കൊച്ചി: ഒരുപാട് ട്രാന്‍സ്‌ഫോബിയ നേരിടുന്ന മേഖലയാണ് സിനിമാമേഖലയെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍.
ട്രാന്‍സ് വ്യക്തികളെ വളരെ മോശമായി ചിത്രീകരിക്കുന്ന ചിത്രങ്ങളും മലയാളത്തിലുണ്ടായിട്ടുണ്ടെന്ന് രഞ്ജു പറയുന്നു. മാതൃഭൂമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജുവിന്റെ പ്രതികരണം.
‘ട്രാന്‍സ്‌ഫോബിയ നേരിടുന്ന മേഖലാണ് സിനിമാമേഖല. ട്രാന്‍സ്‌ഫോബിക് ആയി പെരുമാറുന്ന നിരവധി പേര്‍ ഇപ്പോഴും സിനിമാമേഖലയില്‍ ഉണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം. ജ്യോതിര്‍മയിലൂടെയും മുക്തയിലൂടെയും എനിക്ക് നേരേയുള്ള കളിയാക്കലുകള്‍ കുറഞ്ഞു തുടങ്ങിയെങ്കിലും പൂര്‍ണ്ണമായും ഒരു സ്ത്രീ ശരീരത്തിലേക്ക് മാറാന്‍ എനിക്ക് സാധിച്ചിരുന്നില്ല. അന്നത്തെ കാലത്ത് സ്ത്രീകളുടെ ചേഷ്ടകളുള്ള ഒരു പുരുഷന്‍, സ്ത്രീകളുടെ വസ്ത്രമണിഞ്ഞ് സിനിമാമേഖലയില്‍ വര്‍ക്ക് ചെയ്യുക എന്ന് പറയുന്നത് പ്രയാസമാണ്. യഥാര്‍ത്ഥ സ്ത്രീകള്‍ക്ക് തന്നെ നിലനില്‍പ്പില്ലാത്ത ഒരു കാലഘട്ടത്തില്‍ സ്‌ത്രൈണ സ്വഭാവമുള്ള ഞാന്‍ അന്ന് സാരിയോ ചുരിദാറോ ഇട്ടിരുന്നെങ്കില്‍ ഞാന്‍ താമസിക്കുന്ന ലോഡ്ജില്‍ നിന്ന് രാവിലെ എഴുന്നേറ്റ് പോകാന്‍ പറ്റില്ല. കാരണം അത്രയ്ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്ന കാലഘട്ടമായിരുന്നു അത്,’ രഞ്ജു പറയുന്നു.
തന്റെ ഉള്ളിലെ സ്വത്വത്തെ സ്വീകരിക്കാന്‍ മേക്കപ്പ് മേഖലയില്‍ നിന്നുള്ളവര്‍ വിമുഖത കാണിച്ചെന്നും അവിടെ തനിക്ക് താങ്ങായത് നടിയായ ജ്യോതിര്‍മയി ആണെന്നും രഞ്ജിമാര്‍ പറയുന്നു. ജ്യോതിര്‍മയി മാത്രമല്ല നടി മുക്തയും തന്റെ ഉള്ളിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ തിരിച്ചറിഞ്ഞുവെന്നും രഞ്ജു കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകളിലും രഞ്ജു തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. തന്റെ അജണ്ടയില്‍ തന്നെയില്ലാത്ത മേഖലയാണ് രാഷ്ട്രീയമെന്ന് രഞ്ജു പറഞ്ഞു.
‘നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നു. ഒന്ന്, രണ്ട് പാര്‍ട്ടികള്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിച്ച് എന്നെ സമീപിച്ചിരുന്നു. ഒരിക്കലും എന്റെ അജണ്ടയിലില്ലാത്ത മേഖലയാണ് രാഷ്ട്രീയമെന്നത്. പക്ഷെ ചില രാഷ്ട്രീയ കക്ഷികളോട് ചായ്‌വ് ഉണ്ട്. ചില നിലപാടുകളോടും താല്‍പ്പര്യമുണ്ട്. എനിക്ക് ചേരില്ല എന്ന് തോന്നുന്ന നിലപാടുകളെ വിമര്‍ശിക്കാറുമുണ്ട്. ഈ ഘട്ടത്തില്‍ ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. പൊതുസമൂഹത്തില്‍ നിന്ന് നിരവധി പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ചൂടെയെന്ന്. മത്സരിക്കുക എന്നതിലുപരി വിജയിക്കുക എന്നതിനാണ് പ്രാധാന്യം. വിജയിച്ചാല്‍ മാത്രമെ നിയമസഭയില്‍ പോയി ശബ്ദമുയര്‍ത്താന്‍ പറ്റുകയുള്ളു. വിശപ്പിന്റെ വിളി എന്താണെന്ന് അറിഞ്ഞപ്പോള്‍ എന്റെ വയറു നിറയ്ക്കാന്‍ എന്റെ വഴികാട്ടിയായ എന്റെ ഈ മേക്കപ്പ് ലോകം വിട്ട് തല്‍ക്കാലം രാഷ്ട്രീയ രംഗത്തേക്ക് ഇല്ല,’ രഞ്ജു പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Renju Renjimar Says About Transphobia In Film Industry