ദേവാസുരം സിനിമയില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അഭിനയിച്ച പെരിങ്ങോടന്‍ എന്ന കഥാപാത്രം ഉണ്ടായതിന് പിന്നിലെ കഥ പറയുകയാണ് സംവിധായകന്‍ രഞ്ജിത്ത്.
തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിച്ച കാലത്ത് കലാരംഗത്തെ അവധൂതരായ പല കലാകാരന്‍മാരെയും താന്‍ വിസ്മയത്തോട് കൂടി നോക്കിനിന്നിരുന്നുവെന്ന് രഞ്ജിത്ത് പറയുന്നു.
‘പ്രതിഭയും അലച്ചിലും എങ്ങോട്ടെന്നില്ലാത്ത യാത്രകളും അച്ചടക്കമില്ലായ്മയും കല ഉന്മാദം പോലെയാകുന്ന മനസ്സും എല്ലാം ആയിരുന്നു അവര്‍. പെരിങ്ങോടനെന്ന കഥാപാത്രത്തെ കണ്ട പലരും വടക്കന്‍ കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ അഷ്ടപദി പാടി സ്വയം മറന്ന് നിന്നൊരു കാലാകാരനെ ഓര്‍മവരും.
ഞരളത്ത് രാമ പൊതുവാള്‍. സംഗീതത്തെ മാത്രം ഉപാസിച്ച് കലയുടെ അനുഗ്രഹം മാത്രമല്ലാതെ മറ്റൊന്നും ജീവിതത്തില്‍ സ്വന്തമാക്കാനാശിക്കാത്ത യഥാര്‍ത്ഥ കലാകാരന്റെ ജന്മം. പെരിങ്ങോടന്റെ കഥാപാത്ര സൃഷ്ടിക്കു പിന്നിലെ വലിയ പ്രചോദനം ഞരളത്ത് ആശാന്‍ ആണ്,’ വനിത മാഗസിനില്‍ രഞ്ജിത്ത് പറഞ്ഞു.
ദേവാസുരത്തില്‍ രണ്ട് സീനിലേ പെരിങ്ങോടന്‍ എന്ന കഥാപാത്രം വരുന്നുള്ളൂവെങ്കിലും അത്രയും അനശ്വരമായ ഒന്നായിരുന്നു അതെന്നും രഞ്ജിത്ത് പറയുന്നു.
‘വന്ദേ മുകുന്ദ ഹരേ എന്ന സോപാന ശൈലിയിലുള്ള ഗാനവും ക്ലാസിക് ആയി മാറുകയായിരുന്നു. കലയെ അത്രമേല്‍ സ്‌നേഹിച്ചിരുന്ന നീലകണ്ഠന്റെ സംഗീതമേഖലയിലെ അഗാധസൗഹൃദത്തിന്റെ മുഖമെന്ന നിലയിലാണ് പെരിങ്ങോടന്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ജീവിതത്തില്‍ കണ്ടു മുട്ടിയ പോലെ ആ മുഖവും സംഗീതവും മായാതെ നില്‍ക്കുന്നു,’ രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.