ചെന്നൈ: ഇംഗ്ലീഷില്‍ അയക്കുന്ന അപേക്ഷകള്‍ക്ക് ഇംഗ്ലീഷില്‍ തന്നെ മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി. മധുരയില്‍ നിന്നുള്ള ലോക്സഭാ എം.പി എസ്. വെങ്കടേഷ് നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം.
സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന അപേക്ഷയുടെ അതേ ഭാഷയില്‍ തന്നെയായിരിക്കണം കേന്ദ്രസര്‍ക്കാരിന്റെ മറുപടിയും എന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 1963ലെ ഔദ്യോഗിക ഭാഷാ നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്നാണ് കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്.
‘ഈ ഹരജി ഇംഗ്ലീഷിലാണ് നല്‍കിയിരിക്കുന്നത് എന്നതുകൊണ്ടു തന്നെ തിരിച്ച് ഇംഗ്ലീഷില്‍ തന്നെ മറുപടി പറയുക എന്നത് കേന്ദ്രസര്‍ക്കാരിന്റെ കടമയാണ്,’ കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ എന്‍. കിരുബകരന്‍, എം. ദുരൈസ്വാമി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി സ്വീകരിച്ചത്.
പോണ്ടിച്ചേരിയില്‍ അടിയന്തിരമായി പരീക്ഷാകേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു എം.പി വെങ്കടേഷ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 9ന് കത്തയച്ചത്. എന്നാല്‍ മന്ത്രാലയത്തില്‍ നിന്നും നവംബര്‍ 9ന് വന്ന മറുപടി ഹിന്ദിയിലായതിനാല്‍ തനിക്ക് കാര്യങ്ങള്‍ മനസ്സിലായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എം.പി കോടതിയെ സമീപിച്ചത്.
‘ഹിന്ദിയില്‍ മറുപടി പറയുക എന്നുള്ളത് നിയമലംഘനമാണ്. തങ്ങളുടെ ബുദ്ധിമുട്ടുകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുന്നതിനായി ഹിന്ദിയില്‍ കത്തെഴുതാന്‍ നിര്‍ബന്ധിതരാവുകയാണ് തമിഴ്നാട്ടിലെ ജനങ്ങള്‍. ഇത് ഭരണഘടനാവകാശങ്ങള്‍ക്കെതിരാണ്. ഔദ്യോഗിക ഭാഷാ നിയമം 1963 ന്റെ ലംഘനവുമാണ്,’ കോടതി പറഞ്ഞു.
തമിഴ്നാട് സര്‍ക്കാരിനോ തമിഴ്നാട്ടില്‍ നിന്നുള്ള എം.പിമാര്‍ക്കോ ജനങ്ങള്‍ക്കോ ഹിന്ദിയില്‍ കത്തുകള്‍ അയക്കരുതെന്നും ഇംഗ്ലീഷിലേ അയക്കാവൂ എന്നും കോടതി കര്‍ശനമായി നിര്‍ദേശിച്ചു.
‘മാതൃഭാഷ എന്നത് വളരെ പ്രധാനമാണ്. പ്രാഥമിക വിദ്യാഭ്യാസം എപ്പോഴും മാതൃഭാഷയില്‍ തന്നെയായിരിക്കണം. എന്നാല്‍ ഇന്ന് ഇംഗ്ലീഷ് ഭാഷയ്ക്ക് അമിത പ്രാധാന്യം കൊടുക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ഇംഗ്ലീഷിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ്,’ കോടതി നിരീക്ഷിച്ചു.