| Monday, 8th July 2024, 9:02 am

എല്ലാവരും ഇഷ്ടത്തോടെ കേള്‍ക്കുന്ന പാട്ടാണ് ആ സിനിമയിലേത്; എന്നാല്‍ പാടി കഴിഞ്ഞാല്‍ തലവേദനിക്കും: രേണുക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കലവൂര്‍ രവികുമാര്‍ തിരക്കഥയെഴുതി കമലിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമായിരുന്നു നമ്മള്‍. 2002ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ രേണുക, സിദ്ധാര്‍ത്ഥ് ഭരതന്‍, ജിഷ്ണു, ഭാവന തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്. ഇതില്‍ സിദ്ധാര്‍ത്ഥിന്റെയും രേണുകയുടെയും ഭാവനയുടെയും ആദ്യ ചിത്രമായിരുന്നു നമ്മള്‍. ആ വര്‍ഷം ബോക്‌സ് ഓഫീസില്‍ വലിയ വാണിജ്യ വിജയമാകാന്‍ ഈ സിനിമക്ക് സാധിച്ചിരുന്നു.

മോഹന്‍ സിത്താരയാണ് സിനിമയില്‍ സംഗീതം ഒരുക്കിയത്. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഇതിലെ പാട്ടുകള്‍ മിക്ക മലയാളികള്‍ക്കും പ്രിയപ്പെട്ടതാണ്. അതില്‍ ഏറെ സ്വീകരിക്കപ്പെട്ട ഒരു പാട്ടായിരുന്നു ‘സുഖമാണീ നിലാവ്’. ഈ പാട്ടിനെ കുറിച്ച് പറയുകയാണ് സിനിമയിലെ നായികയായ രേണുക. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഒരുപാട് സ്‌ട്രെയിന്‍ എടുത്താണ് ജ്യോത്സന ആ പാട്ട് പാടിയിരിക്കുന്നത്. നമ്മള്‍ വളരെ ഇഷ്ടത്തോടെ കേള്‍ക്കുന്ന പാട്ടാണെങ്കിലും ഈ പാട്ട് പാടി കഴിഞ്ഞാല്‍ തലവേദനിക്കും. അത്രയും ഫീല്‍ കൊടുത്താണ് ആ പാട്ട് ജ്യോത്സന പാടിയിരിക്കുന്നത്. അത് നമുക്കോ മറ്റുള്ളവര്‍ക്കോ അറിയാത്ത കാര്യമാണ്.

ഞാന്‍ ആ പാട്ടിന്റെ വിഷ്വല്‍ കണ്ടിട്ട് ഇപ്പോള്‍ കുറേ വര്‍ഷങ്ങളായി. എങ്കിലും നാട്ടില്‍ വന്നിട്ട് ഷോപ്പിങ്ങിനായി ഏതെങ്കിലും കടകളിലും ഭക്ഷണം കഴിക്കാന്‍ റെസ്റ്റോറന്റുകളിലും പോകുമ്പോള്‍ എന്നെ കണ്ടാല്‍ അവര്‍ ഈ പാട്ടാണ് പ്ലേ ചെയ്യുക. ആ പാട്ട് ഞാന്‍ ഇപ്പോഴും കേള്‍ക്കാറുണ്ട്.

എനിക്ക് ‘സുഖമാണീ നിലാവ്’ എന്റെ ഫസ്റ്റ് ബേബിയെ പോലെയാണ്. ആ പാട്ടിനോടുള്ള എന്റെ ഇഷ്ടം അത്തരത്തിലുള്ളതാണ്. ആദ്യ സിനിമയാണ് അത്. ആദ്യമായി ഹിറ്റായ എന്റെ പാട്ടാണ്, നല്ല മെലഡിയാണ്. ഒരുപാട് ആളുകള്‍ അവരുടെ ഹൃദയങ്ങളില്‍ ഏറ്റെടുത്ത പാട്ടാണ്,’ രേണുക പറഞ്ഞു.


Content Highlight: Renuka Menon Talks About Sukhamaani Nilavu Song In Nammal Movie

We use cookies to give you the best possible experience. Learn more