| Sunday, 28th April 2019, 6:01 pm

മോദി സ്ത്രീകളെ വിളിച്ചത് ശൂര്‍പ്പണഖമാര്‍ എന്നാണ്; ബി.ജെ.പിയുടേത് ഈ അളവുകോല്‍; ഇന്ദിരയ്ക്കും സോണിയക്കുമെതിരായ ബി.ജെ.പി എം.പിയുടെ പരാമര്‍ശത്തിനെതിരേ രേണുകാ ചൗധരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ദിരാഗാന്ധിയെയും സോണിയാ ഗാന്ധിയെയും പരിഹസിച്ച് ബി.ജെ.പി എം.പി രാജ്‌വീര്‍ സിങ് നടത്തിയ പരാമര്‍ശത്തില്‍ വികാരാധീനയായി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രേണുകാ ചൗധരി. ഇന്ദിരയ്ക്കും സോണിയയ്ക്കും വെളിയിട വിസര്‍ജനവുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലായേനെയെന്നായിരുന്നു സിങ്ങിന്റെ പരിഹാസം.

ഇതിന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയിലാണു രേണുക മറുപടി പറഞ്ഞത്. ‘ഇതാണ് ബി.ജെ.പിയുടെ നിലവാരമെന്നു ചിന്തിച്ച് നമ്മള്‍ ഞെട്ടേണ്ടതുണ്ടോ? പാര്‍ലമെന്റില്‍പ്പോലും പ്രധാനമന്ത്രി നരേന്ദ്രമോദി സ്ത്രീകളെ വിളിക്കുന്നത് ശൂര്‍പ്പണഖമാര്‍ എന്നാണ്. ഈ അളവുകോലില്‍ക്കൂടിയാണ് ബി.ജെ.പി മുന്നോട്ടുപോകുന്നത്. രാജ്യത്തെ സ്ത്രീകള്‍ ഇക്കാര്യം ശ്രദ്ധിക്കണം’- വികാരാധീനയായി രേണുക പറഞ്ഞു.

തെലങ്കാനയിലെ ഖമ്മം മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് രേണുക. തെലങ്കാന രാഷ്ട്രസമിതി സ്ഥാനാര്‍ഥി നാഗേശ്വര്‍ റാവുവാണ് ഇവിടെ പ്രധാന എതിരാളി.

തെലങ്കാനയിലെ 17 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 11-ന് അവസാനിച്ചിരുന്നു.

We use cookies to give you the best possible experience. Learn more