| Tuesday, 13th September 2022, 3:02 pm

വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഴാങ് ലുക് ഗൊദാര്‍ദ് അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഴാങ് ലുക് ഗൊദാര്‍ദ് അന്തരിച്ചു. 91 വയസായിരുന്നു. ഫ്രഞ്ച് സിനിമയുടെ മുഖം മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സംവിധായകനായിരുന്നു ഗൊദാര്‍ദ്. ഫ്രഞ്ച് നവതരംഗ സിനിമയുടെ അമരക്കാരന്‍ എന്നാണ് ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.

1930 ഡിസംബര്‍ മൂന്നിന് പാരീസിലെ സെവന്‍ത് അറോണ്ടിസ്മെന്റില്‍ ഒരു സമ്പന്ന ഫ്രാങ്കോ-സ്വിസ് കുടുംബത്തിലാണ് ഗോദാര്‍ദ് ജനിച്ചത്. നിരൂപകനായി സിനിമാ മേഖലയിലേക്ക് എത്തി നടന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, ഛായാഗ്രാഹകന്‍, സംവിധായകന്‍ എന്നിങ്ങനെ സിനിമയുടെ സകല മേഖലകളിലും അദ്ദേഹം കൈ വെച്ചിട്ടുണ്ട്. ഓസ്‌കാര്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

പൊളിറ്റിക്കല്‍, ഇടത് സിനിമകള്‍ നിര്‍മിച്ച ഗൊദാര്‍ദ് പരിപൂര്‍ണ രാഷ്ട്രീയ സിനിമാക്കാരന്‍ എന്ന നിലയില്‍ കൂടി അറിയപ്പെട്ടു. അതുവരെയുണ്ടായിരുന്ന കാണികളുടെ കാഴ്ച കേള്‍വി ശീലങ്ങളെ നിരന്തരം അട്ടിമറിക്കുന്ന രീതിയിലുള്ള സിനിമകളായിരുന്നു അദ്ദേഹം ഒരുക്കിയിരുന്നു. ഫ്രഞ്ച് ന്യു വേവിന്റെ പ്രയോക്താവായിരുന്നു ഗൊദാര്‍ദ്. സിനിമയിലെ അമേരിക്കയുടെ അപ്രമാദിത്വത്തിനെതിരെ, രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള യൂറോപ്പിന്റെ കാലഘട്ടത്തെ ചരിത്രവല്‍ക്കരിക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു.

2021ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ശാരീരികമായ അവശതകള്‍ കാരണം ചടങ്ങില്‍ എത്താതിരുന്ന ഗൊദാര്‍ദ് വീഡിയോ കോളിലൂടെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

Content Highlight: Renowned French filmmaker Jean-Luc Godard has passed away

We use cookies to give you the best possible experience. Learn more