ന്യൂദല്‍ഹി: ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരിക്ക് പരിശീലകനെ കൂടെക്കൊണ്ടുപോകാമെന്ന് സായ്. ഇതിനായുള്ള രഞ്ജിത്തിന്റെ അപേക്ഷ സായ് അംഗീകരിച്ചു. രഞ്ജിത്തിന് അനുവദിച്ചിരിക്കുന്ന തുക ഇതിനായി വിനിയോഗിക്കാം.
ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തില്‍ പരിശീലകന്‍ നിഷാദ് കുമാറിനെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ റിയോയിലേക്കില്ലെന്ന് രഞ്ജിത് മഹേശ്വരി അറിയിച്ചിരുന്നു. അധികൃതരുടെ നടപടി അംഗീകരിക്കാനാകില്ലെന്നും മികച്ച പ്രകടനത്തിനു പരിശീലകന്റെ സാന്നിധ്യം അനിവാര്യമാണെന്നും രഞ്ജിത് പറഞ്ഞു. ഇതില്‍ ബന്ധപ്പെട്ടവര്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഒളിംപിക്‌സിനില്ലെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും രഞ്ജിത് പറഞ്ഞിരുന്നു.
കഴിഞ്ഞ രണ്ട് ഒളിംപിക്‌സുകള്‍ക്കും പരിശീലകനില്ലാതെ പോയപ്പോള്‍ തന്റെ പ്രകടനം മോശമായിരുന്നു. മറ്റുള്ളവര്‍ പരിശീലകരെ കൊണ്ടുപോകുന്നുണ്ട്. അക്കൂട്ടത്തില്‍ എന്റെ പരിശീലകനെയും വിടണം. തന്നോടെന്തോ വിദ്വേഷമുള്ളതുപോലെയാണ് അധികൃതരുടെ പെരുമാറ്റമെന്നും രഞ്ജിത് പറഞ്ഞു. ഒളിംപിക്‌സ് യോഗ്യത നേടിയതു സ്വന്തം പരിശ്രമത്തിലൂടെയാണ്. സര്‍ക്കാരിന്റെ പണം ധൂര്‍ത്തടിച്ചെന്നോ നശിപ്പിച്ചെന്നോ ആര്‍ക്കും പറയാനുള്ള അവകാശമില്ലെന്നും രഞ്ജിത് പറഞ്ഞിരുന്നു.