'വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടി', കണ്ണൂര്‍ സര്‍വകലാശാലയില്‍ 24ാം തവണയും എസ്.എഫ്.ഐ, മുഴുവന്‍ സീറ്റിലും വിജയം
Kerala News
'വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടി', കണ്ണൂര്‍ സര്‍വകലാശാലയില്‍ 24ാം തവണയും എസ്.എഫ്.ഐ, മുഴുവന്‍ സീറ്റിലും വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th June 2023, 5:17 pm

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് മുഴുവന്‍ സീറ്റിലും വിജയം. തുടര്‍ച്ചയായി 24ാം തവണയാണ് മുഴുവന്‍ സീറ്റിലും എസ്.എഫ്.ഐ വിജയിക്കുന്നത്.

ചെയര്‍പേഴ്സണായി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പി. അഖില തെരഞ്ഞെടുക്കപ്പെട്ടു. ടി. പ്രതിക് ജനറല്‍ സെക്രട്ടറിയായും മുഹമ്മദ് ഫവാസ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നേരത്തെ തന്നെ വയനാട് ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് എസ്.എഫ്.ഐ എതിരില്ലാതെ വിജയിച്ചിരുന്നു.

വിദ്യാര്‍ത്ഥി സംഘടനകളുടെയും മാധ്യമങ്ങളുടെയും വ്യാജ പ്രചരണങ്ങള്‍ക്കുള്ള വിദ്യാര്‍ത്ഥികളുടെ മറുപടിയാണ് സര്‍വകലാശാല വിജയമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പ് ഇന്നായിരുന്നു. തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്കെതിരെ കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി, ഫ്രറ്റേണിറ്റി സംഘടനകള്‍ ഒരുമിച്ച് മത്സരിക്കുന്ന നിലയാണുണ്ടായത്. ഈ കഴിഞ്ഞ ഏതാനും ദിവസങ്ങളായി എസ്.എഫ്.ഐക്കെതിരെ നിരവധി വ്യാജ പ്രചരണങ്ങള്‍ ഇത്തരം സംഘടനകളുടെയും ചില മാധ്യമങ്ങളുടെയും നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ഒരു പശ്ചാത്തലമുണ്ട്.

ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതിനോട് എന്താണ് പറയാനുള്ളത് എന്നുള്ളതിന്റെ റിസള്‍ട്ട് കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. മാധ്യമങ്ങളും വിദ്യാര്‍ത്ഥി സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്ന എസ്.എഫ്.ആക്കെതിരായ തെറ്റായ പ്രചരണങ്ങള്‍ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള മറുപടിയായാണ് സര്‍വകലാശ തെരഞ്ഞെടുപ്പിനകത്തെ മുഴുവന്‍ സീറ്റിലും വലിയ ഭൂരിപക്ഷത്തില്‍ എസ്.എഫ്.ഐ വിജയിച്ചത്,’ ആര്‍ഷോ പറഞ്ഞു.

content highlights: ‘Reply to Fake Propaganda’, SFI Wins 24th Time in Kannur University, All Seats