പലരും രാജുവിന്റെ ആ രീതിയെ അന്ന് തെറ്റിദ്ധരിച്ചു; ആളുകള്‍ എന്നെ കുറിച്ചും അങ്ങനെ ചിന്തിച്ചിട്ടുണ്ടാകാം: രേണുക
Entertainment
പലരും രാജുവിന്റെ ആ രീതിയെ അന്ന് തെറ്റിദ്ധരിച്ചു; ആളുകള്‍ എന്നെ കുറിച്ചും അങ്ങനെ ചിന്തിച്ചിട്ടുണ്ടാകാം: രേണുക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th July 2024, 3:09 pm

കലവൂര്‍ രവികുമാര്‍ തിരക്കഥയെഴുതി കമലിന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു നമ്മള്‍. ഈ സിനിമയിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച താരമാണ് രേണുക മേനോന്‍. പത്തിലധികം സിനിമകളുടെ ഭാഗമായ രേണുക പൃഥ്വിരാജ് സുകുമാരനൊപ്പം രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2003ല്‍ പുറത്തിറങ്ങിയ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന സിനിമയിലും 2006ല്‍ പുറത്തിറങ്ങിയ വര്‍ഗം എന്ന സിനിമയിലും രേണുകയോടൊപ്പം പൃഥ്വിരാജ് ആയിരുന്നു നായക വേഷത്തില്‍ എത്തിയത്.

പലരും പൃഥ്വിരാജിന്റെ അധികം സംസാരിക്കാത്ത രീതിയെ തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് പറയുകയാണ് രേണുക. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. പൃഥ്വിരാജിന് ജാഡയാണെന്ന് ആളുകള്‍ കരുതിയിട്ടുണ്ടെന്നും എന്നാല്‍ താന്‍ അയാളുടെ സ്വഭാവം അങ്ങനെയാണ് എന്ന നിലയിലാണ് കണ്ടിട്ടുള്ളതെന്നും രേണുക പറയുന്നു.

‘പലരും രാജുവിന്റെ അധികം സംസാരിക്കാത്ത രീതിയെ തെറ്റിദ്ധരിച്ചിട്ടുണ്ട്. ആള്‍ക്ക് ജാഡയാണെന്ന് അവരൊക്കെ കരുതിയിട്ടുണ്ട്. ഒരുപക്ഷെ ആളുകള്‍ എന്നെ കുറിച്ചും അങ്ങനെ ചിന്തിച്ചിട്ടുണ്ടാകും. തീര്‍ച്ചയായും ഉണ്ടാകും, എന്നാല്‍ ഞാന്‍ രാജുവിന്റെ ഈ രീതിയെ അയാളുടെ നേച്ചര്‍ അങ്ങനെയാണ് എന്ന നിലയിലാണ് കണ്ടിട്ടുള്ളത്.

നമുക്ക് ചുറ്റും ഒരുപാട് സംസാരിക്കുന്ന ആളുകളുണ്ടാകും വളരെ മിതമായ സംസാരിക്കുന്നവര്‍ ഉണ്ടാകും. അത് അവരുടെ വ്യക്തിത്വമല്ലേ. അതിന് ജാഡയെന്ന് പറയാന്‍ പറ്റില്ല. കാരണം, അങ്ങനെയുള്ള ആളുകള്‍ അവര്‍ക്ക് കംഫേര്‍ട്ടായവരുടെ ഇടയില്‍ വളരെ നന്നായി സംസാരിക്കും. ഞാന്‍ ഒരുപാട് സംസാരിക്കാന്‍ കംഫേര്‍ട്ടബിളായ ആളല്ല. അതുകൊണ്ട് ഞങ്ങള്‍ അധികം ഇന്‍ട്രാക്ഷന്‍സും കാര്യങ്ങളും ഉണ്ടായിട്ടില്ല,’ രേണുക പറഞ്ഞു.

Content Highlight: Renuka Menon Talks About Prithviraj Sukumaran