| Thursday, 4th August 2016, 6:54 pm

പിള്ളയുടെ വിവാദ പ്രസ്താവനക്ക് സര്‍ഗാത്മക മറുപടിയുമായി യുവസംഗീത സംവിധായകന്‍ നാസര്‍ മാലിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്:  പള്ളികളിലെ ബാങ്ക് വിളി നായയുടെ കുരപോലെയാണെന്നുള്ള ആര്‍. ബാലകൃഷ്ണപിള്ളയുടെ പ്രസ്താവനയ്ക്ക് സര്‍ഗാത്മക മറുപടി. ഖരഹരപ്രിയ രാഗത്തില്‍ ബാങ്ക് ചിട്ടപ്പെടുത്തി അത്  സുഹൃത്തും സംഗീത സംവിധായകനുമായ നിഖില്‍ പ്രഭയെ കൊണ്ട് പാടിച്ചാണ് യുവ സംഗീത സംവിധായകനായ നാസര്‍ മാലിക് പിള്ളയ്ക്ക് “സര്‍ഗാത്മകമായ മറുപടി” നല്‍കിയത്.

ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ സര്‍ഗാത്മക പ്രതികാരത്തോളം മധുരമായ മറ്റൊരു രീതിയില്ലെന്നും ഇത് ഹിസാത്മകവുമല്ലെന്നും നാസര്‍മാലിക് പറഞ്ഞു.

ഭൈരവി , ആഹിര്‍ ഭൈരവി തുടങ്ങിയ രാഗങ്ങള്‍ക്ക് പേര്‍ഷ്യന്‍ സംഗീതവുമായി ബന്ധം ഉള്ളത് കൊണ്ട് ഈ രാഗങ്ങളിലെ ബാങ്ക് വിളികളെക്കാള്‍ വ്യത്യസ്തയും പുതുമയും പുലര്‍ത്തുക മറ്റൊരു രാഗം ആയിരിക്കും എന്നതിനാലാണ് ഖരഹരപ്രിയ രാഗം തിരഞ്ഞെടുത്തതെന്നും നാസര്‍ മാലിക് പറഞ്ഞു


Related: കാശി വിശ്വനാഥന്റെ നേര്‍ക്ക് പൂവെറിഞ്ഞാല്‍ പോയി വീഴുക പള്ളിയിലാണ്: ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ പ്രസംഗം


ജൂലൈ 31ന് പത്തനാപുരം കമുകുംചേരിയിലെ എന്‍.എസ്.എസ് കരയോഗത്തില്‍ വെച്ചാണ് ബാലകൃഷ്ണപിള്ള വിവാദ പ്രസംഗം നടത്തിയിരുന്നത്. “തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫിസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെതന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവെച്ച് അങ്ങ് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല”  എന്നായിരുന്നു പിള്ളയുടെ പ്രസംഗം.

താന്‍ വിവാദ പരാമര്‍ശം നടത്തിയിട്ടില്ലെന്നും എന്നാല്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പിള്ള പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more