| Friday, 25th March 2022, 4:55 pm

ആരെ ഉദ്ദേശിച്ചാണ് എറിഞ്ഞതെന്ന് ഇവന്‍ മനസിലാക്കിയാല്‍ കൊള്ളായിരുന്നു; വിനായകന് മറുപടിയുമായി രഞ്ജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്കെതിരായ പ്രതികരണത്തില്‍ വിനായകന് മറുപടിയുമായി സംവിധായകന്‍ രഞ്ജിത്ത്. താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ രഞ്ജിത്തിന് കൊണ്ടെന്നും അത് താന്‍ കണ്ടു എന്നുമായിരുന്നു ഒരുത്തീ സിനിമയുടെ പ്രമോഷനിടെയുള്ള പ്രസ് മീറ്റില്‍ വിനായകന്‍ പറഞ്ഞത്.

ഇതിനു മറുപടിയായി തന്നെയാണ് ഉദ്ദേശിച്ചതെങ്കില്‍ രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ലെന്നും അതിനീ ജന്മം മതിയാവില്ലെന്നും രഞ്ജിത്ത് പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇവനാരെ ഉദ്ദേശിച്ചാണ് എറിഞ്ഞതെന്ന് ഇവന്‍ മനസിലാക്കിയാല്‍ കൊള്ളായിരുന്നു. എന്നെയാണ് ഉദ്ദേശിച്ചതെങ്കില്‍ വിനായകന്റെ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ല. അതിന് വിനായകന്‍ കുറെയധികം ശ്രമിക്കേണ്ടി വരും. അതിനീ ജന്മം മതിയാവില്ല,’ എന്നാണ് രഞ്ജിത്ത് പറഞ്ഞത്.

ഹരിശ്രീ അശോകനും രഞ്ജിത്തും ദിലീപിനെ ജയിലില്‍ കണ്ട് മടങ്ങുന്നതിന്റെ ഫോട്ടോയായിരുന്നു വിനായകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇത് പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതേ പറ്റി മാധ്യമങ്ങള്‍ ചോദിച്ചപ്പോഴായിരന്നു രഞ്ജിത്തിനെതിരെയുള്ള വിനായകന്റെ പരാമര്‍ശം.

‘ചിലയാളുകള്‍ ചിലത് വിട്ട് കളയും അപ്പോള്‍ എന്റെ കയ്യില്‍ കുറച്ച് കളക്ഷന്‍സുണ്ട്, അതുകൊണ്ട് ഏതെങ്കിലും ഒരുത്തന് കൊള്ളട്ടെ എന്ന് കരുതി തന്നെ ഇടുന്നതാണ്. അങ്ങനെ കൊണ്ടെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ ഞാനാ പോസ്റ്റ് മാറ്റും. അത് രഞ്ജിത്തിന് കൊണ്ടു, ഞാന്‍ കണ്ടു. ഏത് പോസ്റ്റ് ആണേലും അത് എത്തേണ്ടിടത്ത് എത്തുമ്പോള്‍ ഞാന്‍ മാറ്റും. മനപൂര്‍വം തന്നെ ഇടുന്നതാണ് അതൊക്കെ, വിമര്‍ശനം ഉള്ളതുകൊണ്ടാണല്ലൊ പോസ്റ്റ് ഇടുന്നത്,’.

ഈ പ്രസ് മീറ്റില്‍ വെച്ച് വിനായകന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശവും വിവാദമായിരിക്കുകയാണ്. തനിക്ക് എന്താണ് മീ ടൂ എന്ന് അറിയില്ലെന്നും, നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് വിനായകന്‍ പറഞ്ഞത്.

പ്രസ് മീറ്റിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സെക്സ് ലൈഫിനെ പറ്റി ചോദ്യമുന്നയിച്ച വിനായകന്‍ തന്റെ ഭാഗം വിശദീകരിക്കാനായി ഒരു വനിത മാധ്യമപ്രവര്‍ത്തകയോട് സെക്സ് ചെയ്യാന്‍ താല്‍പര്യമണ്ടോയെന്ന പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.

Content Highlight: renjith reply for vinayakan

We use cookies to give you the best possible experience. Learn more