ഐ.സി.സി വനിതാ ടി-20 ലോകകപ്പില്‍ ഇന്ത്യ കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ഇംഗ്ലണ്ടിനോടായിരുന്നു ഇന്ത്യയുടെ തോല്‍വി. 11 റണ്‍സിനായിരുന്നു ലോകകപ്പിലെ ആദ്യ പരാജയം ഇന്ത്യ ഏറ്റുവാങ്ങിയത്.
വനിതാ ടി-20 ലോകകപ്പില്‍ ഒരു ടീമിനോട് ഏറ്റവുമധികം തവണ തോല്‍ക്കേണ്ടി വന്നതിന്റെ മോശം റെക്കോഡും ഇന്ത്യയെ തേടിയെത്തിയിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇത് ആറാം തവണയാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്.
ഈ പരാജയത്തിലും ഇന്ത്യക്ക് തലയുയര്‍ത്തി നില്‍ക്കാന്‍ പോന്ന ഒരു നേട്ടവും കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ സംഭവിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ പിഴുതെടുത്ത രേണുക സിങ്ങിന്റെ പ്രകടനമാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നത്.
നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങിയാണ് രേണുക അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. 3.75 എക്കോണമിയായിലായിരുന്നു താരത്തിന്റെ പ്രകടനം.
ഓപ്പണര്‍ ഡാനി വയറ്റിനെ പുറത്താക്കിക്കൊണ്ടാണ് രേണുക തുടങ്ങിയത്. ഇന്നിങ്‌സിലെ തന്റെ രണ്ടാമത്തെ പന്തില്‍ തന്നെ വയറ്റിനെ ഗോള്‍ഡന്‍ ഡക്കാക്കിയാണ് രേണുക മടക്കിയത്. അടുത്ത ഓവറില്‍ അലീസ് കാപ്‌സിയെയും രേണുക മടക്കി. ആറ് പന്തില്‍ നിന്നും മൂന്ന് റണ്‍സെടുത്ത് നില്‍ക്കവെയാണ് കാപ്‌സിയെ ക്ലീന്‍ ബൗള്‍ഡാക്കി രേണുക പുറത്താക്കിയത്.
സോഫിയ ഡന്‍ക്ലിക്കായിരുന്നു അടുത്ത നറുക്ക്. നാറ്റ് സ്‌കിവെര്‍ ബ്രണ്ടിനൊപ്പം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുകയായിരുന്ന ഡന്‍ക്ലിയെ ക്ലീന്‍ ബൗള്‍ഡാക്കി രേണുക മൂന്നാം വിക്കറ്റും സ്വന്തമാക്കി.
ഇന്‍ ഫോം ബാറ്ററായ എമി ജോണ്‍സിനെ റിച്ച ഘോഷിന്റെ കയ്യിലെത്തിച്ചാണ് രേണുക നാലാം വിക്കറ്റ് സ്വന്തമാക്കിയത്. 27 പന്തില്‍ നിന്നും 40 റണ്‍സെടുത്ത് നില്‍ക്കവെയാണ് എമി ജോണ്‍സ് പുറത്താവുന്നത്.
ആദ്യ വിക്കറ്റ് ഗോള്‍ഡന്‍ ഡക്കിലൂടെ സ്വന്തമാക്കിയ രേണുക ഇന്നിങ്‌സിലെ തന്റെ അവസാന വിക്കറ്റും ഗോള്‍ഡന്‍ ഡക്കാക്കിയായിരുന്നു സ്വന്തമാക്കിയത്. കാതറിന്‍ സ്‌കിവര്‍ ബ്രണ്ടിനെ രാധ യാദവിനെ കൈകളിലെത്തിച്ച് രേണുക അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി.
കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ സെമി ഫൈനല്‍ മോഹങ്ങള്‍ അവസാനിച്ചിട്ടില്ല. മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയവും ഒരു തോല്‍വിയുമായി നാല് പോയിന്റോടെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില് രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
രണ്ട് മത്സരത്തില്‍ നിന്നും ഒരു തോല്‍വിയും ഒരു ജയവുമായി പാകിസ്ഥാനാണ് രണ്ടാം സ്ഥാനത്തുള്ളത്. കളിച്ച മൂന്ന് മത്സരവും വിജയിച്ച് ഇംഗ്ലണ്ടാണ് ഒന്നാമത്.
ഫെബ്രുവരി 20നാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ അവസാന മത്സരം. അയര്‍ലന്‍ഡാണ് എതിരാളികള്‍.
Content highlight: Renuka Sing’s 5 wicket howl in India vs England match