ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എം.പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ രേണുക ചൗധരി. ചിരിയ്ക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തിയിട്ടില്ലെന്നും തനിക്ക് ചിരിക്കാന്‍ ആരുടേയും സമ്മതം ആവശ്യമില്ലെന്നുമായിരുന്നു രേണുകയുടെ മറുപടി. രേണുകയുടെ ചിരി രാമായണത്തിലെ ശൂര്‍പ്പണഖയുടേത് പോലുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞത് ഏറെ വിവാദമായിരുന്നു.
അതേസമയം പ്രധാനമന്ത്രിയുടെ പ്രസ്താവന സ്ത്രീകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കുന്നതാണെന്നും രേണുക പറഞ്ഞു. മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ തനിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തു വന്നെന്നും അവര്‍ പറയുന്നു.
“ലാഫ് ലൈക്ക് ശൂര്‍പ്പണഖ, ലാഫ് ലൈക്ക് രേണുക ചൗധരി തുടങ്ങിയ ഹാഷ് ടാഗുകളുമായി നിരവധി പേരാണ് പിന്തുണയുമായി എത്തിയത്. ഞാന്‍ അഞ്ചു വട്ടം എം.പിയായ ആളാണ്. എന്നെ ഒരു മോശം കഥാപാത്രവുമായിട്ടാണ് മോദി ഉപമിച്ചത്. പക്ഷെ അദ്ദേഹം മറന്നു, ഇന്നത്തെ സ്ത്രീകള്‍ മാറിയെന്നും അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ അവര്‍ പഠിച്ചെന്നും. സ്ത്രീകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടാണ് ഇത് വ്യക്തമാക്കുന്നത്.” അവര്‍ പറയുന്നു.
“നിങ്ങള്‍ ശരിയാണെങ്കില്‍ അത് എല്ലായിടത്തും പ്രതിധ്വനിക്കും. അതാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. എങ്ങനെ പൊട്ടിച്ചിരിക്കണമെന്നോ എപ്പോള്‍ ചിരിക്കണമെന്നോ നിയമമൊന്നുമില്ല. ചിരിക്കാന്‍ ജി.എസ്.ടി കൊടുക്കേണ്ട. ചിരിക്കാന്‍ എനിക്ക് ആരുടേയും സമ്മതം വേണ്ട. സ്റ്റീരിയോടെപ്പിനെ നേരത്തെ തന്നെ ഞാന്‍ തകര്‍ത്തതാണ്.” അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞയാഴ്ച്ചയായിരുന്നു മോദി രേണുകയെ ശൂര്‍പ്പണഖയോട് ഉപമിച്ചത്. രാജ്യസഭയില്‍ മോദി പ്രസംഗിക്കവെ രേണുക പൊട്ടിച്ചിരിക്കുകയായിരുന്നു. ഇതിനെ തടയാന്‍ ശ്രമിച്ച വെങ്കയ്യ നായിഡുവിനെ എതിര്‍ത്ത മോദി ശൂര്‍പ്പണഖയുടെ ചിരി രാമായണം സീരിയല്‍ അവസാനിച്ചതോടെ കേള്‍ക്കാനുള്ള അവസരമാണിതെന്ന് പറയുകയായിരുന്നു.