|

പ്രശസ്ത വൃക്ക രോഗ വിദ​ഗ്ധൻ ജോർജ് പി. അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രശസ്ത വൃക്ക രോഗ വിദ​ഗ്ധൻ ജോർജ് പി. അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരിക്ക് അടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയർ സർജനാണ്.

സഹോദരനും മറ്റൊരാളും അദ്ദേഹത്തോടൊപ്പം ഫാം ഹൗസിൽ ഇന്നലെ വൈകിട്ടുണ്ടായിരുന്നു. പിന്നീട് രാത്രിയോടെ ഇവർ മടങ്ങുകയായിരുന്നു. മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടം നടത്തും.

അദ്ദേഹത്തിന്റെ  ഫാംഹൗസിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തനിക്ക് പ്രായാധിക്യമായെന്നും അതിനെ തുടർന്ന് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ നിരന്തരം അലട്ടുന്നുവെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. പഴയത് പോലെ ശസ്ത്രക്രിയ നടത്താൻ കഴിയുന്നില്ല, ഇതിൽ തനിക്ക് നല്ല നിരാശയുണ്ടെന്നും ജോര്‍ജ് പി അബ്രഹാമിന്റെ ആത്മഹത്യ കുറിപ്പിൽ വിശദീകരിക്കുന്നു. അടുത്തിടെ ഡോക്ടർ ജോർജ്ജിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു.

വൃക്ക ശസ്ത്രക്രിയ രംഗത്തെ പ്രമുഖൻ എന്ന നിലയിലാണ് ഡോക്ടർ ജോർജ് പി. അബ്രഹാം അറിയപ്പെടുന്നത്. സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ആളാണ് ഡോക്ടർ ജോർജ് പി. എബ്രഹാം. 25,000ത്തോളം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.

ജീവിച്ചിരിക്കുന്ന ദാതാവിന് ലാപ്രോസ്‌കോപ്പിക് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ മൂന്നാമത്തെ ശസ്ത്രക്രിയ വിദഗ്ധനാണ്. കേരളത്തിലെ ആദ്യത്തെ കഡാവര്‍ ട്രാന്‍സ്പ്രാന്റ്, പിസിഎന്‍എല്‍, ലാപ് ഡോണര്‍ നെഫ്രെക്ടമി 3ഡി ലാപ്രോസ്‌കോപ്പി എന്നിവയും ഡോക്ടർ ജോർജ് പി. അബ്രഹാം നടത്തിയിട്ടുണ്ട് .

Content Highlight: Renowned kidney specialist George P. Abraham was found dead