ഗുജറാത്ത് ഏറ്റുമുട്ടല്‍: രഞ്ജിത് സിന്‍ഹയുടെ പരാമര്‍ശം വിവാദത്തില്‍
India
ഗുജറാത്ത് ഏറ്റുമുട്ടല്‍: രഞ്ജിത് സിന്‍ഹയുടെ പരാമര്‍ശം വിവാദത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th February 2014, 7:19 am

[] ന്യൂദല്‍ഹി: ഇസ്രത് ജഹാന്‍ പ്രാണേഷ് കുമാര്‍ വ്യാജ ഏറ്റുമുട്ടല്‍ക്കേസില്‍ മുന്‍ സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ നടത്തിയ പരാമര്‍ശം വിവാദത്തില്‍.

മുന്‍ ആഭ്യന്തര സഹമന്ത്രിയും നരേന്ദ്ര മോഡിയുടെ വിശ്വസ്തനുമായ അമിത് ഷായെ പ്രതി ചേര്‍ത്തിരുന്നെങ്കില്‍ യു.പി.എക്ക് സന്തോഷമാകുമായിരുന്നു എന്ന പരാമര്‍ശമാണ് വിവാദത്തിലായിരിക്കുന്നത്.

ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് വളച്ചൊടിക്കുകയായിരുന്നുവെന്ന വിശദീകരണവുമായി സിന്‍ഹ രംഗത്തെത്തി.

“”കേസില്‍ അമിത് ഷാക്കെതിരെ കേസെടുത്തിരുന്നെങ്കില്‍ യു.പി.എ സര്‍ക്കാരിന് സന്തോഷമാകുമായിരുന്നു. എന്നാല്‍ ഞങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കര്‍ശനമായാണ് മുന്നോട്ട് പോയത്. ഷാക്കെതിരെ കേസെടുക്കാനുള്ള തെളിവുകളൊന്നും കണ്ടില്ല.””

ഷായുടെ പങ്കിനെ സംബന്ധിച്ച് സംശയമുണ്ടായിരുന്നുവെന്നും എന്നാല്‍ അവ  വ്യക്തമാക്കുന്ന തെളിവുകള്‍  ലഭിച്ചില്ലെന്നും അഭിമുഖത്തില്‍ സിന്‍ഹ പറയുന്നുണ്ട്..

സി.ബി.ഐ എന്നത് പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയമില്ലാത്ത സംഘടനയാണെന്നും ഇസ്രത് ജഹാന്‍ കേസില്‍ സി.ബി.ഐയുടേത് സത്യസന്ധമായ അന്വേഷണമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ സിന്‍ഹയുടെ പ്രസ്താവനയെ പിന്തുണച്ച് ബി.ജെ.പി രംഗത്തെത്തി. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ ലക്ഷ്യം വച്ചാണ് അമിത് ഷാക്കെതിരെ ആരോപണമുന്നയിക്കുന്നതെന്ന് ബി.ജെ.പി വക്താവ് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

2004ല്‍ ഇസ്രത് ജഹാനും പ്രാണേഷ് കുമാറും മറ്റു രണ്ടു പേരും കൊല്ലപ്പെട്ട കേസില്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്‍ സ്‌പെഷല്‍ ഡയറക്ടറടക്കം മൂന്നു പേര്‍ക്കെതിരെ ഗൂഢാലോചനയ്ക്കു സിബിഐ കുറ്റപത്രം ഫയല്‍ ചെയ്തിരുന്നു.