ഒരു സത്യന്‍ അന്തിക്കാട് ചിത്രം, എന്ന് വിചാരിക്കുമ്പോൾ തന്നെ ആളുകളുടെ മനസ്സിലേക്ക് പെട്ടെന്ന് വരിക ഒരു നന്മ നിറഞ്ഞ കുടുംബമായിരിക്കും. അതിന്റെ കൂടെ പച്ചപ്പാടങ്ങളും നല്ലവരും നിഷ്‌കളങ്കരുമായ കഥാപാത്രങ്ങളും സിനിമയുടെ അവസാനം പറഞ്ഞുവെക്കുന്ന മഹത്തരമായ സന്ദേശവും ഉള്‍കൊള്ളിക്കുന്നതായിരിക്കും അദ്ദേഹത്തിന്റെ സിനിമകള്‍. സത്യന്‍ അന്തിക്കാട് ഡയറക്ട് ചെയ്യുന്ന സിനിമകളില്‍, ഇത്തരത്തില്‍ ആവര്‍ത്തിച്ചു കാണിക്കുന്ന ഒരുപാട് എലമെന്റ്‌സ് ഉണ്ടാകാറുണ്ട്.
ജയറാം – സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒരു സിനിമ റിലീസാവുമ്പോള്‍ അതില്‍ ജയറാമിന്റെ ഒരു കുടുംബ കഥയും അവിടെ നടക്കുന്ന സംഭവങ്ങളും പ്രതീക്ഷിക്കാത്തവരായി ആരുമുണ്ടാവില്ല. ആ പ്രതീക്ഷയെ തെറ്റിക്കാതെ തന്നെ ജയറാം, മീര ജാസ്മിന്‍, ദേവിക എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുമായെത്തുന്ന ഒരു ഫാമിലിയിലാണ് മകളിന്റെ കഥ നടക്കുന്നത്.
സത്യന്‍ അന്തിക്കാടും ജയറാമും ഒന്നിക്കുന്ന സിനിമകളില്‍ കുടുംബത്തില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ പ്രമേയമാക്കുന്ന ഒരു രീതി പൊതുവെ കാണാവുന്നതാണ് . കാരണം ഇവരൊന്നിച്ച തലയണമന്ത്രത്തിലും ഇരട്ട കുട്ടികളുടെ അച്ഛനിലും വീണ്ടും ചില വീട്ടുകാര്യങ്ങളിലും കൊച്ചു കൊച്ചു സന്തോഷങ്ങളിലും ഭാഗ്യദേവതയിലുമെല്ലാം ഈ കുടുംബ പ്രശ്‌നങ്ങള്‍ തന്നെയാണ് പറയുന്നത്. ഒന്നുകില്‍ വീട്ടിലെ മകനും അച്ഛനും തമ്മില്‍ പ്രശ്‌നം അല്ലെങ്കില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നം. ഈ സിനിമയില്‍ അച്ഛനും മകളും തമ്മിലാണ് പ്രശ്‌നം.
ഈ സിനിമകളുടെ ക്ലൈമാക്‌സിലെല്ലാം പ്രശ്‌നക്കാര്‍ ഒന്നിക്കുകയും കഥാപാത്രങ്ങളുടെ നന്മ പരസ്പരം മനസ്സിലാക്കുകയുമാണ് പതിവ്. മകളിലാണെങ്കിലും ജയറാം ചെയ്ത അച്ഛന്‍ കഥാപാത്രവും ദേവിക ചെയ്ത മകള്‍ കഥാപാത്രവും തമ്മില്‍ ആദ്യം വഴക്കൊക്കെ ഉണ്ടാവുമെങ്കിലും സിനിമയുടെ അവസാനം അച്ഛന്റെ സ്‌നേഹം ഈ മകള്‍ തിരിച്ചറിയുന്നുണ്ട്.
ഗ്രാമ കാഴ്ചകളില്‍ നിന്നൊരു മോചനം സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ക്കില്ല. നാട്ടിന്‍ പുറത്തുകാരന്‍ എന്ന ഇമേജില്‍ നിന്നും അദ്ദേഹത്തിന്റെ നായകന്മാരും വ്യതിചലിക്കാറില്ല. നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പാടങ്ങളും നാട്ടിന്‍ പുറത്തെ കാഴ്ചകളുമായി സമൃദ്ധമാകാറുണ്ട് അദ്ദേഹത്തിന്റെ സിനിമകള്‍. മനസ്സിനക്കരെ, പൊന്മുട്ടയിടുന്ന താറാവ്, സ്നേഹവീട്, വിനോദ യാത്ര, അച്ചുവിന്റെ അമ്മ, രസതന്ത്രം തുടങ്ങി വിവിധ കാലഘട്ടങ്ങളിലിറങ്ങിയ സിനിമകളിലെല്ലാം ഈ പാറ്റേണ്‍ ആവര്‍ത്തിക്കുന്നത് കാണാം.
ആ പട്ടികയിലേക്ക് ഇപ്പോൾ മകളും കൂടെ ചേര്‍ക്കാം. 2022 ഇല്‍ സിനിമയെടുത്താലും പാടം ചുറ്റിപ്പറ്റിയുള്ള ഒരു സീനെങ്കിലും സിനിമയില്‍ അദ്ദേഹം ആഡ് ചെയ്യും എന്നതിനുദാഹരണമാണ് മകള്‍. ജയറാമും ദേവികയും പാടത്തിലൂടെ നടക്കുന്ന സീന്‍ കടന്നു വരുന്നുണ്ട്. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലും അതിഥി തൊഴിലാളികള്‍ പണിയെടുക്കുന്ന ഒരു പാടം കാണിച്ചിരുന്നു. അത്ര അത്യാവിശ്യമായ സീനുകള്‍ അല്ലെങ്കിലും പാടം ഇല്ലാതൊരു സിനിമയിറക്കാന്‍ സത്യന്‍ അന്തിക്കാട് തയ്യാറാകാറില്ല.
കുടുംബത്തിന് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന, അല്പം പഴയ ചിന്താഗതിയുള്ള പാവം പിടിച്ച നായകനും അദ്ദേഹത്തിന്റെ സിനിമകളില്‍ കാണുന്ന ആവര്‍ത്തനങ്ങളാണ്. ഇരട്ടക്കുട്ടികളുടെ അച്ഛനിലും തൂവല്‍ കൊട്ടാരത്തിലും ഭാഗ്യദേവതയിലും ജോമോന്റെ സുവിശേഷത്തിലുമെല്ലാം ഇത് കാണാന്‍ സാധിക്കും. കാണികള്‍ക്ക് നായകന്റെ അടുത്തു പാവം തോന്നുന്ന വിധത്തിലായിരിക്കും ഈ സീനുകളൊക്കെ മേക്ക് ചെയ്യുക.
സത്യന്‍ അന്തിക്കാട് ഒരു സിനിമയെടുക്കുന്നുണ്ടെങ്കില്‍ അതില്‍ ചില അഭിനേതാക്കള്‍ക്ക് റോളുകളും ഉറപ്പായിരിക്കും. ഇന്നസെന്റ്, ശ്രീനിവാസന്‍, സിദ്ദിഖ്, കെ പി എസ് സി ലളിത ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അവരില്‍ ചിലരാണ്. മകളിലും ഈ കാസ്റ്റിംഗിലെ റിപീറ്റേഷന്‍ കാണാന്‍ സാധിക്കുന്നതാണ്. ഇവര്‍ക്ക് ലഭിക്കുന്ന റോളുകളിലും ചില സാമ്യങ്ങളുണ്ടായിരിക്കും.
പാട്ടു സീനുകളില്‍ പാടവും മീന്‍പിടിത്തവും വിട്ടൊരു പരിപാടിയുമുണ്ടാവാറില്ല അദ്ദേഹത്തിന്റെ സിനിമകളില്‍. മനസ്സിനെക്കര സിനിമയിലെ പാട്ടുകളില്‍ ഇത്തരത്തില്‍ പാടവരമ്പുത്തിലൂടെ നടക്കുന്ന സീനുകളും മീന്‍ പിടിക്കുന്ന സീനുകളും വരുന്നുണ്ട്. മകളിലെ പാട്ടിലും ഇവര്‍ മീന്‍ പിടിക്കാന്‍ ചൂണ്ടയിടുന്ന സീനും പാടത്തിലൂടെ നടക്കുന്ന സീനുമെല്ലാം കാണാന്‍ സാധിക്കുന്നതാണ്.
സത്യന്‍ അന്തിക്കാടിന്റെ തൊണ്ണൂറുകളിലും രണ്ടായിരത്തിലും ഇറങ്ങിയ സിനിമകളിലെ പല കോമഡികളും ആവര്‍ത്തിച്ചു കാണാന്‍ തോന്നിപ്പിക്കുന്നവയാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ പിന്തുടരുന്ന കോമഡി ട്രാക്ക് മകള്‍ എന്ന സിനിമയിലും ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മകള്‍ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ കോമഡി എന്ന് പറഞ്ഞു കാണിച്ച പലതും കാണികളില്‍ ചിരിക്ക് പകരം നിരാശയാണ് ഉണ്ടാക്കിയത്.
ബന്ധങ്ങളെ മഹത്വവല്‍ക്കരിക്കുന്ന രീതി അദ്ദേഹത്തിന്റെ സിനിമകള്‍ പിന്തുടരാറുണ്ട്. മനസ്സിനക്കരയില്‍ അമ്മ മക്കള്‍ ബന്ധം, വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ അച്ഛന്‍ മകന്‍ ബന്ധം ഇന്നത്തെ ചിന്താവിഷയത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം എന്നിവ അതിനുദാഹരണമാണ്.
മകളിലേക്കെത്തുമ്പോഴും ബന്ധങ്ങള്‍ക്ക് തന്നെയാണ് ഇവിടെയും പ്രാധാന്യം നല്‍കിയിരിക്കുന്നത്. അച്ഛന്‍ – മകള്‍, അമ്മ – മകള്‍, ഭാര്യ – ഭര്‍ത്താവ് എന്നിങ്ങനെയുള്ള കുടുംബങ്ങള്‍ക്കുള്ളിലെ ബന്ധങ്ങള്‍ക്ക് തന്നെയാണ് സത്യന്‍ അന്തിക്കാട് പ്രാധാന്യം നല്‍കിയിരിക്കുന്നത്. പുതിയ തലമുറ കൂടുതല്‍ ഫ്രീയായി ഇടപെടുമെന്നും അവര്‍ക്ക് പ്രൈവസിയും സ്വന്തം തീരുമാനങ്ങളും പ്രധാനപ്പെട്ടതാണെന്നുമെല്ലാം പറയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മൊത്തത്തില്‍ പഴയ അച്ചില്‍ തന്നെയാണ് മകളെയും വാര്‍ത്തെടുത്തിരിക്കുന്നത്.
മാത്രവുമല്ല ഭര്‍ത്താവില്‍ നിന്നും പേഴ്സണല്‍ സ്‌പേസ് ആഗ്രഹിക്കുന്ന ഒരു സ്ത്രീയോട് മീര ജാസ്മിന്‍ ചെയ്ത കഥാപാത്രം പ്രേമത്തെയും കുടുംബ ജീവിതത്തെയും മഹത്വവല്‍ക്കരിച്ചു സംസാരിക്കുന്ന സീനും സിനിമയില്‍ വരുന്നുണ്ട്.
Content Highlight: Repetition in Sathyan Anthikkad movies