കശ്മീര്‍: കശ്മീരില്‍ ഘട്ടം ഘട്ടമായി അഫ്‌സപ (ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട്) പിന്‍വലിക്കണമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. നിയമം പെട്ടെന്ന് പിന്‍വലിക്കണമെന്ന് പറയില്ലെങ്കിലും ആദ്യം കുറച്ച് സ്ഥലത്ത് പരീക്ഷിച്ച ശേഷം മറ്റിടങ്ങളിലും പിന്‍വലിക്കണമെന്നും മെഹബൂബ മുഫ്തി പറഞ്ഞു.
മറ്റു മന്ത്രിമാര്‍ക്കൊപ്പം അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മെഹബൂബ മുഫ്തി. തീവ്രവാദത്തിന്റെ ഇരകളാണെന്ന് സ്വയം പറയുന്ന പാകിസ്ഥാന്‍ കശ്മീരിലെ യുവാക്കളെ തോക്കെടുക്കാന്‍ പ്രേരിപ്പിക്കുകയാണെന്നും മെഹബൂബ പറഞ്ഞു.
കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് രാജ്‌നാഥുമായി മെഹബൂബ ചര്‍ച്ച നടത്തിയത്. എന്നാല്‍, സംസ്ഥാനത്ത് അക്രമം നടക്കുമ്പോള്‍ ആഭ്യന്തരമന്ത്രി ചര്‍ച്ചകള്‍ നടത്തുന്നത് അര്‍ഥശൂന്യമാണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചു.
ഹിസ്ബുള്‍ കമാണ്ടര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് പൊട്ടി പുറപ്പെട്ട പ്രതിഷേധങ്ങള്‍ കശ്മീരില്‍ ഇപ്പോഴും തുടരുകയാണ്. 5 ജില്ലകളില്‍ ഇപ്പോഴും കര്‍ഫ്യൂ തുടരുന്നുണ്ട്.