സൗത്ത് ഇന്ത്യന്‍ സിനിമയിലെ സെന്‍സേഷണല്‍ മ്യൂസിക് ഡയറക്ടറാണ് അനിരുദ്ധ് രവിചന്ദര്‍. ധനുഷ് നായകനായ ത്രീ എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് സിനിമയിലേക്കെത്തുന്നത്. ആദ്യ ചിത്രത്തിലെ ‘വൈ ദിസ് കൊലവെറി’ എന്ന ഗാനം ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു.
സോഷ്യല്‍ മീഡിയ ഇന്നത്തപ്പോലെ ആക്ടീവല്ലാത്ത കാലത്ത് ‘വൈ ദിസ് കൊലവെറി’ ഉണ്ടാക്കിയ ഓളം ചെറുതല്ല. യൂട്യൂബില്‍ 500മില്യണിനടുത്ത് കാഴ്ചക്കാരെ സ്വന്തമാക്കാന്‍ ആ പാട്ടിന് സാധിച്ചു. പിന്നീട് തമിഴ് സംഗീതലോകത്തെ അനിരുദ്ധ് തന്റെ സ്ഥാനം ഉറപ്പിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.
ധനുഷിന്റെ തന്നെ വേലൈ ഇല്ലാ പട്ടതാരി, മാരി എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ അനിരുദ്ധ് 2015ന് ശേഷം എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിലാണ് വളര്‍ന്നത്. തമിഴ് സിനിമയില്‍ അനിരുദ്ധ് എറക്ക് തുടക്കം കുറിച്ചത് 2019ല്‍ റിലീസായ പേട്ടയിലൂടെയാണ്. തന്റെ ഇഷ്ടനടന് അനിരുദ്ധ് ഒരുക്കിയ സംഗീതം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.
കത്തിക്ക് ശേഷം വിജയ്ക്ക് വേണ്ടി അനി സംഗീതമൊരുക്കിയ ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തിലെ വാത്തി കമിങ്, കുട്ടി സ്റ്റോറി, വാത്തി റെയ്ഡ് എന്നീ പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ റീച്ച് ഉണ്ടാക്കിയെടുത്തു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടക്കം വാത്തി കമിങിന് ചുവടുവെക്കുന്ന വീഡിയോ വലിയ ചര്‍ച്ചയായിരുന്നു. ഇന്ന് കാണുന്ന രീതിയില്‍ അനിരുദ്ധ് വളര്‍ന്നത് മാസ്റ്ററിന് ശേഷമാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ടാകില്ല. മാസ്റ്റിന് ശേഷം അനിയുടേതായി പുറത്തിറങ്ങിയ പാട്ടുകള്‍ പലതും ചാര്‍ട്ട്ബസ്‌റ്റേഴ്‌സായി മാറുകയും ചെയ്തിരുന്നു.
ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ട് രണ്ടാമത് ഒന്നിച്ച ലിയോയിലും അനിരുദ്ധ് തന്റെ വിശ്വരൂപം പുറത്തെടുത്തു. മുമ്പ് ചെയ്തിട്ടില്ലാത്ത തരത്തില്‍ ഇന്റര്‍നാഷണല്‍ ടച്ചുള്ള സംഗീതമാണ് ലിയോയില്‍ അനിരുദ്ധ് ഒരുക്കിയത്. എന്നാല്‍ കഴിഞ്ഞ കുറച്ചു സിനിമകളില്‍ അനിരുദ്ധിന്റെ സംഗീതത്തില്‍ ആവര്‍ത്തനവിരസത വരുന്നത് വലിയൊരു പോരായ്മായായി തോന്നുന്നുണ്ട്. ഈ വര്‍ഷം അനിരുദ്ധ് സംഗിതം നല്‍കിയ ദേവര, വേട്ടയ്യന്‍ എന്നീ ചിത്രങ്ങളില്‍ അനിയുടെ പാട്ടുകള്‍ മുമ്പ് കേട്ടവയുമായി വലിയ സാമ്യം തോന്നുന്നവയായിരുന്നു.
ദേവരയിലെ ‘ഫിയര്‍ സോങ്’ ലിയോയിലെ ‘ബാഡാസ് മാ’ എന്ന പാട്ടുമായി വലിയ സാമ്യം തോന്നിക്കുന്നതാണ്. ഇതേ ട്യൂണ്‍ തന്നെയാണ് വേട്ടയ്യനിലെ ‘ഹണ്ടര്‍ വന്തര്‍’ എന്ന പാട്ടിനും. മൂന്ന് പാട്ടിന്റെയും ഇടയിലുള്ള ഭാഗം ഒരുമിച്ച് പ്ലേ ചെയ്യുന്ന തരത്തിലുള്ള വീഡിയോകള്‍ എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ദേവരയിലെ ‘ദാവുഡി’ എന്ന പാട്ടും വേട്ടയ്യനിലെ ‘മനസിലായോ’ എന്ന പാട്ടും തമ്മില്‍ വളരെയധികം സാമ്യമുണ്ട്. ദേവരയിലെ തന്നെ ‘ചുട്ടമല്ലേ’ എന്ന പാട്ട് ശ്രീലങ്കന്‍ ഗാനമായ ‘മനികെ മാനേ ഹിതേ’ എന്ന പാട്ടിന്റെ കോപ്പിയാണെന്നും പലരും ആരോപിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് ട്രെന്‍ഡാകുന്ന, തിയേറ്ററുകളെ പൂരപ്പറമ്പാക്കാന്‍ കെല്പുള്ള പാട്ടുകളാണ് അനിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഈ കാര്യത്തില്‍ അനിരുദ്ധിനെ വെല്ലാന്‍ സൗത്ത് ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു സംഗീത സംവിധായകനില്ല. സമീപകാലത്ത് വന്നതില്‍ അനിരുദ്ധ് സംഗീതം നല്കിയ ചിത്രങ്ങളില്‍ തിരുച്ചിത്രമ്പലത്തിലെ സംഗീതം വേറിട്ടുനില്‍ക്കുന്ന ഒന്നാണ്. ബീറ്റ് ടൈപ്പ് പാട്ടുകള്‍ മാത്രമല്ല, ഫീല്‍ ഗുഡ് ഗാനങ്ങളും തനിക്ക് ഇപ്പോള്‍ ചെയ്യാന്‍ കഴിയുമെന്ന് അനി തെളിയിച്ച ചിത്രം കൂടിയായിരുന്നു തിരുച്ചിത്രമ്പലം.
ഏത് ഴോണറിനും സംഗീതം ചെയ്യാന്‍ കഴിയുന്നിടത്താണ് ഒരു സംഗീതസംവിധായകന്റെ വിജയം. അതിനുള്ള കഴിവ് അനിരുദ്ധിന് ഉണ്ടെന്ന് ഉറപ്പാണ്. ഇപ്പോള്‍ വരുന്ന ഇത്തരം വിമര്‍ശനങ്ങള്‍ക്ക് തന്റെ സംഗീതം കൊണ്ട് അനി മറുപടി നല്‍കുമെന്ന് തന്നെയാണ് വിശ്വാസം. തിരൈ തീ പിടിപ്പിക്കുന്നതില്‍ അയാള്‍ പുലിയാണ്.
Content Highlight: Repetitive songs of Anirudh Ravichander