കൊച്ചി: സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അറിയപ്പെടുന്നയാളാണ് രഞ്ജു രഞ്ജിമാര്‍. തന്നെ ഒരു സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായി കൈപിടിച്ചുയര്‍ത്തിയത് നടി ജ്യോതിര്‍മയിയും മുക്തയുമാണെന്നാണ് രഞ്ജു പറയുന്നത്. മാതൃഭൂമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജു മനസ്സുതുറന്നത്.
‘ഇഷ്ടിക കളത്തിലും തടിമില്ലിലും ജോലി ചെയ്തിരുന്ന ഞാന്‍ മേക്കപ്പിന്റെ ലോകത്തേക്ക് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ചെറുപ്പകാലത്ത് എന്റെ ചേച്ചിയുടെ കുട്ടികളെ അണിയിച്ചൊരുക്കുക എന്നതായിരുന്നു എന്റെ ജോലി. ബന്ധുക്കളുടെ കല്യാണങ്ങള്‍ക്ക് പോകുമ്പോള്‍ അവര്‍ക്ക് മുടികെട്ടി കൊടുക്കുക, കണ്ണെഴുതി കൊടുക്കുക ഇതൊക്കെയായിരുന്നു മേക്കപ്പ് ലോകത്തെ സംബന്ധിച്ച ആകെയുള്ള അനുഭവം. എന്റെ കമ്മ്യൂണിറ്റിയില്‍ നിന്ന് ആരും ഈ ലോകത്ത് ഇല്ലാതിരുന്ന കാലത്താണ് ഞാന്‍ മേക്കപ്പിന്റെ ലോകത്തേക്ക് വരുന്നത്. അങ്ങനെ ഞാന്‍ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ വീട്ടില്‍ പോകുകയും ചെയ്തു. എന്നാല്‍ അവിടെ നിര്‍ഭാഗ്യവശാല്‍ എനിക്ക് സ്ഥാനം കിട്ടിയില്ല. പക്ഷെ സ്വന്തമായി കുറച്ച് മേക്കപ്പ് സാധനങ്ങള്‍ വാങ്ങി, അതുപയോഗിച്ച് ചെയ്ത് പഠിച്ച് ഇന്ന് ഈ മേഖലയില്‍ ഞാന്‍ പിടിച്ചു നില്‍ക്കുന്നുവെന്ന് പറയാം’, രഞ്ജിമാര്‍ പറഞ്ഞു.
തന്റെ ഉള്ളിലെ സ്വത്വത്തെ സ്വീകരിക്കാന്‍ മേക്കപ്പ് മേഖലയില്‍ നിന്നുള്ളവര്‍ വിമുഖത കാണിച്ചെന്നും അവിടെ തനിക്ക് താങ്ങായത് നടിയായ ജ്യോതിര്‍മയി ആണെന്നും രഞ്ജിമാര്‍ പറയുന്നു. ജ്യോതിര്‍മയി മാത്രമല്ല നടി മുക്തയും തന്റെ ഉള്ളിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ തിരിച്ചറിഞ്ഞുവെന്നും രഞ്ജു കൂട്ടിച്ചേര്‍ത്തു.
‘എന്റെ ഉള്ളിലെ സ്വത്വത്തെ മേക്കപ്പ് മേഖല സ്വീകരിച്ചിരുന്നില്ല. അവര്‍ക്ക് ഇതൊരു നേരമ്പോക്ക് മാത്രമായിരുന്നു. ഞാന്‍ വര്‍ക്കിംഗ് സൈറ്റിലുണ്ടെങ്കില്‍ അവര്‍ക്ക് എന്റെ നടത്തം കണ്ട് ചിരിക്കാം. എന്റെ സംസാര രീതി കണ്ട് കളിയാക്കാം. എന്റെ ചേഷ്ടകള്‍ കണ്ട് കളിയാക്കാം. അവിടെയെല്ലാം, നിശബ്ദയാകേണ്ടയിടത്ത് നിശബ്ദയായി നിന്നു. മറുപടി പറേയണ്ടിടത്ത് സംസാരിച്ചു. കയ്യേറ്റം ചെയ്ത സാഹചര്യങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. എന്റെ ആത്മവിശ്വാസം തന്നെയാണ് മുന്നോട്ട് വരാന്‍ തുണയായത്. പിന്നീട് ചലച്ചിത്ര ലോകത്ത് ഞാന്‍ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ട് എന്നറിയുന്നത് ജ്യോതിര്‍മയിലൂടെയാണ്. ജ്യോതിര്‍മയി എന്നെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ രഞ്ജു രഞ്ജിമാര്‍ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ടാകില്ലായിരുന്നുവെന്ന് തന്നെ പറയാം. ജ്യോതിര്‍മയിലൂടെ ഞാനൊരു സ്ത്രീയാണെന്ന് കാര്യം ലോകത്തോട് പറയാന്‍ തോന്നി. ജ്യോതിര്‍മയിയോടൊപ്പം വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതു മുതല്‍ എനിക്ക് നേരെയുള്ള പരിഹാസങ്ങളും കളിയാക്കലുകളും കുറഞ്ഞു തുടങ്ങി. പിന്നീട് എന്നെ സ്വീകരിച്ചത് മുക്തയാണ്. മുക്തയോടൊപ്പം വര്‍ക്ക് ചെയ്തതു മുതല്‍ തമിഴിലും അവസരങ്ങള്‍ ലഭിച്ചു’, രഞ്ജു പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക