തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രിയേയും സംസ്ഥാന സര്‍ക്കാരിനേയും പിന്തുണച്ച ശശി തരൂര്‍ എം.പിക്ക് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍.
പാര്‍ട്ടിക്കകത്തുള്ളവരാണെങ്കില്‍ പാര്‍ട്ടിക്ക് അനുസരിച്ച് പെരുമാറേണ്ടി വരുമെന്നും ശശി തരൂരിനോട് അതുമാത്രമാണ് പാര്‍ട്ടിക്ക് പറയാനുള്ളതെന്നും കെ. സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളവരുണ്ടായിരിക്കും. അത് സ്വാഭാവികമാണ്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇല്ലെങ്കില്‍ ജനാധിപത്യം പൂര്‍ണമാവില്ല.
എന്നാലും ഓരോ പ്രവര്‍ത്തകരും പാര്‍ട്ടിക്ക് വിധേയരാകേണ്ടിവരുമെന്നും സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ വൃത്തത്തില്‍ ഒതുങ്ങാത്ത ലോകം കണ്ട ആളാണ് ശശി തരൂര്‍. അപ്പോള്‍ അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരിക്കും. അത് പറയുന്നതിലും പ്രകടിപ്പിക്കുന്നതിലും തെറ്റില്ല.
പക്ഷെ ആത്യന്തികമായി പാര്‍ട്ടി നയത്തോടൊപ്പം ഒതുങ്ങി നില്‍ക്കാനും പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കാനും സാധിക്കണമെന്നാണ് കോണ്‍ഗ്രസിന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കാനുള്ളത്. ഇരുന്നിടം കുഴിക്കാന്‍ അനുവദിക്കില്ല.
വിഷയത്തില്‍ ശശി തരൂരിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും നേരിട്ട് കണ്ട് സംസാരിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
വിഷയത്തില്‍ ശശി തരൂരിന്റെ പ്രതികരണം ലഭിച്ചതിന് ശേഷമേ കൂടുതല്‍ പ്രതികരിക്കു. കെ റെയിലിനെ കുറിച്ച് ആഴത്തില്‍ പഠിച്ച ശേഷമാണ് എതിര്‍ത്തത്. പാര്‍ട്ടിയുടെ തീരുമാനത്തില്‍ പിഴവില്ല.
ആ തീരുമാനത്തെ മറികടക്കാനുള്ള ധൈര്യം ശശി തരൂരിനുണ്ടോ ഇല്ലയോ എന്ന് നമുക്ക് നോക്കാം. അങ്ങനെ ഉണ്ടെങ്കില്‍ തെറ്റ് തിരുത്തുന്നതിന് പ്രശ്‌നമില്ലല്ലോയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശശി തരൂര്‍ വ്യത്യസ്ത നിലപാടെടുക്കുന്നതില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അതൃപ്തിയറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ തരൂര്‍ പുകഴ്ത്തി സംസാരിച്ചതിലും നേതൃത്വത്തിന് എതിര്‍പ്പുണ്ട്.
കെ റെയിലില്‍ ശശി തരൂരിന്റെ നിലപാട് വ്യക്തിപരമാണെന്നും പാര്‍ട്ടി നിലപാടും യു.ഡി.എഫ് നയവും അനുസരിച്ചാണ് റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കിയതെന്നും കെ. മുരളീധരന്‍ എം.പി നേരത്തെ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ശശി തരൂര്‍ നേരത്തെ രംഗത്തുവന്നിരുന്നു. വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗാതാര്‍ഹമാണെന്നാണ് തരൂര്‍ പറഞ്ഞിരുന്നത്.
തിരുവനന്തപുരത്ത് ലുലുമാളിന്റെ ഉദ്ഘാടന വേളയിലായിരുന്നു തരൂരിന്റെ പരാമര്‍ശമുണ്ടായത്. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് മുന്നിലുള്ള തടസങ്ങളെയെല്ലാം മാറ്റാനാണ് ശ്രമിക്കുന്നത്. ഇത് നല്ലകാര്യമാണെന്നും തരൂര്‍ പറഞ്ഞിരുന്നു.