Advertisement
Film News
ഫുള്‍ ഓണ്‍ എനര്‍ജിയില്‍ ദളപതി; വാരിസിലെ ആദ്യഗാനത്തിന്റെ പ്രൊമോ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 03, 01:32 pm
Thursday, 3rd November 2022, 7:02 pm

ദളപതി വിജയ് നായകനാവുന്ന വാരിസിലെ ആദ്യ ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്. രഞ്ചിതമേ എന്ന പാട്ടിന്റെ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള പ്രൊമോ വീഡിയോ ആണ് ടീ സീരീസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. വിജയ് തന്നെ പാടിയിരിക്കുന്ന പാട്ടിലെ ഫീമെയില്‍ വോയിസ് എം.എം. മാനസിയാണ്. വിവേകിന്റെ വരികള്‍ക്ക് എസ്. തമനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

വിജയ് ചുവട് വെക്കുന്ന രംഗവും പ്രൊമോ വീഡിയോയില്‍ കാണാനാവും. നവംബര്‍ അഞ്ചിന് പാട്ടിന്റെ വീഡിയോ പുറത്തിറങ്ങും. വിജയ് എന്ന് തന്നെയാണ് ചിത്രത്തിലെ കഥാപാത്രത്തിന്‍റെ പേര്.

വംശി പെഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. . ഇദ്ദേഹം ഒരു ആപ്പ് ഡിസൈനറായിരിക്കും. വിജയ്‌യുടെ 66-ാം ചിത്രമാണ് വാരിസ്.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രം നിര്‍മിക്കുന്നത്. വിജയ്ക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പതിമൂന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.

ഗില്ലി, പോക്കിരി തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 2009ല്‍ പ്രഭുദേവ സംവിധാനം ചെയ്ത വില്ല് എന്ന സിനിമയിലാണ് പ്രകാശ് രാജും വിജയ്‌യും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.

ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന താരങ്ങളാണ്.

Content Highlight: renjithame song from varisu movie