അയ്യേ .. വീണ്ടും പറ്റിച്ചേ....
Discourse
അയ്യേ .. വീണ്ടും പറ്റിച്ചേ....
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd September 2013, 11:01 am

അടുത്ത വണ്ടിക്ക് തിരിച്ച് നാട്ടിലേക്ക് വിട്ടോ. വേണേല്‍ രണ്ട് ദിവസം കൂടി കാത്തോ. പക്ഷെ വല്യ പ്രതീക്ഷയൊന്നും വേണ്ട. ആശ നല്‍കി ഒടുക്കം നിരാശ സമ്മാനിക്കുന്നത് കായിക മന്ത്രാലയത്തിന്റെ പുതിയ ട്രെന്‍ഡ് ആണല്ലോ. ടോം ജോസഫിന്റെ കാര്യത്തില്‍ നേരത്തെ ആവിഷ്‌കരിച്ച് നടപ്പില്‍ വരുത്തിയ രീതി.


line

ഹോക്ക് ഐ/ വിബീഷ് വിക്രം

line

vibish-vikram[]പന്തിയില്‍ എല്ലാവരും ഇരുന്നു കഴിഞ്ഞു. നിവര്‍ത്തിവെച്ച നാക്കിലയില്‍ വിളമ്പലും ആരംഭിച്ചു. പപ്പടം, ഉപ്പേരി, അച്ചാര്‍, പച്ചടി, കിച്ചടി, അങ്ങിനെ അങ്ങിനെ ഒടുക്കം ചോറും പിന്നെ അതിന് മുകളിലായി ആവി പറക്കുന്ന സാമ്പാറും. കൈയ്യെത്തിച്ച് ഒരുരുള വാരി വായിലിടാന്‍ തുടങ്ങുമ്പോഴാ എണീറ്റ് പോവാനുള്ള ഓര്‍ഡര്‍.

നമ്മുടെ സ്വന്തം രഞ്ജിത്ത് മഹേശ്വരിയെ അര്‍ജ്ജുന അവാര്‍ഡെന്ന് പറഞ്ഞ് കൊതിപ്പിച്ച് , ദില്ലിയിലെത്തിച്ച് ഒടുക്കം ഉള്ളം കൈ മലര്‍ത്തി കാണിച്ചിരിക്കുകയാണ് അധികാരികള്‍.[]

ഒന്നുമില്ല. ശൂന്യം. കായിക താരത്തിനെന്നല്ല, മറ്റേതൊരു മേഖലയിലാണേലും രാജ്യത്തിനായി നേട്ടം കൊയ്ത ഒരാള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല അനാദരം.. വിളിച്ച് വരുത്തി അപമാനിക്കുക.

അടുത്ത വണ്ടിക്ക് തിരിച്ച് നാട്ടിലേക്ക് വിട്ടോ. വേണേല്‍ രണ്ട് ദിവസം കൂടി കാത്തോ. പക്ഷെ വല്യ പ്രതീക്ഷയൊന്നും വേണ്ട. ആശ നല്‍കി ഒടുക്കം നിരാശ സമ്മാനിക്കുന്നത് കായിക മന്ത്രാലയത്തിന്റെ പുതിയ ട്രെന്‍ഡ് ആണല്ലോ. ടോം ജോസഫിന്റെ കാര്യത്തില്‍ നേരത്തെ ആവിഷ്‌കരിച്ച് നടപ്പില്‍ വരുത്തിയ രീതി.

രഞ്ജിത്ത് ഉത്തേകജമരുന്ന് ഉപയോഗത്തിന് മുന്‍പ് പിടിക്കപ്പെട്ടിട്ടുണ്ടെന്ന കാരണം പറഞ്ഞാണ് അവസാന നിമിഷം അവാര്‍ഡ് നിഷേധിച്ചത്.

എന്നാലിക്കാര്യത്തിലും ഇന്നലെ വരെ വേണ്ടപ്പെട്ടവര്‍ക്ക് വലിയ അവഗാഹമൊന്നുമില്ല. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡണ്ടിന്റെ പ്രതികരണം അദ്ദേഹം സംഭവ വികാസങ്ങള്‍ സസൂഷ്മം നിരീക്ഷിക്കുകയാണെന്നും താരത്തിന്റെ മുന്‍ കാല റെക്കോര്‍ഡുകള്‍ പരിശോധിച്ച് വരികയാണെന്നുമാണ്.

അപ്പോ ഇത്തരം പരിശോധനകള്‍ ഒന്നും നടത്താതെ ആയിരുന്നോ രഞ്ജിത്തിന്റെ പേര് രാജ്യത്തെ ഒരുന്നതമായ അവാര്‍ഡിന് നിര്‍ദ്ദേശിച്ചത്.

ഇന്ത്യയിലെ വളര്‍ന്ന് വരുന്ന് ഒരുപിടി താരങ്ങളാണ് അത്‌ലറ്റിക് ഫെഡറേഷന്റെ പിടിപ്പ് കേടില്‍ നാണംകെട്ടത്. ചൈനയിലെ നാന്‍ജിങ്ങില്‍ നടക്കുന്ന യൂത്ത ഏഷ്യന്‍ ഗെയിംസിന് പങ്കെടുക്കാന്‍ പോയ ഇന്ത്യന്‍ ടീമിന്റെ ഭൂരിപക്ഷം താരങ്ങളെയും സംഘാടകര്‍ മടക്കി അയച്ചു.

ഇപ്പോള്‍ നടത്തുന്ന ഈ പരിശോധന നേരത്തെയായിരുന്നുവെങ്കില്‍ ഒരുപക്ഷെ രജ്ജിത്ത് തെറ്റുകാരനാണെങ്കില്‍ തന്നെ ഇത്രമാത്രം അപമാനം ഏറ്റ് വാങ്ങേണ്ടി വരില്ലായിരുന്നു.

അതെങ്ങിനെ എല്ലാം വരുത്തിവച്ചതിന് ശേഷമല്ലേ അത്‌ലറ്റിക് ഫെഡറേഷന്‍ അമളി അറിയാറൊള്ളു. ഇതാദ്യമൊന്നുമല്ലല്ലോ അത്‌ലറ്റിക് ഫെഡറേഷന് ഇത്തരം ഗമണ്ടന്‍ അബദ്ധങ്ങള്‍ പറ്റുന്നത്.

ഇതിപ്പോള്‍ രജജിത്തിനും രജ്ജിത്തിനെ സ്‌നേഹിക്കുന്നവര്‍ക്കും ഏറിപ്പോയാ മലയാളികള്‍ക്കും മാത്രമാണ് അപമാനമുണ്ടായതെന്ന് കരുതിയങ്ങ് സമാധാനിക്കാം.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ പിടിപ്പ് കേട് കൊണ്ട് രാജ്യത്തിന് മൊത്തം നാണക്കേട് വരുത്തി വച്ചതുമായി തട്ടിച്ച് നോക്കുമ്പോ, ഇതൊക്കെ എന്ത്?

ഇന്ത്യയിലെ വളര്‍ന്ന് വരുന്ന് ഒരുപിടി താരങ്ങളാണ് അത്‌ലറ്റിക് ഫെഡറേഷന്റെ പിടിപ്പ് കേടില്‍ നാണംകെട്ടത്. ചൈനയിലെ നാന്‍ജിങ്ങില്‍ നടക്കുന്ന യൂത്ത ഏഷ്യന്‍ ഗെയിംസിന് പങ്കെടുക്കാന്‍ പോയ ഇന്ത്യന്‍ ടീമിന്റെ ഭൂരിപക്ഷം താരങ്ങളെയും സംഘാടകര്‍ മടക്കി അയച്ചു. പ്രായമേറി എന്ന് കാരണം പറഞ്ഞ്. താരങ്ങളുടെ പ്രായപരിധി അറിയാതെ ടീമിനെ തിരഞ്ഞെടുത്തയച്ചത് അത്‌ലറ്റിക് ഫെഡറേഷന്‍ തന്നെ.

ഇപ്പറഞ്ഞ അത്‌ലറ്റിക് ഫെഡറേഷന്‍ തന്നെയാണ് രജ്ജിത്തിനെ അവാര്‍ഡ് നല്‍കാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് രസകരമായ വസ്തുത. രഞ്ജിത്ത് ഒരു സാധാരണ കായിക താരമൊന്നുമല്ല.

ഒളിപിക്‌സ്, ലോക അത്‌ലറ്റിക് മീറ്റ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങി രാജ്യാന്തര അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ രാജ്യത്തെ പ്രതിനിധീകരിച്ച, ഇപ്പോഴും പ്രതിനിധീകരിച്ച കൊണ്ടിരിക്കുന്ന ഒരു കായിക താരമാണ്.

ഇങ്ങിനെയുള്ള ഒരു കായിക താരം ഉത്തേജക മരുന്നുപയോഗിച്ചതിന് പിടിക്കപ്പെട്ടു, തുടര്‍ന്ന് വിലക്കും നേരിടേണ്ടി വന്നു എന്ന് കാര്യം അത്‌ലറ്റിക് ഫെഡറേഷന്‍ അധികൃതര്‍ക്ക് അറിയില്ല എന്നത് വിശ്വസിക്കാന്‍ പാടാണ്. അപ്പോ എല്ലാമറിഞ്ഞ് കൊണ്ട് കണ്ണടയ്ക്കുകയായിരുന്നോ ഫെഡറേഷന്‍.. അവസാനം അപമാനിച്ച് വിടാനായിട്ട്?

ഇന്ത്യന്‍ കായികചരിത്രമെടുത്ത് പരിശോധിച്ചാല്‍ മലയാളി കരുത്ത് കഴിഞ്ഞേ മറ്റാര്‍ക്കും സ്ഥാനമുള്ളു എന്ന് എല്ലാവര്‍ക്കുമറിയാവുന്ന സത്യമാണ്. ലോക അത്‌ലറ്റിക് രംഗത്ത് നമ്മളിപ്പോഴും ശിശുക്കളാണെങ്കിലും അത്തരം വേദികളിലേക്ക് രാജ്യത്തെ പ്രതിനിധീകരിക്കാന്‍ താരങ്ങളെ തിരഞ്ഞെടുക്കുമ്പോ, ഇപ്പോഴും ഏറിയപങ്കും മലാളികള്‍ തന്നെയാവും ടീമിലുണ്ടാവുക.

ഇക്കഴിഞ്ഞ ലോക അത്‌ലറ്റിക ചാംപ്യന്‍ഷിപ്പിന്റെ കാര്യം തന്നെ നോക്കാം. 15 അംഗ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ മലായാളികളുടെ എണ്ണം അഞ്ച്.

ഇതില്‍ നിന്ന് തന്നെ വ്യക്തമാണല്ലോ ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ ഇപ്പോഴും നിലനില്‍ക്കുന്ന മലയാളിപെരുമ. എന്നിട്ടാണ് മലയാളി താരങ്ങള്‍ക്ക് അധികാരികളില്‍ നിന്ന് നിരന്തരം അവഗണനയും അപമാനവും സഹിക്കേണ്ടി വരുന്നത്.

മലയാളികളെ തെരഞ്ഞ് പിടിച്ച് അപമാനിക്കല്‍ അധികൃതര്‍ പതിവാക്കിയിരിക്കുകയാണെന്നാണ് തോന്നുന്നത്. ടോമിന് ഇതേ അര്‍ജ്ജുന നിഷേധിച്ചതിനെതിരെ ഭരണവും പ്രതിയുള്‍പ്പെടെ എല്ലാ പക്ഷവും അണിനിരന്നിരുന്നു.

എന്നിട്ടും ഫലം തഥൈവ. ഇതില്‍ നിന്നും പാഠം പഠിച്ചത് കൊണ്ടാണെന്ന് തോന്നുന്നു രജ്ജിത്തിന്റെ കാര്യത്തില്‍ ഇത് വരെ ആരും ശബ്ദമുയര്‍ത്തി കണ്ടില്ല. അനുഭവമാണല്ലോ ഏറ്റവും വലിയ ഗുരു. വെറുതെ കുരച്ച് വായ തളര്‍ത്തണ്ടല്ലോ എന്ന് കരുതിക്കാണും.