|

സുഭാഷിന്റെ അമ്മയെയും, ചായക്കടയിലെ ചേച്ചിയെയും, ഡോക്ടറെയും നിങ്ങള്‍ കണ്ടില്ലേ? മഞ്ഞുമ്മലില്‍ സ്ത്രീകള്‍ വില്പനച്ചരക്കെന്ന പോസ്റ്റിന് മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. 250 കോടിക്കടുത്ത് കളക്ഷന്‍ നേടിയ ചിത്രം കഴിഞ്ഞ ദിവസം ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസ് ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

സിനിമയില്‍ കൊടൈക്കനാലിലെത്തിയ ശേഷം ജീന്‍ പോള്‍ ലാലിന്റെ കഥാപാത്രം അവിടെയുള്ള ഗൈഡിനോട് ഗേള്‍സിനെ ഒപ്പിച്ച് തരുമോ എന്ന് ചോദിക്കുന്നത് സ്ത്രീകളെ വില്പനച്ചരക്കാക്കുന്ന തരത്തിലുള്ളതാണെന്നും ഇത്തരത്തിലുള്ള സീന്‍ എന്തിനാണ് ഉള്‍പ്പെടുത്തിയതെന്ന് ചോദിച്ചുകൊണ്ട് അന്ന ട്രീസ എന്ന ഐ.ഡിയില്‍ നിന്ന് വന്നപോസ്റ്റാണ് വിവാദത്തിന് കാരണം. പാന്‍ സിനിമാ കഫേ എന്ന ഗ്രൂപ്പിലാണ് അന്ന പോസ്റ്റ് ചെയ്തത്. പോസ്റ്റിന്റെ പൂര്‍ണരൂപം,

‘സാര്‍ റൂം സാര്‍..?
ഏഹ്..ഗേള്‍സ്..!
പോയാ..
സത്യത്തില്‍ സൗഹൃദത്തിന്റെ ആഴത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ സ്ത്രീകളെ ഇങ്ങനെ വില്‍പ്പനച്ചരക്കായി ചിത്രീകരിച്ചത് ഏറെ മോശമായി തോന്നി. സ്ത്രീ പ്രാധാന്യം ഇല്ലാത്ത ഈ ചിത്രത്തില്‍ ഇത്തരത്തില്‍ സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തിയത് എന്തിനാണാവോ?? വിനോദയാത്രയ്ക്ക് പോയാല്‍ ആണുങ്ങള്‍ ഇങ്ങനെയാണോ??? കഷ്ടം ??’

ഇതിന് മറുപടിയായി ഇതേ ഗ്രൂപ്പിലുള്ള അനന്ദു ജയപ്രഭ എന്ന വ്യക്തി രംഗത്തെത്തി. സുഭാഷ് ട്രോമ കാരണം ഡിപ്രഷനിലേക്ക് പോകുമ്പോള്‍ സപ്പോര്‍ട്ട് ചെയ്യുന്ന അമ്മയെ കണ്ടില്ലേ എന്നും, നാട്ടുകാര്‍ മുഴുവന്‍ മടിച്ചു നിന്നപ്പോള്‍ പൊലീസിനെ വിളിക്കാന്‍ പറഞ്ഞ ചായക്കടയിലെ പെണ്‍കുട്ടിയെ കണ്ടില്ലേയെന്നും, ഒടുവില്‍ ഹോസ്പിറ്റിലെത്തുമ്പോള്‍ പൊലീസ് കേസില്‍ നിന്ന് രക്ഷിച്ച ഡോക്ടറെ കണ്ടില്ലേയെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

ചുറ്റിലും ശക്തരായ സ്ത്രീകള്‍ ഉള്ളപ്പോള്‍ അത് കാണാതെ ഇത്തരം പോസ്റ്റ് ഇടുന്നത് തികഞ്ഞ പുരുഷ വിരോധമാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. പോസ്റ്റിന്റെ പൂര്‍ണരൂപം,

‘1, മകന്‍ ഡിപ്രഷനിലും പോസ്റ്റ് ട്രോമ ഡിസോര്‍ഡറിലും വീഴുമ്പോള്‍ താങ്ങാകുന്ന സുഭാഷിന്റെ അമ്മയെ നിങ്ങള്‍ കണ്ടില്ലേ?
2, വിശ്വാസങ്ങളില്‍ ഉറച്ചു നിന്ന് സുഭാഷ് മരിച്ചെന്നു നാട്ടുകാര്‍ പറയുമ്പോള്‍ ആ ചെറുപ്പക്കാരനെ രക്ഷിക്കണം പൊലീസിനെ വിളിക്ക് എന്ന് പറയുന്ന, പോയി സഹായിക്കാന്‍ തന്റെ കൂടെ ഉള്ളവരോട് ധൈര്യത്തോടെ പറയുന്ന ആ കടയിലെ ചേച്ചിയെ നിങ്ങള്‍ കണ്ടില്ലേ…?
3, ആശുപത്രിയില്‍ ചെല്ലുമ്പോള്‍ പോലീസും കേസും പോട്ടെ പുല്ല് നിങ്ങള്‍ നാട്ടില്‍ പോയി ഇവന് ചികിത്സ കൊടുക്ക് ഇവിടത്തെ കാര്യം ഞാന്‍ നോക്കിക്കോളാം എന്ന് പറഞ്ഞ ഡോക്ടര്‍ ലെ സ്ത്രീയെ നിങ്ങള്‍ കണ്ടില്ലേ… ?

ചുറ്റിനും ശക്തരായ സ്ത്രീകള്‍ സിനിമയിലും സമൂഹത്തിലും ഉണ്ട്. പ്രശ്നം സ്ത്രീ അല്ല പുരുഷ വിരോധം ആണ്… ആ തിമിരം ബാധിച്ചാല്‍ ഇതൊന്നും കാണില്ല’ പോസ്റ്റില്‍ പറഞ്ഞു.

Content Highlight: Reply for the post saying Manjummel Boys is showing misogyny is discussing in social media