| Saturday, 5th November 2022, 6:41 pm

അവസാന നിമിഷങ്ങളില്‍ കൊട്ടികലാശവുമായി വാരിസിലെ പാട്ട്; ഹിറ്റായി വിജയ്-രശ്മിക കോമ്പോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് നായകനാവുന്ന ചിത്രം വാരിസിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ സിനിമ ലോകം. ഇന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരില്‍ ഒരാളായ വിജയ്‌യുടെ ചിത്രം വന്നാല്‍ തിയേറ്ററുകള്‍ നിറയുമെന്ന കാര്യം ഉറപ്പാണ്.

ചിത്രത്തിലെ ആദ്യ പാട്ടിന്റെ പ്രൊമോ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണിപ്പോള്‍. തട്ടുപൊളിപ്പന്‍ തമിഴ് സ്റ്റൈലില്‍ ഒരുക്കിയ പാട്ടില്‍ വിജയ്‌ക്കൊപ്പം രശ്മിക മന്ദാനയുമുണ്ട്. രഞ്ചിതമേ എന്ന് തുടങ്ങുന്ന പാട്ടിന്റെ അവസാന നിമിഷങ്ങളില്‍ ഒരു കൊട്ടിക്കലാശമാണ് ഒരുക്കിയിരിക്കുന്നത്. വിജയ് ആരാധകര്‍ക്കായുള്ള ഒരു വിരുന്ന് തന്നെയാണ് പാട്ട്.

വംശി പെഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ആപ്പ് ഡിസൈനറായാണ് വിജയ് അഭിനയിക്കുന്നത്. വിജയ് എന്ന് തന്നെയാണ് ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രം നിര്‍മിക്കുന്നത്. വിജയ്‌ക്കൊപ്പം പ്രകാശ് രാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പതിമൂന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.

ഗില്ലി, പോക്കിരി തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 2009ല്‍ പ്രഭുദേവ സംവിധാനം ചെയ്ത വില്ല് എന്ന സിനിമയിലാണ് പ്രകാശ് രാജും വിജയ്യും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.

ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന താരങ്ങളാണ്.

Content Highlight: renjithame lyrical video from varisu movie

We use cookies to give you the best possible experience. Learn more