മാധ്യമപ്രവര്‍ത്തകരുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കല്‍; ഇടക്കാല മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് സുപ്രീം കോടതി
national news
മാധ്യമപ്രവര്‍ത്തകരുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കല്‍; ഇടക്കാല മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th November 2023, 3:18 pm

ന്യൂദല്‍ഹി: രാജ്യത്തെ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി പൊലീസ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഇടക്കാല മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് സുപ്രീം കോടതി.

മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് പൊലീസ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിചാരണയില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് അക്കാദമിക് വിദഗ്ധരായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്.

മാധ്യമപ്രവര്‍ത്തകരുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ തടഞ്ഞുവെക്കുന്നതും പിടിച്ചെടുക്കുന്നതും നിയന്ത്രിക്കണമെന്ന് ചൂണ്ടിക്കാട്ടി 2021ല്‍ ആണ് അക്കാദമിക് വിദഗ്ധര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. രാം രാമസ്വാമി, മാധവ പ്രസാദ്, സുജാത പട്ടേല്‍, ദീപക് മല്‍ഗാന്‍, മുകുള്‍ കേശവന്‍ എന്നിവരാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.

ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗരേഖവേണമെന്ന് കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കവേ സുപ്രീംകോടതി പറഞ്ഞിരുന്നു. മാര്‍ഗരേഖ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

മാധ്യമപ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ ആക്‌സസ് ചെയ്യുന്നതിനായി അധികാരം ദുര്‍വിനിയോഗം ചെയ്യാന്‍ സാധിക്കില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. മാര്‍ഗനിര്‍ദേശങ്ങളുടെ രൂപരേഖ കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ പ്രതികരണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കോടതി അറിയിച്ചു.

ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ സ്വകാര്യതയുടെ സംരക്ഷണം ഒരു മൗലികാവകാശമാണെന്നും ഭരണകൂടത്തിന്റെ അധികാര ദുര്‍വിനിയോഗം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും 2017ലെ പുട്ടസ്വാമി വിധിന്യായം അംഗീകരിക്കുന്നുണ്ട്. ഇന്ത്യയില്‍ മറ്റ് ജനാധിപത്യ അധികാരപരിധികളില്‍ പിന്തുടരുന്ന ചിട്ടകള്‍ ഡിജിറ്റല്‍ മേഖലയിലും ആവശ്യമാണെന്ന് ഈ വിധി വ്യക്തമാക്കുന്നു.

ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ പ്രബിര്‍ പുര്‍കായസ്തയെയും സഹപ്രവര്‍ത്തകനായ ഹ്യൂമന്‍ റിസോഴ്സ് മേധാവി അമിത് ചക്രവര്‍ത്തിയെയും തീവ്രവാദക്കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ 90ലധികം മാധ്യമപ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. കുടുംബാംഗങ്ങളുടെയും മുഴുവന്‍ സ്ഥാപനങ്ങളുടെയും ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തതായും അവ തിരികെ നല്‍കുന്നില്ലെന്നും അക്കാദമിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വിചാരണവേളയില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നവര്‍ക്ക് ഉപകരണങ്ങളിലെ ഡാറ്റകള്‍ ബാക്കപ്പ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടെന്നും അത് വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞിരുന്നു.

ഏകപക്ഷീയമായി മാധ്യമസ്ഥാപനത്തെയും പ്രവര്‍ത്തകരെയും ചൂഷണം ചെയ്യുന്ന അവസ്ഥക്കെതിരെ നിയമപരമായി പുതിയ വ്യവസ്ഥകള്‍ രൂപീകരിക്കണമെന്ന് ജസ്റ്റിസ് കൗള്‍ ആവശ്യപ്പെട്ടിരുന്നു. ഏജന്‍സികള്‍ അവരുടെ അധികാരം ദുരുപയോഗം ചെയ്യുന്ന അവസ്ഥയെ നിയന്ത്രിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് കൗള്‍ ചൂണ്ടിക്കാട്ടി.

അന്വേഷണ ഏജന്‍സികള്‍ ബയോമെട്രിക്കടക്കമുള്ള വിവരങ്ങള്‍ നല്‍കാന്‍ പൗരന്മാരെ നിര്‍ബന്ധിക്കുന്ന അവസ്ഥയെ കുറിച്ച് ഫൗണ്ടേഷന്‍ ഫോര്‍ മീഡിയ പ്രൊഫഷണലുകളുടെ അഭിഭാഷകന്‍ അഗര്‍വാള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ആശയഭേദമന്യേ എല്ലാ രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥര്‍ ഈ പ്രവണത തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ എല്ലാവരുടെയും പൊതുശത്രുവാണെന്നും സത്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനാലാണ് ഇത്തരത്തില്‍ ശത്രുത നേരിടേണ്ടി വരുന്നതെന്നും അഗര്‍വാള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Renowned academics with guidelines on capturing journalists’ digital devices