രാജ്യാന്തര തലത്തിലുള്‍പ്പെടെ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടും മുന്‍താരങ്ങളും പരിശീലകരും മാധ്യമങ്ങളുമെല്ലാം തന്നെ വേട്ടയാടുകയാണെന്ന് രഞ്ജിത് മഹേശ്വരി ആരോപിച്ചു
തിരുവനന്തപുരം :റിയോ ഒളിംപിക്‌സിലെ മോശം പ്രകടനത്തിന്റെ പേരില്‍ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് കായിക താരം രഞ്ജിത് മഹേശ്വരി.
താന്‍ മികച്ച പ്രകടനം നടത്തി ഒളിംപിക്‌സിന് യോഗ്യത നേടിയപ്പോള്‍ മരുന്നടിച്ചോയെന്ന് പോലും ചോദിച്ചവരുണ്ടെന്നും റിയോ ഒളിംപിക്‌സില്‍ മല്‍സരിക്കുന്നതിനു തലേദിവസംവരെ ഇത്തരം ചോദ്യങ്ങള്‍കൊണ്ട് അപമാനിക്കപ്പെട്ടുവെന്നും രഞ്ജിത് മഹേശ്വരി പറഞ്ഞു.
രാജ്യാന്തര തലത്തിലുള്‍പ്പെടെ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടും മുന്‍താരങ്ങളും പരിശീലകരും മാധ്യമങ്ങളുമെല്ലാം തന്നെ വേട്ടയാടുകയാണെന്ന് രഞ്ജിത് മഹേശ്വരി ആരോപിച്ചു.
തനിക്കെതിരായ വിമര്‍ശനവും വളഞ്ഞിട്ടുള്ള ആക്രമണം വര്‍ദ്ധിച്ചപ്പോള്‍ സ്‌പോര്‍ട്‌സില്‍നിന്നു തന്നെ പിന്മാറുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നെന്നും താരം പറയുന്നു. മനോരമ ന്യൂസ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായികമല്‍സരങ്ങള്‍ക്കുള്ള വേദികള്‍ ഡ്രൈവിങ് പരിശീലനത്തിനുപോലും നല്‍കുന്നവരാണ് അത്‌ലറ്റുകളെ കുറ്റപ്പെടുത്തുന്നവരില്‍ പലരും. പരിശീലന സൗകര്യങ്ങളെക്കുറിച്ചോ അതിന്റെ കുറവുകളെക്കുറിച്ചോ ആര്‍ക്കും ചിന്തയില്ല. അത്തരം കാര്യങ്ങളില്‍ കുറച്ചെങ്കിലും ശ്രദ്ധിച്ചാല്‍ കായികരംഗത്തു മുന്നേറ്റമുണ്ടാകുമെന്നും രഞ്ജിത് പറഞ്ഞു.
രാജ്യാന്തര മീറ്റുകളില്‍ മെഡലുകള്‍ നേടിയവരെപ്പോലും കഴിവുകെട്ടവരെന്ന് വിലയിരുത്തുന്ന വിമര്‍ശകരാണ് കായികരംഗത്തിന്റെ ശാപം. പുതുതലമുറയെ എങ്കിലും വേട്ടയാടലില്‍നിന്ന് ഒഴിവാക്കണമെന്നും രഞ്ജിത് മഹേശ്വരി പറയുന്നു.
റിയോയില്‍ ട്രിപ്പിള്‍ ജംപില്‍ മത്സരിച്ച രഞ്ജിത് മഹേശ്വരിയ്ക്ക് അവിടെ യോഗ്യതാ മാര്‍ക്ക് പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. 16.13 മീറ്റര്‍ പിന്നിട്ട രഞ്ജിത് 30ാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്