' അദ്ദേഹത്തിന്റെ സംസാരം കേട്ടപ്പോള്‍ എനിക്ക് ചിരിക്കാനാണ് തോന്നിയത് ' ; കോഹ്‌ലിയുടെ സ്ലെഡ്ജിംഗിന് മറുപടിയുമായി ഓസീസ് താരം റെന്‍ഷോ
DSport
' അദ്ദേഹത്തിന്റെ സംസാരം കേട്ടപ്പോള്‍ എനിക്ക് ചിരിക്കാനാണ് തോന്നിയത് ' ; കോഹ്‌ലിയുടെ സ്ലെഡ്ജിംഗിന് മറുപടിയുമായി ഓസീസ് താരം റെന്‍ഷോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th March 2017, 10:37 am

ബംഗളൂരു: പ്രായത്തെ വെല്ലുന്ന പക്വതയുമായി ക്രിക്കറ്റ് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് മാറ്റ് റെന്‍ഷോ. ഒന്നാം ടെസ്റ്റില്‍ അസാധാരണമായ റിട്ടയര്‍ഡിലൂടെ ചിരിപ്പിച്ച റെന്‍ഷോ ബാറ്റ് കൊണ്ട് വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ്. കളിയിലെന്ന പോലെ സ്ലെഡ്ജിംഗിലും റെന്‍ഷോ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി മത്സരത്തിലുട നീളം റെന്‍ഷോയെ പ്രകോപിപ്പിക്കാനായി സ്ലെഡ്ജ് ചെയ്തു കൊണ്ടിരുന്നു ഇന്നലെ. എന്നാല്‍ ഇന്ത്യന്‍ നായകന്റെ വാക്ക് യുദ്ധത്തിന് ശക്തമായ മറുപടി നല്‍കിയാണ് റെന്‍ഷോ തിരിച്ചടിച്ചത്.

രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ തോല്‍വി മുന്നില്‍ കണ്ട് ഇന്ത്യ നിര ഏതുവിധേനയേയും ഓസീസ് ബാറ്റ്‌സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് കളിക്കളത്തിലിറങ്ങിയത്. സ്ലെഡ്ജിംഗായിരുന്നു ഇന്നലെ ഇന്ത്യയുടെ മുഖ്യ ആയുധം. അതിലും മുന്നില്‍ നിന്ന് നയിച്ചത് നായകന്‍ വിരാട് തന്നെ.

തതുല്ല്യനായ സ്റ്റീവ് സ്മിത്തുമായാണ് വിരാട് സ്ലെഡ്ജിംഗ് പോരിലേര്‍പ്പെട്ടത്. സ്മിത്തുമായുള്ള സ്ലെഡ്ജ് യുദ്ധത്തിന്റെ ഇടവേളയിലായിരുന്നു വിരാട് റെന്‍ഷോയെ ചൊടിപ്പിക്കാനായി ശ്രമിച്ചത്. പൂനെ ടെസറ്റിന്റെ ഒന്നാം ദിനം റെന്‍ഷോ മത്സരം പാതി വഴിയില്‍ ഉപേക്ഷിച്ച് ടോയ്‌ലെറ്റില്‍ പോയതിനെ ഓര്‍മ്മിപ്പിച്ചായിരുന്നു വിരാട് ഓസീസ് ബാറ്റ്‌സ്മാനെ പ്രകോപിപ്പിച്ചത്.

എന്നാല്‍ കോഹ്ലിയുടെ സ്ലെഡ്ജിംഗിനെ ചിരിച്ചു കൊണ്ട് നേരിട്ട റെന്‍ഷോ 196 പന്തുകള്‍ ബാറ്റ് ചെയ്ത് 60 റണ്‍സുമായാണ് കളം വിട്ടത്.

” അദ്ദേഹം പറയുന്നത് കേട്ട് എനിക്ക് ചിരിക്കാനാണ് തോന്നിയത്. ശരിക്കും ഞാനതൊക്കെ ആസ്വദിക്കുകയായിരുന്നു. പൂനെയില്‍ സംഭവിച്ചത് ശരിക്കും നല്ല തമാശ തന്നെയായിരുന്നു. ” റെന്‍ഷോ പറയുന്നു.


Also Read: ‘ രക്തം കൊണ്ട് ഓംകാളി പൂജ നടത്തും, ഇനിയൊരു താക്കീത് ഉണ്ടാകില്ല ‘ ; എ.എന്‍ ഷംസീറിനെതിരെ ആര്‍.എസ്.എസിന്റെ കൊലവിളി


മത്സരത്തിനിടെ വിരാടും സ്മിത്തും കോര്‍ത്തതിനെ മത്സരത്തിന്റെ വാശിയുടെ സാക്ഷ്യമായി മാത്രം കാണാനാണ് ആഗ്രഹിക്കുന്നതെന്നും ഓസീസ് താരം പറഞ്ഞു. കാണികളെ മത്സരത്തിലേക്ക് കൊണ്ടു വരാനായി വിരാട് നടത്തിയ ശ്രമത്തേയും റെന്‍ഷോ അഭിനന്ദിച്ചു. അത് മത്സരത്തിന്റെ വാശിയും വീര്യവും കൂട്ടുന്നതാണെന്നായിരുന്നു താരത്തിന്റെ അഭിപ്രായം.