അനുമതി പ്രഖ്യാപനത്തിലൊതുങ്ങി; രഞ്ജിത്തിന് പരിശീലകനെ കൊണ്ടുപോകാന്‍ നടപടിയായില്ല
Daily News
അനുമതി പ്രഖ്യാപനത്തിലൊതുങ്ങി; രഞ്ജിത്തിന് പരിശീലകനെ കൊണ്ടുപോകാന്‍ നടപടിയായില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th August 2016, 10:23 am

കോട്ടയം: റിയോ ഒളിംപിക്‌സില്‍ പരിശീലകനെ ഒപ്പം കൊണ്ടുപോകാന്‍ ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരി നടത്തിയ ശ്രമങ്ങള്‍ക്കു വീണ്ടും തിരിച്ചടി. ഒളിംപിക്‌സ് ബഹിഷ്‌കരിക്കുമെന്നു രഞ്ജിത് നടത്തിയ പ്രഖ്യാപനത്തെത്തുടര്‍ന്ന് പരിശീലകന്‍ എം.വി.നിഷാദിനെ കൂടെക്കൂട്ടാന്‍ അനുവദിക്കുമെന്നു സായ് പ്രഖ്യാപിച്ചെങ്കിലും നടപടിയുണ്ടായില്ല.

റിയോയിലേക്ക് പരിശീലകനെ കൂടെക്കൊണ്ടുപോകാനുള്ള രഞ്ജിത്തിന്റെ അപേക്ഷ സായ് അംഗീകരിച്ചിരുന്നു. രഞ്ജിത്തിന് അനുവദിച്ചിരിക്കുന്ന തുക ഇതിനായി വിനിയോഗിക്കാമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.

കഴിഞ്ഞ രണ്ട് ഒളിംപിക്‌സുകളിലും വിദേശ കോച്ചിനെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നായിരുന്നു രഞ്ജിത്തിന് ഫെഡറേഷന്‍ നല്‍കിയ വിശദീകരണം. ഇത്തവണ സ്വദേശി കോച്ചായിട്ടും നിലപാട് മാറിയില്ല. കോച്ച് ഒപ്പമില്ലാത്തതു മൂലമാണു പിഴവുകള്‍ സംഭവിച്ചതെന്ന് രഞ്ജിത് പരാതിപ്പെട്ടിരുന്നു. കോച്ചിനെ കൊണ്ടുപോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കായികമന്ത്രാലയത്തിനും സംസ്ഥാന കായികവകുപ്പിനുമെല്ലാം കത്തയച്ചെങ്കിലും പ്രയോജനമുണ്ടായില്ല.