ധോണിയെ മാറ്റുന്നത് നിങ്ങളൊരു അപകടം വിളിച്ചു വരുത്തുന്നതിന് തുല്യമാണെന്നും ഗാരി കൂട്ടിച്ചേര്‍ത്തു.
ന്യൂദല്‍ഹി: ധോണിയെ ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്ന് മാറ്റുന്നത് ഏറ്റവും വലിയ മണ്ടത്തരമായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗാരി കേസ്റ്റണ്‍. ധോണിയെ മാറ്റുന്നത് നിങ്ങളൊരു അപകടം വിളിച്ചു വരുത്തുന്നതിന് തുല്യമാണെന്നും ഗാരി കൂട്ടിച്ചേര്‍ത്തു.
തന്റെ അഭിപ്രായത്തില്‍ ഓരോ മികച്ച കളിക്കാരും അവരുടെ കരിയറിന്റെ അവസാനം മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ധോണിയെ ടീമില്‍ നിന്ന് പുറത്താക്കിയാല്‍ അടുത്ത ലോകകപ്പില്‍ മികച്ച പ്രകടനം നിങ്ങള്‍ക്ക് ചിലപ്പോള്‍ നിങ്ങള്‍ക്ക് നഷ്ടമാവും. ടീമിന്റെ വിജയത്തിന് തന്നെ നിര്‍ണ്ണായകമാകാവുന്ന പ്രകടനമായിരിക്കാം ചിലപ്പോള്‍ അത്. ധോണിയുടെ കഴിവില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ അത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും ഗാരി കൂട്ടിച്ചേര്‍ത്തു.
താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ക്യാപ്റ്റനാണ് ധോണി. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നത്. ധോണിയുടെ കരിയര്‍ പരിശോധിച്ചാല്‍ അത് വ്യക്തമാവുമെന്നും ഗാരി പറഞ്ഞു. നിങ്ങള്‍ ധോണിയുടെ ഏകദിന കരിയറും പരിശോധിക്കണം. ഒരു ഫിനിഷറെന്ന നിലയില്‍ ധോണിയെ മറികടക്കാന്‍ ഇന്നുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.