരുതലിന്റെയും അടയാളമായി മഞ്ഞുമ്മല്‍ ബോയ്‌സ് അവതരിപ്പിക്കുമ്പോള്‍ ആ കൂട്ടത്തെ കള്ളുകുടി സംഘമായി  ചിത്രീകരിക്കാനും അതുവഴി മലയാള സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിക്കാനുമാണ് ജയമോഹന്‍ ശ്രമിക്കുന്നത്.

അഗാധമായ ഗര്‍ത്തങ്ങളിലെവിടെയോ നഷ്ടപ്പെട്ട സാഹോദര്യത്തെ തിരിച്ചു പിടിക്കുകയാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. മലയാളത്തില്‍ മാത്രമല്ല മറ്റു ഭാഷകളിലും തരംഗം സൃഷ്ടിക്കുന്ന ഈ സിനിമയുടെ സന്ദേശം അതിരുകളില്ലാത്ത മാനവികതാണ്. കാണുന്നവര്‍ക്കെല്ലാം ജീവിതത്തിലെ മറക്കാനാവാത്ത ഒരു യാത്രയുമായി ചേര്‍ത്ത് വായിക്കാന്‍ കഴിയുന്നതിനാലാവണം സിനിമ ഇത്രയേറെ ജനപ്രിയമാവുന്നത്.

യാത്രകളാണ് സൗഹൃദ ബന്ധങ്ങളെ ഇടും ഉറപ്പുമുള്ളതാക്കി മാറ്റുന്നത്. നല്ല കൂട്ടുകെട്ടുകള്‍ നഷ്ടപ്പെട്ടു പോകുന്ന ഇക്കാലത്ത് കെട്ടുറപ്പുള്ള ഒരു കൂട്ടായ്മയെ കൂടിയാണ് സിനിമ കാണിച്ചു തരുന്നത്.

സിനിമക്കെതിരെ എഴുത്തുകാരന്‍ ജയമോഹന്‍ നടത്തിയ വിമര്‍ശനം സവര്‍ണ്ണ ബോധത്തിനേറ്റ ആഘാതത്തിന്റെ പ്രതിഫലനം കൂടിയാണ്.

സാഹോദര്യം എന്ന മഹത്തായ മൂല്യം മലയാളത്തിന്റെ സവിശേഷതയാണ്. സിനിമ ആ മൂല്യത്തെ കാഴച്ചക്കാര്‍ക്കിടയില്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ വിജയിക്കുന്നതു കാണുമ്പോള്‍ അസ്വസ്ഥത കാണിക്കുന്നവര്‍ ഏതു ചേരിയിലാണ് നില്‍ക്കുന്നതെന്ന് നമുക്ക് ഇപ്പോള്‍ എളുപ്പത്തില്‍ തിരിച്ചറിയാനാവും.

ജയമോഹന്‍

2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സിനിമ കാണുന്നവരെയെല്ലാം അവരുടെ യൗവ്വനകാലത്തേക്ക് കൂട്ടി കൊണ്ടു പോവുകയാണ്. പതിനേഴ് വര്‍ഷമെന്നത് അത്രത്തോളം പഴയ ഒരു കാലമല്ലെങ്കിലും നാം ജീവിക്കുന്ന ഇന്നത്തെ ലോകവുമായി പൊരുത്തപ്പെടാവുന്ന ഒന്നല്ലതായിരിക്കുന്നു.

വിനോദയാത്രക്ക് പോയ സുഹൃത്തുക്കളിലൊരാള്‍ അപകടത്തില്‍ പെട്ടാല്‍ ബാക്കിയുള്ളവര്‍ക്കെങ്ങനെയാണ് തിരിച്ചു പോരാനാവുക എന്ന ചോദ്യം നമുക്കുള്ളില്‍ ഉയര്‍ത്താന്‍ ആകുന്നു എന്നതാണ് സിനിമ ഉയര്‍ത്തുന്ന മാനവികതയുടെ രാഷ്ട്രീയം.

ഓടിയും കരഞ്ഞും തളര്‍ന്നപ്പോഴും മഞ്ഞുമ്മലിലെ സുഹൃത്തുക്കള്‍ കൈവിടാത്ത മൂല്യമാണ് ‘മനിതന്‍ ഉണര്‍ന്നു കൊള്‍ക, ഇത് മനിതന്‍ കാതലല്ലൈ, അതെയ് താണ്ടി പുനിതമാനത്’ എന്ന വരിയിലൂടെ നമുക്കുള്ളില്‍ തുളഞ്ഞു കയറുന്നത്.

മനുഷ്യവംശത്തെയാകെ ഉണര്‍ത്താനുള്ള അപരസ്‌നേഹത്തിന്റെ ഈ കഥ ഭാഷകള്‍ക്കതീതമാണ്. കേരളത്തിലും തമിഴ് നാട്ടിലും ഒരുപോലെ ഹിറ്റായി മാറിയ സിനിമക്കെതിരെ സങ്കുചിത മനസ്സോടെ വിമര്‍ശനമുന്നയിച്ച ജയമോഹന്റെ ലക്ഷ്യത്തെ തുറന്നു കാണിക്കാന്‍ നമുക്കാവണം.

തൊഴിലാളികളും തൊഴില്‍ രഹിതരുമായ ഒരു സൗഹൃദ സംഘത്തെ പരസ്പര സ്‌നേഹത്തിന്റെയും കരുതലിന്റെയും അടയാളമായി മഞ്ഞുമ്മല്‍ ബോയ്‌സ് അവതരിപ്പിക്കുമ്പോള്‍ ആ കൂട്ടത്തെ കള്ളുകുടി സംഘമായി  ചിത്രീകരിക്കാനും അതുവഴി മലയാള സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിക്കാനുമാണ് ജയമോഹന്‍ ശ്രമിക്കുന്നത്.

തൊഴിലെടുത്ത് സ്വരുക്കൂട്ടിയും, ‘ പരസ്പരം സഹായിച്ചും ഒരു സംഘം ചെറുപ്പക്കാര്‍ നടത്തുന്ന വിനോദയാത്രയുടെ പകര്‍പ്പുകള്‍ നമുക്കിടയിലെല്ലാം കാണാനാകും. അതിനിടയില്‍ അസാധാരണമായി സംഭവിക്കുന്ന ഒരപകടത്തില്‍ നിന്ന് ജീവന്‍ കൊടുത്തും തങ്ങളുടെ സുഹൃത്തിനെ രക്ഷിക്കാനുള്ള ത്യാഗനിര്‍ഭരമായ യൗവനത്തെ കാണാതെ, അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ജയമോഹന്‍ മുളപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വിദ്വേഷത്തിന്റെ വിത്തുകള്‍ മതനിരപേക്ഷ കേരളം കാണാതെ പോകരുത്.

സാങ്കേതികവിദ്യയുടെയും നിര്‍മിത ബുദ്ധിയുടെയും അനന്തമായ സാധ്യതകള്‍ ഒന്നും ഇത്രയധികം ഇല്ലാതിരുന്ന ഒരു കാലത്തെ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത ഓരോ രംഗങ്ങളിലും നമുക്ക് ഇവിടെ കാണാനാവും. മൊബൈല്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് നാം ഓരോ സീനിലും ആഗ്രഹിച്ചു പോകും. ആഴവും ശബ്ദവുമളക്കാനും കാണാനുമുള്ള പുതിയ സംവിധാനങ്ങളെ കുറിച്ചന്വേഷിക്കും.

എങ്കിലും ‘ഗുണാ കേവി’നേക്കാള്‍ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ ഭയത്തിനെ സ്‌നേഹം കൊണ്ട് ജയിക്കുകയാണവര്‍ ചെയ്യുന്നത്.

ഭൂമിയുടെ ഉള്ളറകകളില്‍ നിന്ന് സൗഹൃദത്തിന്റെ സുഗന്ധമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നമുക്ക് പകര്‍ന്നു തരുന്നത്. ഈ സൗഹൃദത്തെ ഒരു കള്ളുകുടി സംഘമായി തരംതാഴ്ത്തുകയാണ് ജയമോഹന്‍ ചെയ്യുന്നത്.

സുരക്ഷാ സംവിധാനങ്ങളുടെയും സാങ്കേതിക സാമഗ്രികളുടെയും അഭാവമൊന്നും വകവയ്ക്കാതെ കൂട്ടത്തില്‍ ഒരുവനു വേണ്ടി അചഞ്ചലമായി നിലകൊള്ളുന്ന സാഹോദര്യത്തിന്റെ ഉയര്‍ന്ന മാതൃകയെ മലയാള മണ്ണില്‍ നിന്ന് ഒരു ജയമോഹന്‍ വിചാരിച്ചാല്‍ കളങ്കപ്പെടുത്താന്‍ കഴിയുന്ന ഒന്നല്ല.

നേരിട്ടെത്തിപ്പെടാന്‍ പ്രയാസമുള്ളിടത്തു നിന്നെല്ലാം, മരണത്തിന്റെ വാതില്‍പ്പടിയില്‍ നിന്ന് അപകടത്തിലകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ നടത്തിയ ധാരാളം ശ്രമങ്ങള്‍ നമുക്കറിയാം. ശാസ്ത്രത്തിന്റെ നൂതനമായ സംവിധാനങ്ങള്‍ക്കൊപ്പം മനുഷ്യന്റെ അപരനോടുള്ള സ്‌നേഹം കൂടി ചേര്‍ത്തു വെക്കുമ്പോഴാണ് ഓരോ രക്ഷാപ്രവര്‍ത്തനവും വിജയിക്കുന്നത്.

കാട്ടിലും, മലയിലും, കടലിലും, ഖനികളിലും അകപ്പെട്ട മനുഷ്യരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് സ്‌നേഹത്തിന്റേയും ശാസ്ത്രത്തിന്റേയും കൂട്ടായ ഉപയോഗപ്പെടുത്തലിലൂടെയാണ്. ഓക്‌സിജന്‍ ഇല്ലാത്ത ഭൂപ്രദേശങ്ങളില്‍ പോലും മനുഷ്യനെ ജീവിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇന്നുണ്ട്. അതിനുള്ള സാധ്യതകള്‍ ഇല്ലാതിരുന്നിട്ടും ബാല്യകൗമാര കാലം മുതലുള്ള ആത്മബന്ധം നല്‍കിയ ജീവശ്വാസമാണ് തിരിച്ചുവരാനാവുമോ എന്നറിയാത്ത കല്ലിടുക്കിലേക്ക് കൂട്ടുകാരനെ തേടിപ്പോകാന്‍ കരളുറപ്പു നല്‍കുന്നത്.

തലയ്ക്കു മീതെ വന്ന പ്രളയത്തിലും കോവിഡ് കാലത്തും നാം തോല്‍ക്കാതെ നിന്നതും മലയാളികളുടെ ജീനിലുള്ള സാഹോദര്യം ഒന്നുകൊണ്ടു മാത്രമാണ്. ശാസ്ത്രത്തിന്റെ കരുത്തിലും, മതനിരപേക്ഷതയുടെ കെട്ടുറപ്പിലുമാണ് വീണുപോയേക്കാവുന്ന കുഴികളില്‍ നിന്ന് നാം കയറി പോന്നത്.

ആധുനിക മനുഷ്യന്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട മൂല്യങ്ങളില്‍ ഒന്നാണ് സ്‌നേഹവും, ശാസ്ത്രവും.

അപകടരഹിതമായ മുന്നോട്ടുള്ള ജീവിതത്തില്‍ ഉടനീളം മനുഷ്യന്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യങ്ങളാണിത്.
നമുക്കുള്ളില്‍ ശാസ്ത്രബോധവും സ്‌നേഹത്താല്‍ അധിഷ്ഠിതമായ സാഹോദര്യവും ഉല്പാദിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നത്.

സമാനതകളില്ലാത്ത സാഹോദര്യത്തിന്റെ വിസ്മയക്കാഴ്ച്ചയെ മനുഷ്യന്റെ സാധാരണ പ്രണയത്തേക്കാള്‍ അപ്പുറമുള്ള ഒരു വികാരമായി നമുക്കെല്ലാം സുപരിചിതമായ ഒരു തമിഴ് ഗാനത്തിന്റെ പശ്ചാത്തലത്തില്‍ അതിമനോഹരമായ അടയാളപ്പെടുത്തുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

‘മനിതന്‍ ഉണര്‍ന്നു കൊള്‍ക, യിത് മനിതന്‍ കാതലല്ലൈ, അതെയ് താണ്ടി പുനിതമാനത്’ എന്ന വരികള്‍ മനുഷ്യനെ അന്‍പോടെ ശ്രേഷ്ഠമായ മറ്റൊരു തലത്തിലേക്കുയര്‍ത്തുന്നതിനുള്ള ഒരു സ്‌നേഹഗീതം മാത്രമല്ല, ഒരു രാഷ്ട്രീയ മുദ്രാവാക്യം കൂടിയാണ്.

ശ്രീനാരായണഗുരു ഉയര്‍ത്തിയ ‘സോദരത്വേന’ എന്ന മഹത്തായ ആശയം മലയാളം ലോകത്തിന് നല്‍കിയ സംഭാവനയാണ്. ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന ഗുരു വചനം സിനിമ കണ്ടിറങ്ങുമ്പോള്‍ നമുക്കുള്ളിലെല്ലാം എഴുതി കാണിക്കും.

സര്‍വ്വസമത സമ്മേളനത്തിന്റെ ശതാബ്ദി വര്‍ഷത്തില്‍ ആധുനിക കേരളം കാഴ്ചവയ്ക്കുന്ന സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു ദൃശ്യ സന്ദേശം കൂടിയാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന മലയാളി ചെറുപ്പക്കാരുടെ ജീവിതകഥ.

ലോകത്തിനു മുമ്പില്‍ കേരളത്തിന് അവതരിപ്പിക്കാനുള്ള അതിര്‍വരമ്പുകളില്ലാത്ത മതേതരത്വത്തിന്റെ സ്‌നേഹ സന്ദേശം കൂടിയാണ് ഈ സിനിമ. മലയാള സിനിമ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഉള്ളടക്കം കൈമോശം വരാതെ ഉയര്‍ത്തിപ്പിടിക്കുകയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഗുഹാമുഖങ്ങളില്‍ കൊത്തിവെച്ച സ്‌നേഹവും, അന്ധവിശ്വാസങ്ങളുടെ കൂരിരുട്ടില്‍ കൊളുത്തി വെച്ച വെളിച്ചവുമാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’.

ആകാംക്ഷയോടെ ഒറ്റയിരിപ്പില്‍ ഓരോ കാഴ്ചക്കാരനെയും ഇരുത്താന്‍ കഴിയുന്ന അസാധ്യമായ മേയ്ക്കിങ് അനുഭവിച്ചറിയാന്‍ സിനിമ കാണുക തന്നെ വേണം. അതോടൊപ്പം തന്നെ സിനിമ കാണുമ്പോള്‍ അസ്വസ്ഥമാകുന്ന സവര്‍ണ്ണ ബ്രാഹ്മണിക്കല്‍ ചിന്ത ഉയര്‍ത്തിപ്പിടിക്കുന്നവരെയും നാം തിരിച്ചറിയണം. വര്‍ഗീയതയുടെ ഒരു വേതാള പിടുത്തത്തിനും കീഴ്‌പ്പെടാന്‍ മനസ്സില്ലാത്ത മലയാളികളുടെ സാഹോദര്യത്തെ കണ്ണിലെ കൃഷ്ണമണി പോലെ നമുക്ക് സംരക്ഷിക്കാനാവണം.

content highlights: Reply to writer Jayamohan who insulted Manjummal Boys movie and Malayalees

പി.ടി. രാഹേഷ്
പി.ടി.രാഹേഷ്. പാലക്കാട് ജില്ലയിലെ മുതുതല സ്വദേശി. കോവിഡ് കാല അനുഭവങ്ങളുടെ സമാഹാരമായ 'ബൂസ്റ്റര്‍ഡോസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും എഴുതാറുണ്ട്. കുട്ടികള്‍ക്കിടയില്‍ ബദല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.