രഞ്ജിത് മഹേശ്വരിയുടെ ഉത്തേജക പരിശോധനാ ഫലമടങ്ങിയ ഫയല്‍ കാണാതായി
DSport
രഞ്ജിത് മഹേശ്വരിയുടെ ഉത്തേജക പരിശോധനാ ഫലമടങ്ങിയ ഫയല്‍ കാണാതായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th September 2013, 10:01 am

[]ന്യൂദല്‍ഹി: ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരിയുടെ ഉത്തേജക പരിശോധനാഫലം അടങ്ങിയ ഫയല്‍ കാണാതായി.

അത്‌ലറ്റിക് ഫെഡറേഷന്റെ ഓഫീസില്‍ നിന്നാണ് ഫയല്‍ കാണാതായത്. []

അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വിവരം കായിക മന്ത്രാലയത്തെ അറിയിച്ചത്. രഞ്ജിത് മഹേശ്വരിക്ക് അര്‍ജുനാ അവാര്‍ഡ് നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കാനിരിക്കെയാണ് ഫയല്‍ കാണാതായിരിക്കുന്നത്.

നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ഓഫീസില്‍ നിന്ന് ഫയലുകള്‍ പുതിയ ഓഫീസിലേക്ക് മാറ്റിയപ്പോഴാകാം നഷ്ടപ്പെട്ടതെന്നാണ് ഫെഡറേഷന്‍ പറയുന്നത്.

രഞ്ജിത് മഹേശ്വരി ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്ന് കഴിക്കുക മാത്രമാണ് ചെയ്തതെന്നുമുള്‍പ്പെടെയുള്ള വിവരങ്ങളായിരുന്നു ഫയലില്‍ ഉണ്ടായിരുന്നത്.

ആ ഫയലാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. രഞ്ജിത്തിന്റെ രാസാപരിശോധനാ ഫലങ്ങളെല്ലാം ഈ ഫയലില്‍ ഉണ്ടായിരുന്നു. നേരത്തെ സായിയോട് ഈ റിപ്പോര്‍ട്ടെല്ലാം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

എന്നാല്‍ ഫയല്‍ നഷ്ടപ്പെട്ടതിനെ കുറിച്ചോ തുടര്‍ നടപടികളെക്കുറിച്ചോ ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ല. രഞ്ജിത് മഹേശ്വരി ഇപ്പോഴും ദല്‍ഹിയില്‍ തന്നെ തുടരുകയാണ്.

അത്‌ലറ്റിക് ഫെഡറേഷന്റെ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ രഞ്ജിത് മഹേശ്വരിയുടെ അര്‍ജുന അവാര്‍ഡ് കാര്യത്തില്‍ കേന്ദ്ര കായിക മന്ത്രാലയത്തിനു തീരുമാനമെടുക്കാനായിട്ടില്ല.

എ.എഫ്.ഐയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തീരുമാനമെടുക്കുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര കായിക സെക്രട്ടറി പി.കെ. ദേബ് അറിയിച്ചത്.

അഞ്ച് വര്‍ഷം മുന്‍പ് ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തയെത്തുടര്‍ന്ന് അവസാന നിമിഷമാണ് രഞ്ജിതിന് അര്‍ജുന നല്‍കുന്നത് കേന്ദ്ര കായിക മന്ത്രാലയം മരവിപ്പിച്ചത്.

ഉത്തേജകപരിശോധനയില്‍ പിടിക്കപ്പെട്ടവര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ പാടില്ലെന്നാണ് നിയമം.

2008ലെ ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ രഞ്ജിത് നിരോധിത മരുന്നായ എഫഡ്രിന്‍ കഴിച്ചതായി കണ്ടെത്തിയെന്നായിരുന്നു വാര്‍ത്ത. ഇതിനെത്തുടര്‍ന്നു മൂന്നു മാസം വിലക്കേര്‍പ്പെടുത്തി.

എന്നാല്‍, തനിക്കു വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും എ.എഫ.ഐ അപ്പീല്‍ കമ്മിറ്റിക്ക് മുന്നില്‍ അന്നു തന്നെ നിരപരാധിത്വം ബോധ്യപ്പെടുത്തിയതാണെന്നും രഞ്ജിത് പറയുന്നു.