national news
സിഖ് വിരുദ്ധ കലാപം; കമല്‍നാഥിനെതിരായ പുനരന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 09, 04:11 pm
Monday, 9th September 2019, 9:41 pm

ന്യൂദല്‍ഹി: സിഖ് വിരുദ്ധ കലാപത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനെതിരായ കേസില്‍ പുനരന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. കമല്‍നാഥിനെതിരായ ആരോപണങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കും.

കമല്‍നാഥിനെതിരായ പുതിയ തെളിവുകള്‍ എസ്.ഐ.ടി പരിഗണിക്കും. കേസില്‍ കമല്‍നാഥിനെതിരെ രണ്ട് പേര്‍ സാക്ഷി പറയാന്‍ തയ്യാറായിട്ടുണ്ടെന്ന് അകാലിദള്‍ നേതാവ് മജീന്ദര്‍ സിംഗ് സിര്‍സ പറയുന്നു.

കമല്‍നാഥ്, ജഗദീഷ് ടെയ്റ്റ്‌ലര്‍, സജ്ജന്‍ കുമാര്‍ എന്നിവരായിരുന്നു പ്രധാന ആരോപണ വിധേയര്‍. രകബ്ഗഞ്ച് ഗുരുദ്വാരക്ക് മുന്നില്‍ കലാപകാരികളെ നയിച്ചിരുന്നത് കമല്‍നാഥായിരുന്നുവെന്ന് സാക്ഷിമൊഴിയുണ്ടായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കലാപം അന്വേഷിച്ച നാനാവതി കമ്മീഷനു മുന്നില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടറടക്കം രണ്ട് പേര്‍ കമല്‍നാഥിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. എന്നാല്‍, കലാപം നിയന്ത്രിക്കാനാണ് താന്‍ അവിടെ പോയതെന്നായിരുന്നു കമല്‍നാഥിന്റെ വിശദീകരണം.

‘ഞങ്ങള്‍ ഇന്ന് സാക്ഷികളോട് സംസാരിച്ചു, എസ്.ഐ.ടി വിളിക്കുമ്പോഴെല്ലാം ഹാജരാകാമെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ടെന്നും’ സിര്‍സ പറഞ്ഞു. രണ്ട് സാക്ഷികള്‍ക്കും സുരക്ഷയൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ദല്‍ഹിയിലെ ഗുരുദ്വാര റകബ്ഗഞ്ചിന് പുറത്ത് നടന്ന കലാപത്തില്‍ കമല്‍നാഥ് പങ്കെടുത്തതായാണ് അകാലിദളിന്റെ ആരോപണം.

1984ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ വധിച്ചതിന് പിന്നാലെയാണ് സിഖ് വിരുദ്ധ കലാപം ഉണ്ടായത്. ദല്‍ഹി, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി പടര്‍ന്നു പിടിച്ച കലാപത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കലാപവുമായി ബന്ധപ്പെട്ട് 88 പേരുടെ ശിക്ഷ ദല്‍ഹി ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ശരിവെച്ചിരുന്നു. അന്വേഷണം അവസാനിപ്പിച്ച 220ഓളം കേസുകളാണ് പുനരന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രിയെ സി.ബി.ഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മറ്റൊരു ഉന്നത കോണ്‍ഗ്രസ് നേതാവിനെതിരെയും നടപടിക്കൊരുങ്ങുന്നത്.